Kerala

ശബരിമല തീർഥാടനം അലങ്കോലമാക്കിയാൽ ബിജെപി പ്രതിഷേധത്തിനിറങ്ങുമെന്ന് സുരേന്ദ്രൻ

ശബരബരിമല തീർഥാടനം അലങ്കോലമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ഓൺലൈൻ ക്യൂ മാത്രം മതിയെന്ന സർക്കാർ നിലപാടിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഓൺലൈൻ വഴി മാത്രം ദർശനം പരിമിതപ്പെടുത്തുന്നത് അപ്രയോഗികവും അശാസ്ത്രീയവുമാണ്. ഭക്തരുടെ മൗലികമായ ആവശ്യം സർക്കാറും ബോർഡും പരിഗണിക്കുന്നില്ല.

മറ്റു സംസ്ഥാനങ്ങളിലെ ഭക്തർക്ക് പ്രയാസം സൃഷ്ടിക്കുന്നതാണ് സർക്കാരിന്റെ പുതിയ നയം. വെർച്വൽ ബുക്കിംഗ് ബിജെപി എതിർക്കുന്നില്ല. എന്നാൽ 10-20 ശതമാനം സ്പോട്ട് ബുക്കിംഗ് കൂടി വേണം. ഒരു ദിവസം 80,000 പേരെ മാത്രമേ ശബരിമലയിൽ പ്രവേശിപ്പിക്കാൻ കഴിയൂവെന്ന് ദേവസ്വം ബോർഡ് പറയുന്നത് അംഗീകരിക്കാനാവില്ല. അവലോകനയോഗത്തിൽ ഒരു തീരുമാനവുമുണ്ടായില്ല.

ശബരിമല തീർഥാടനത്തിലെ മുന്നൊരുക്കത്തിൽ സർക്കാരിനും ബോർഡിനും വലിയ വീഴ്ചയുണ്ട്. തീർഥാടനം ആരംഭിക്കാൻ ഇനി ഒരു മാസം കൂടിയേയുള്ളൂ. പ്രാഥമിക സൗകര്യങ്ങൾ ഒന്നും തന്നെ പമ്പയിലും സന്നിധാനത്തും ഇടത്താവളങ്ങളിലും ഒരുക്കാൻ സർക്കാർ തയ്യാറായിട്ടില്ല. സർക്കാർ അലംഭാവം തുടരുകയാണ്. കെഎസ്ആർടിസിക്ക് ഭക്തരെ ചൂഷണം ചെയ്യാനുള്ള കാര്യത്തിൽ മാത്രമാണ് തീരുമാനമായത്.

തിരുവിതാംകൂർ ദേവസ്വം ബോർഡ് തികഞ്ഞ പരാജയമാണ്. സ്പോട്ട് ബുക്കിംഗ് ഏർപ്പെടുത്താൻ സർക്കാർ തയ്യാറാവണം. ഒന്നാം പിണറായി സർക്കാരിന്റെ ശബരിമലയ്ക്കെതിരായ ഗൂഢാലോചന കേരളം കണ്ടതാണ്. ഇനിയും ഇതേ നയം തുടരുകയാണെങ്കിൽ ഹൈന്ദവ സംഘടനകൾ നടത്തുന്ന പ്രതിഷേധത്തിൽ ബിജെപിയും ഒപ്പം ചേരുമെന്നും സുരേന്ദ്രൻ പറഞ്ഞു.

 

Related Articles

Back to top button