
വിവാദങ്ങൾക്ക് പിന്നാലെ മാറ്റങ്ങൾ വരുത്തി മോഹൻലാൽ പൃഥ്വിരാജ് ചിത്രം എമ്പുരാൻ. സിനിമയിൽ ആകെ 24 വെട്ടുകൾ വരുത്തിയതായി റീ എഡിറ്റിംഗ് സെന്‍സര്‍ രേഖയെ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ട്. നേരത്തെ ചിത്രത്തിൽ പതിനേഴ് വെട്ടുകൾ വരുത്തുന്നു എന്നാണ് വാർത്തകൾ വന്നത്. എന്നാൽ ഇപ്പോൾ കൂടുതൽ ഭാഗങ്ങളിൽ മാറ്റം വരുത്തിയിരിക്കുകയാണ്.
നന്ദി കാർഡിൽ നിന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെയും ഒഴിവാക്കിയിട്ടുണ്ട്. സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങളും വെട്ടിമാറ്റി. പ്രധാന വില്ലന്റെ പേരായ ബജ്റംഗി മാറ്റി ബൽദേവ് എന്നാക്കി. കൂടാതെ എൻഐഎ എന്ന് പരാമർശിക്കുന്ന ഭാഗങ്ങളും മാറ്റിയിട്ടുണ്ട്. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനങ്ങൾ പോകുന്ന ഭാഗങ്ങളിലും മാറ്റം വരുത്തി.
അതേസമയം റീ എഡിറ്റിംഗ് എല്ലാവരുടെയും സമ്മതപ്രകാരമാണെന്നും ആരുടെയും സമ്മർദ്ദം കാരണമല്ലെന്നും ചിത്രത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. പുറത്ത് വരുന്ന കണക്കുകൾ പ്രകാരം മലയാളത്തിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ കളക്ഷന്‍ സ്വന്തമാക്കിയിരിക്കുകയാണ് എമ്പുരാന്‍. വെറും അഞ്ച് ദിവസങ്ങൾ കൊണ്ടാണ് എമ്പുരാന്റെ നേട്ടം. ടൊവിനോ തോമസ് നായകനായെത്തിയ 2018 എന്ന ചിത്രത്തെയാണ് എമ്പുരാൻ മറികടന്നത്. 2018 ന്‍റെ ലൈഫ് ടൈം ബോക്സ് ഓഫീസ് നേട്ടം 175.4 കോടി ആയിരുന്നു.