Kerala

വഖഫ് ബോര്‍ഡ് കിരാത സംവിധാനം; വര്‍ഗീയ വിഷം തുപ്പി സുരേഷ് ഗോപി

ഒരുബോര്‍ഡും ഇവിടെ തണ്ടെല്ലോടെ നില്‍ക്കില്ലെന്ന്

കല്‍പ്പറ്റ: തിരഞ്ഞെടുപ്പ് കാലത്ത് വര്‍ഗീയ പരാമര്‍ശം നടത്തി തീവ്രഹിന്ദുത്വ വോട്ടുകള്‍ ഉറപ്പിക്കലും സമൂഹത്തില്‍ ചേരിത്തിരിവ് സൃഷ്ടിക്കലും പതിവാക്കിയ ബി ജെ പി അജന്‍ഡ നടപ്പിലാക്കി നടനും എം പിയുമായ സുരേഷ് ഗോപിയും. ബി ജെ പി സംസ്ഥാന ഉപാധ്യക്ഷന്‍ ബി ഗോപാലകൃഷ്ണന്റെ വഖഫ് വിവാദ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ ഈ വിഷയത്തില്‍ വിവാദ പ്രസ്താവന ഇറക്കിയിരിക്കുകയാണ് സുരേഷ് ഗോപി. വയനാട്ടില്‍ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍വെച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വഖഫ് എന്നാല്‍ നാല് ഇംഗ്ലീഷ് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന ഒരു കിരാത സംവിധാനമാണ്. ആ കിരാത സംവിധാനത്തെ ഒതുക്കും. ബോര്‍ഡിന്റെ പേര് നേരിട്ട് പറയില്ല. തനിക്ക് ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഓഫീസില്‍ നിന്ന് ഒരു വീഡിയോ ലഭിച്ചിട്ടുണ്ട്. അത് താന്‍ ബി ജെ പിയുടെ സംസ്ഥാന അധ്യക്ഷനും മറ്റ് നേതാക്കള്‍ക്കും അയച്ചിട്ടുണ്ട്. അത് ഇന്ന് മുതല്‍ പ്രചരിപ്പിക്കണം. മുനമ്പത്തെ മാത്രമല്ല അങ്ങനെ ഒരു വിഭാഗത്തെ മാത്രമായി സംരക്ഷിക്കാനല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബി ജെ പി അധികാരത്തില്‍ ഇരിക്കുന്നത്. ഒരു ബോര്‍ഡും ഇവിടെ തണ്ടെല്ലോടെ നില്‍ക്കില്ല. ആ തണ്ടെല്ല് തങ്ങള്‍ ഊരിക്കുമെന്ന് വ്യക്തമായി പ്രഖ്യാപിച്ച് കഴിഞ്ഞതാണ്. മുനമ്പത്തെ സുഖിപ്പിച്ച് ഒന്നും നേടാനില്ല. മണിപ്പൂര്‍ എന്ന വിഷയം പൊക്കിക്കൊണ്ട് നടന്നവന്മാരൊന്നും ഇന്നില്ലെന്നും ആര്‍ക്കും ഇപ്പോള്‍ മണിപ്പൂര്‍ വേണ്ടെന്നും പറഞ്ഞ സുരേഷ് ഗോപി മുനമ്പം മണിപ്പൂരിന് സമാനമാണെന്നും വ്യക്തമാക്കി.

വഖഫ് വിഷയത്തില്‍ സമാനമായ വിവാദ പരാമര്‍ശവുമായി കഴിഞ്ഞ ദിവസം ഗോപാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. പ്രിയങ്കക്ക് വോട്ട് ചെയ്താല്‍ വേളാങ്കണ്ണിയുടെ ഭൂമി പോകുമെന്നും മുനമ്പത്ത് കുടിയൊഴിപ്പിക്കപ്പെടുമെന്നും ശബരിമല വഖഫ് ഭൂമിയാകുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

Related Articles

Back to top button