കൊടകര കുഴൽപ്പണക്കേസ്: തിരൂർ സതീഷിന്റെ മൊഴിയിൽ കഴമ്പുണ്ടെന്ന് തുടരന്വേഷണ റിപ്പോർട്ട്

കൊടകര കുഴൽപ്പണ കേസിൽ തിരൂർ സതീഷിന്റെ മൊഴിയിൽ കഴമ്പുണ്ടെന്ന് പോലീസ് കണ്ടെത്തൽ. കോടതിയിൽ സമർപ്പിച്ച തുടരന്വേഷണ റിപ്പോർട്ടിലാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രത്യേക അന്വേഷണസംഘമാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഏതാനും ആഴ്ചകൾക്ക് മുൻപാണ് പോലീസ് കേസിൽ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്.
കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച അന്ന് തന്നെ ഇഡിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും ആദായ നികുതിക്കും റിപ്പോർട്ട് ഉദ്ധരിച്ചുകൊണ്ട് കത്ത് അന്വേഷണ സംഘം നൽകിയിരുന്നു. കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്നും ബിജെപി നേതാക്കളായ ഹരി, കെകെ അനീഷ് കുമാർ എന്നിവരടങ്ങിയ മൂന്ന് പേർക്കെതിരെ കള്ളപ്പണ ഇടപാട് സംബന്ധിക്കുന്ന വിരങ്ങളാണ് തിരൂർ സതീഷ് പങ്കുവെച്ചിരിക്കുന്നത്. ഇത് ഗൗരവകരമായി അന്വേഷിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
ഈ കത്ത് പരിഗണിക്കാതെയാണ് ഇഡി കുറ്റപത്രം സമർപ്പിച്ചത്. പ്രത്യേക അന്വേഷണ സംഘത്തിന് ഇത് അന്വേഷിക്കുന്നതിന് പരിധിയുണ്ട്. അതിനാൽ ഒരു സ്വകാര്യ അന്യായം ഫയൽ ചെയ്യുന്നതിനു വേണ്ടി തിരൂർ സതീഷിനോട് അന്വേഷണ സംഘം നിർദേശിച്ചിട്ടുണ്ട്. തുടർന്ന് തിരൂർ സതീഷ് സ്വകാര്യ അന്യായം ഫയൽ ചെയ്തിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പണം എത്തിച്ചത് ബിജെപിക്ക് അല്ലെന്ന് ഇഡിയുടെ കുറ്റപത്രത്തിൽ പറയുന്നു.