കളമശ്ശേരി പോളി ഹോസ്റ്റലിൽ കഞ്ചാവ് എത്തിക്കുന്നത് ഇതര സംസ്ഥാനക്കാരുടെ റാക്കറ്റ്

കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ കഞ്ചാവ് എത്തിക്കുന്നതിന് പിന്നിൽ ഇതരസംസ്ഥാനക്കാരുടെ റാക്കറ്റെന്ന് വിവരം. കഴിഞ്ഞ ദിവസം അറസ്റ്റിലായ രണ്ട് പേരും ഈ റാക്കറ്റിലെ മുഖ്യ കണ്ണികളാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനക്കാരായ അഹിന്ത മണ്ഡൽ, സുഹൈൽ എന്നിവരെയാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. ബംഗാൾ സ്വദേശികളാണ് ഇരുവരും.
രാത്രി 10 മണിയോടെ ആലുവയിൽ നിന്നും കസ്റ്റഡിയിലെടുത്ത ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ലഹരിക്കടത്തിൽ കണ്ണിയായ മറ്റൊരാളെ കൂടി പോലീസ് തിരിച്ചറിയുകയും പിടികൂടുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. ദീപു എന്നയാളെയാണ് നെടുമ്പാശ്ശേരി പോലീസ് പിടികൂടിയത്. ഇയാളിൽ നിന്നും ഒന്നരക്കിലോ കഞ്ചാവും പിടികൂടി
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കുറഞ്ഞ വിലക്ക് കഞ്ചാവ് വാങ്ങി ട്രെയിൻ മാർഗം കൊച്ചിയിലേക്ക് എത്തിക്കുകയും മൂന്നിരട്ടി വിലയ്ക്ക് വിൽക്കുകയുമാണ് ചെയ്യുന്നത്. ഏജന്റുമാരെ ഉപയോഗിച്ചാണ് വിൽപ്പന. ഒരാൾക്ക് ആയിരം രൂപ കമ്മീഷൻ ലഭിക്കുമെന്നും പോലീസ് പറയുന്നു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിദ്യാർഥി ഷാരിഖ് ഈ മാസം മാത്രം 60,000 രൂപയാണ് വിദ്യാർഥികളിൽ നിന്നും ശേഖരിച്ച് ഇതര സംസ്ഥാന തൊഴിലാളികൾക്ക് കൈമാറിയത്.