യൂത്ത് കോൺഗ്രസ് പരിപാടിയിൽ നിന്ന് വിട്ടുനിന്നത് ശരിയായില്ലെന്ന് ഡിസിസി പ്രസിഡന്റ്; മറുപടിയുമായി ചാണ്ടി ഉമ്മൻ

കോഴിക്കോട് കോർപറേഷന് എതിരായ യൂത്ത് കോൺഗ്രസ് സമര പരിപാടിയിൽ നിന്ന് ചാണ്ടി ഉമ്മൻ എംഎൽഎ വിട്ടുനിന്നതായി ആരോപണം. ഉദ്ഘാടകനായി നിശ്ചയിച്ച ചാണ്ടി ഉമ്മൻ പരിപാടിക്ക് എത്തിയില്ല. ചാണ്ടി ഉമ്മൻ പങ്കെടുക്കാതിരുന്നത് ശരിയായില്ലെന്ന് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ പ്രതികരിച്ചു. ഗ്രൂപ്പ് താത്പര്യത്തിന്റെ പേരിൽ ചാണ്ടി ഉമ്മനെ പരിപാടിയിൽ പങ്കെടുപ്പിക്കാതിരിക്കാൻ ചില നേതാക്കൾ ശ്രമിച്ചതായും ആരോപണമുണ്ട്
പരിപാടിയിൽ പങ്കെടുക്കാൻ ചാണ്ടി ഉമ്മനോട് ആവശ്യപ്പെട്ടത് ഡിസിസിയാണ്. ചാണ്ടി ഉമ്മൻ വിട്ടുനിന്നതിനെതിരെ യൂത്ത് കോൺഗ്രസ് ഡിസിസിക്ക് പരാതി നൽകി. എംകെ രാഘവനെ അനുകൂലിക്കുന്ന എ ഗ്രൂപ്പ് നേതാക്കളാണ് ഡിസിസി ഓഫീസിൽ പരാതി നൽകാനെത്തിയത്. അതേസമയം ടി സിദ്ധിഖ് അനുകൂലികളാണ് ചാണ്ടി ഉമ്മനെ പിന്തിരിപ്പിച്ചതെന്നാണ് ആരോപണം
എന്നാൽ നിമിഷപ്രിയ കേസിന്റെ ചർച്ചക്കായി ദുബൈയിൽ പോയി പുലർച്ചെ മൂന്നരയോടെയാണ് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ഹോട്ടലിൽ രാവിലെ അഞ്ച് മണിയോടെയാണ് എത്തിയത്. യൂത്ത് കോൺഗ്രസിന്റെ പരിപാടി ഏറ്റിരുന്നില്ല. സാഹചര്യമുണ്ടായാൽ മാത്രം പങ്കെടുക്കുമെന്നാണ് പറഞ്ഞത്. വിവാദം അനാവശ്യമാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു