നാട്ടുകാരെ വീട്ടുതടങ്കലിലാക്കി; 180 വര്‍ഷം പഴക്കമുള്ള പള്ളി പൊളിച്ചു
സംഭവം ഉത്തര്‍പ്രദേശിലെ ഫത്തേപൂരില്‍

നാട്ടുകാരെ തടവിലാക്കി രണ്ട് നൂറ്റാണ്ടോളം പഴക്കമുള്ള മസ്ജിദിന്റെ ഒരുഭാഗം പൊളിച്ച് നീക്കി ജില്ലാ അധികൃതര്‍. റോഡ് കൈയ്യേറിയെന്ന വിചിത്രമായ ആരോപണം ഉന്നയിച്ചാണ് ആസൂത്രിതമായ പൊളിച്ചുനീക്കല്‍ നടന്നത്.
ഉത്തര്‍ പ്രദേശിലെ ഫത്തേപൂരിലാണ് സംഭവം. ലലൗലി ടൗണിലെ സാദര്‍ ബസാറിലുള്ള നൂരി ജുമാ മസ്ജിദാണ് അധികൃതര്‍ തകര്‍ത്തത്. ഇന്ന് രാവിലെ ബുള്‍ഡോസര്‍ ഉപയോഗിച്ച് അധികൃതര്‍ പള്ളിയുടെ ഒരു ഭാഗം തകര്‍ക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ വ്യക്തമാക്കി
കയ്യേറ്റം ആരോപിച്ചുള്ള ജില്ലാ ഭരണകൂടത്തിന്റെ നോട്ടീസിനെതിരെ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹരജി അലഹബാദ് ഹൈക്കോടതി 13ന് പരിഗണിക്കാനിരിക്കെയാണ് ജില്ലാ ഭരണകൂടം തിരക്കിട്ട് പ്രധാനഭാഗങ്ങള്‍ പൊളിച്ചത്.എഡിഎം അവിനാഷ് ത്രിപാഠി, എഎസ്പി വിജയ് ശങ്കര്‍ മിശ്ര എന്നിവരുടെ സാന്നിധ്യത്തില്‍ വന്‍ സായുധ പൊലീസ് സംഘത്തെ പ്രദേശത്ത് വിന്യസിച്ചാണ് പള്ളിയുടെ ഭാഗങ്ങള്‍ പൊളിച്ചത്. പ്രദേശവാസികളായ 25,000 പേര്‍ വീട്ടുതടങ്കലിലാണ് എന്നാണ് നാട്ടുകാര്‍ പറയുന്നത്.