തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ചു? ചോദ്യം ചെയ്യാൻ എൻഐഎ, കനത്ത സുരക്ഷയിൽ ഡൽഹി

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ചതായി റിപ്പോർട്ട്. റാണയുമായുള്ള പ്രത്യേക വിമാനം ഡൽഹിയിൽ ഇറങ്ങിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വൈകാതെ ഇയാളെ എൻഐഎ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുമെന്നാണ് വിവരം.
രണ്ട് ഐജി, ഡിഐജി, എസ്പി എന്നിവരുൾപ്പെടുന്ന പത്രണ്ട് അംഗ സംഘമാണ് ചോദ്യം ചെയ്യുക. അതീവ സുരക്ഷാ ക്രമീകരണങ്ങളോടെ തിഹാർ ജയിലായിരിക്കും തഹാവൂർ റാണയെ പാർപ്പിക്കുക. റാണയെ ഇന്ത്യയിൽ എത്തിക്കുന്നതിന്റെ ഭാഗമായി ഡൽഹിയിലും മുംബൈയിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്
മുംബൈ ക്രൈം ബ്രാഞ്ചും റാണയെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കുന്നുണ്ട്. മുംബൈയിൽ എത്തിക്കുകയാണെങ്കിൽ മുംബൈ ഭീകരാക്രമണത്തിലെ മറ്റൊരു പ്രതി അജ്മൽ കസബിനെ പാർപ്പിച്ചിരിക്കുന്ന ആർതർ റോഡിലെ സെൻട്രൽ ജയിലിലായിരിക്കും റാണയെയും എത്തിക്കുക.
കേസിൽ മുംബൈ പൊലീസിന്റെ അന്വേഷണത്തിൽ റാണയെ പ്രതിയായി ഉൾപ്പെടുത്തിയിരുന്നില്ല. എൻഐഎ ചോദ്യം ചെയ്യലിലാണ് മുംബൈ ഭീകരാക്രമണത്തിൽ റാണയുടെ പങ്ക് വ്യക്തമായത്. അതേസമയം തഹാവൂർ റാണയുമായുള്ള വിമാനം വൈകിട്ട് ആറ് മണിക്ക് ശേഷമേ എത്തുകയുള്ളൂവെന്നും ഇപ്പോൾ വ്യോമസേമ താവളത്തിൽ ഇറങ്ങിയത് മറ്റൊരു വിമാനമാണെന്നും റിപ്പോർട്ടുകളുണ്ട്