Kerala

പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ അന്തരിച്ചു

പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ അന്തരിച്ചു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയില്‍ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ശാസ്തമംഗലത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. 72 വയസായിരുന്നു.

മുതിര്‍ന്ന സിപിഐ നേതാവായ വാഴൂര്‍ സോമന്‍ 2021ല്‍ കോണ്‍ഗ്രസിന്റെ സിറിയക് തോമസിനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തുന്നത്. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായിരുന്നു. പീരുമേട്ടിലെ കര്‍ഷക പ്രശ്‌നങ്ങള്‍, തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍, ഭൂപ്രശ്‌നങ്ങള്‍ എന്നിവ വിശദമായി പഠിക്കുകയും സഭയ്ക്ക് അകത്തും പുറത്തും സജീവ ഇടപെടലുകള്‍ നടത്തുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയും സിപിഐയിലേയും സിപിഐഎമ്മിലേയും മുതിര്‍ന്ന നേതാക്കളും അല്‍പ സമയത്തിനുള്ളില്‍ ആശുപത്രിയിലെത്തും.

 

ഇ എസ് ബിജിമോളുടെ പിന്‍ഗാമിയായാണ് വാഴൂര്‍ സോമന്‍ പീരുമേട് എംഎല്‍എയാകുന്നത്. സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിശ്വസ്തനായാണ് വാഴൂര്‍ സോമന്‍ അറിയപ്പെട്ടിരുന്നത്. കന്നിമത്സരത്തില്‍ തന്നെ വാഴൂര്‍ സോമന് അസംബ്ലിയിലെത്താനായി. സ്വന്തമായി ജീപ്പ് ഓടിച്ച് വാഴൂര്‍ സോമന്‍ സഭയിലെത്തിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമാണ്. ദീര്‍ഘകാലമായി സിപിഐ ഇടുക്കി ജില്ലയിലെ പ്രവര്‍ത്തനങ്ങളുടെ നേതൃനിരയിലുണ്ടായിരുന്നു.

Related Articles

Back to top button
error: Content is protected !!