തണൽ തേടി: ഭാഗം 63

എഴുത്തുകാരി: റിൻസി പ്രിൻസ്
ചിരിയോടെ അവരത് പറഞ്ഞപ്പോഴാണ് അവൾക്ക് ആശ്വാസം തോന്നിയത്.
ഇതുവരെ താനെന്തോ തെറ്റ് ചെയ്തത് പോലെയായിരുന്നു മനസ്സും മൂടികെട്ടി നിൽക്കുകയായിരുന്നു.. അകത്തേക്ക് കയറുമ്പോൾ ആകപ്പാടെ ഒരു ആശ്വാസം തോന്നി മനസ്സിന്
ചായയുമായി മുറിയിലേക്ക് കയറിയപ്പോൾ കണ്ണിനു മുകളിൽ കൈ വെച്ച് കിടക്കുകയാണ് സെബാസ്റ്റ്യൻ. അവൻ ക്ഷീണിതനാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ അവൾക്ക് മനസ്സിലായി.
ഒരുവേള അവനെ ഉണർത്തണോ എന്ന് പോലും അവൾക്കൊരു സംശയം തോന്നിയിരുന്നു. താൻ മുറിയിലേക്ക് കയറി വന്നത് അറിഞ്ഞായിരിക്കാം അവൻ പെട്ടെന്ന് കണ്ണിനു മുകളിൽ നിന്നും കൈമാറ്റിയിരുന്നു..
ശേഷം നോക്കി ഒന്ന് ചിരിച്ച് എഴുന്നേറ്റിരുന്നു. അവൾ ചിരിയോടെ ചായ അവന്റെ കൈയിലേക്ക് വെച്ചുകൊടുത്തു.
താൻ കുടിച്ചിരുന്നോ.? അത് വാങ്ങുമ്പോൾ അവളോട് അവൻ ചോദിച്ചു.
എനിക്ക് വേണ്ടായിരുന്നു, അവൾ പറഞ്ഞപ്പോൾ അവൻ ചിരിയോട് ചായ ഒന്ന് മൊത്തി.
മുഖത്തെ വിഷമമൊക്കെ പെട്ടെന്ന് മാറിയല്ലോ, പെട്ടെന്ന് അവളുടെ മുഖം അവൻ തിരിച്ചറിഞ്ഞപ്പോൾ അവൾക്ക് അത്ഭുതം തോന്നിയിരുന്നു.
കുറച്ചു മുൻപ് തന്റെ മുഖം മൂടിക്കെട്ടി ഇരിക്കുകയായിരുന്നു എന്ന് അവനു മനസ്സിലായിട്ടുണ്ടായിരുന്നു.
അത് ഞാനിപ്പോ അമ്മയോടെ സംസാരിച്ചു. അതുകൊണ്ടാ. മറച്ചുവെക്കാതെ അവൾ പറഞ്ഞു.
തനിക്ക് സന്തോഷം ഉണ്ടാക്കുന്ന എന്ത് കാര്യം ആണ് അമ്മച്ചി പറഞ്ഞത്. സംശയം തീരാതെ അവൻ ചോദിച്ചു.
അടുക്കളയിൽ ഉണ്ടായ സംസാരത്തെക്കുറിച്ച് അവൾ അവനോട് വിശദീകരിച്ചു. എല്ലാം കേട്ട് അവൻ അവളെ ചിരിയോടെ ഒന്ന് നോക്കി.
ഇതായിരുന്നോ വിഷമത്തിന്റെ കാരണം അല്ലേ.?
ഞാൻ പറഞ്ഞില്ലേ അതൊന്നും കാര്യമാക്കേണ്ട.
എങ്കിലും അങ്ങനെയല്ലല്ലോ നമ്മളെല്ലാവരും പറയുന്നത് പോലെ സ്നേഹിച്ച് ഇറങ്ങിവന്ന് കല്യാണം കഴിക്കായിരുന്നെങ്കിൽ അങ്ങനെ പറഞ്ഞാലും ഞാൻ അത് കാര്യമാക്കില്ലായിരുന്നു. ഇതിപ്പോ…
അവൾ ഒന്നു നിർത്തി.
അപ്പോൾ നമ്മൾ സ്നേഹിച്ച് കല്യാണം കഴിച്ചതല്ല അല്ലേ? അവന്റെ മുഖം വാടിയത് പോലെ അവൾക്ക് തോന്നി.
അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് ഒരു നിമിഷം അവൾ ഓർത്തു.
അങ്ങനെയല്ല കല്യാണം കഴിക്കാൻ ഉണ്ടായ സാഹചര്യത്തെക്കുറിച്ച് ഞാൻ പറഞ്ഞത്. സ്നേഹിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് അറിയാലോ.
അവന്റെ മുഖത്തേക്ക് നോക്കിയാണ് അവൾ മറുപടി പറഞ്ഞത്. പെട്ടെന്ന് അവന്റെ നിരാശ ബാധിച്ച മുഖം മാറുന്നതും അവിടെ ഒരു കള്ളച്ചിരി വിരിയുന്നതും അവൾ കണ്ടിരുന്നു..
ഭയങ്കര തലവേദന ഗുളിക കഴിച്ചിട്ട് പോലും മാറിയില്ല. കുറച്ചു ദിവസമായിട്ട് ഉറക്കവും ഇല്ലല്ലോ.
അവൻ ഗ്ലാസ് അവളുടെ കയ്യിലേക്ക് കൊടുത്തുകൊണ്ട് പറഞ്ഞു.
ഞാൻ….. അവൾ മടിച്ചു എന്തോ പറയാൻ വന്നു. അവൻ പെട്ടെന്ന് അവളെ കേൾക്കാനായി ആ മുഖത്തേക്ക് നോക്കി. എന്ത് എന്ന അർത്ഥത്തിൽ പുരികം പൊക്കി ചോദിച്ചു
ഞാൻ ബാമിട്ട് തരട്ടെ…? ഒരു ചമ്മലോടേയാണ് അവൾ ചോദിച്ചത്.
ഒന്ന് ചിരിച്ച് ചുണ്ടുകൾ ഉള്ളിലേക്ക് കടിച്ചു ചിരിച്ചു അവൻ തലയാട്ടി.
നേരത്തെ കിടന്നോണ്ടിരുന്ന മുറിയിലെ വിക്സ് ഇരിപ്പുണ്ടാവും.
അവൻ പറഞ്ഞപ്പോൾ അവൾ പെട്ടെന്ന് പുറത്തേക്ക് ഇറങ്ങി. ഗ്ലാസ് അടുക്കളയിലേക്ക് കൊണ്ടു വയ്ക്കാൻ വരുമ്പോൾ അടുക്കളയിൽ ആരും ഉണ്ടായിരുന്നില്ല. ഒരു പാത്രവുമായി സാലി അപ്പുറത്തെ വീട്ടിലേക്ക് പോകുന്നത് കണ്ടിരുന്നു.
എല്ലാവരും അവരവരുടെ മുറികളിൽ ഒക്കെ കയറി ക്ഷീണം പിടിച്ചു തുടങ്ങി. സെബാസ്റ്റ്യന്റെ മുറിയിലേക്ക് ചെന്നപ്പോൾ അവിടെ വല്ല്യമ്മച്ചിയേയും ആനിയും കൂടി കിടക്കുകയാണ്. പെട്ടെന്ന് അവളെ കണ്ടപ്പോഴേക്കും ആനി അവളെ നോക്കി ഒന്ന് ചിരിച്ചു.
എന്താ കൊച്ചേ
ഇച്ചായന് തലവേദന ഇവിടെ വിക്സ് ഉണ്ടെന്ന് പറഞ്ഞു അതെടുക്കാൻ വേണ്ടി വന്നതാ.
ആനി പെട്ടെന്ന് തന്നെ ജനലിന്റെ അരികിൽ നിന്നും കൈ എത്തിച്ച് വിക്സ് എടുത്ത് അവളുടെ കയ്യിലേക്ക് കൊടുത്തു.
ആ ചെറുക്കൻ അല്ലെങ്കിലും ഉറങ്ങിയില്ലെങ്കിൽ അപ്പൊ തലവേദന എടുക്കും.
ആനി പറഞ്ഞു. അവൾ രണ്ടുപേരെയും നോക്കി ഒന്ന് ചിരിച്ചതിനു ശേഷം വിക്‌സുമായി നേരെ മുറിയിലേക്ക് ചെന്നു
അവൻ മുമ്പത്തെ പോലെ തന്നെ നെറ്റിയിൽ കൈയും വച്ച് കിടക്കുകയാണ്. എങ്ങനെ വിളിക്കും എന്ന് അറിയാതെ കട്ടിലിലേക്ക് ഇരുന്നപ്പോൾ തന്നെ ആള് കൈമാറ്റി മുഖത്തേക്ക് നോക്കി. അവന്റെ മുഖത്തേക്ക് നോക്കി അവൾ പറഞ്ഞു.
വിക്സ്
ഇട്ടു തരാം എന്ന് പറഞ്ഞിട്ട്…
ഒരു കുസൃതിയോടെ അവൻ ചോദിച്ചപ്പോൾ. അവളുടെ ചൊടിയിലും ഒരു പുഞ്ചിരി വിടർന്നിരുന്നു.
അവൾ പെട്ടെന്ന് വിക്സ് തുറന്ന് അതിൽ നിന്നും കുറച്ച് തോണ്ടി അവന്റെ നെറ്റിയിലേക്ക് തേച്ചു. ശേഷം വിരൽ കൊണ്ട് രണ്ടു നെറ്റിയുടെ വശത്തേക്കും തേച്ചു. അവൻ കണ്ണുകൾ അടച്ചു കിടന്നു.
മതിയോ…?
അവൾ ചോദിച്ചു
പോര…..!
അവൻ ചിരിയോടെ പറഞ്ഞപ്പോൾ അവൾക്കും ചിരി വന്നു പോയിരുന്നു.
മതി..!
അവൻ കുറച്ചു സമയം കഴിഞ്ഞപ്പോൾ ചിരിയോടെ പറഞ്ഞപ്പോൾ അവൾ ഒന്നുകൂടി നെറ്റിയിൽ ഒന്ന് അമർത്തി തൂത്ത് അവിടെ നിന്നും കൈയെടുത്തിരുന്നു.
തനിക്കും ക്ഷീണമില്ലേ.? കുറച്ചു നേരം കിടക്കായിരുന്നില്ലേ.?
അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചു.
എനിക്കങ്ങനെ വലിയ ക്ഷീണം ഒന്നുമില്ല. അവൻ അപ്പോഴേക്കും കട്ടിൽ നിന്നും എഴുന്നേറ്റിരുന്നു.
തലവേദന മാറിയോ.? അവൻ എഴുന്നേറ്റപ്പോൾ അവൾ ചോദിച്ചു
ശേഷം അവൻ കഴുത്തിൽ കിടന്ന മാലയും കയ്യിൽ കിടന്ന ചെയിനുമൊക്കെ ഊരുന്നുണ്ടായിരുന്നു.
എന്തിനാ അതൊക്കെ ഊരുന്നേ..? അവൾ അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.
എനിക്ക് ഇതൊന്നും ഇട്ട് ശീലമില്ല. ഇഷ്ടമില്ല. സ്വർണ്ണം ഇട്ട് നടക്കുന്നത് എനിക്കിഷ്ടമല്ല. ഏതായാലും കല്യാണത്തിന്റെ വക വന്ന കടം തീർക്കാൻ ഉള്ളത് കിട്ടിയിട്ടുണ്ട്.
അവൻ കയ്യിൽ സ്വർണ്ണം എല്ലാം തൂക്കി പറഞ്ഞപ്പോൾ അവൾ അവനെ കൂർപ്പിച്ച് ഒന്ന് നോക്കി.
വിൽക്കാൻ പോവാണോ..?
പിന്നല്ലാതെ ചുറ്റോട് ചുറ്റും കടമാണ്. ഈ കല്യാണം ഒക്കെ നടത്താൻ ഞാൻ എത്ര പേരോട് എത്ര രൂപ വാങ്ങിയിട്ടുണ്ടെന്ന് അറിയാമോ? വണ്ടിയിൽ പോയാൽ എനിക്ക് കിട്ടുന്നത് 1500 രൂപയാണ്. അതിൽ കടം തീർക്കാൻ പോകുന്നോ അതോ വീട്ടിലെ കാര്യങ്ങൾ നടത്താൻ പോകുന്നോ.? കടമില്ലെങ്കിൽ നമുക്ക് പകുതി മനസമാധാനം ഉണ്ട്. നാളെ തന്നെ കുറച്ച് അധികം കടം തീർക്കാമല്ലോ.
അത് കയ്യിൽ പിടിച്ചു കൊണ്ട് ആൾ പറയുന്നുണ്ട്.
എങ്കിലേ ആ മാല വിൽക്കണ്ട
അവൾ പറഞ്ഞു
തനിക്ക് വേണോ? അവനവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.
എനിക്ക് വേണ്ട അമ്മച്ചിക്ക് കൊടുക്കാലോ.
തന്റെ മനസ്സിനകത്ത് നിന്ന് ആ കരട് ഇതുവരെ പോയിട്ടില്ല അല്ലേ.?
അവൻ ചിരിച്ചുകൊണ്ട് ചോദിച്ചു.
അതുകൊണ്ടല്ല അമ്മച്ചിയുടെ കഴുത്തിൽ കിടക്കുന്ന മാല വെളുത്തു തുടങ്ങിയിട്ടുണ്ട്. മോന്റെ കല്യാണം നല്ല രീതിയിൽ
നടക്കായിരുന്നെങ്കിൽ അമ്മച്ചിക്ക് എന്താണെങ്കിലും എന്തെങ്കിലും ഒരു സ്വർണം കിട്ടിയേനെ. ഇത് അമ്മച്ചിക്ക് കൊടുക്ക്…
ശരി ആയിക്കോട്ടെ എന്റെ ഭാര്യ പറഞ്ഞിട്ട് ഞാൻ ഇനി കേട്ടില്ല എന്ന് വേണ്ട..
ചിരിയോടെ അവൻ പറഞ്ഞപ്പോൾ അവളും മനസ്സുനിറഞ്ഞൊന്ന് ചിരിച്ചിരുന്നു. അതോടൊപ്പം അവൻ “ഭാര്യ” എന്ന് സംബോധന ചെയ്തപ്പോൾ അവളുടെ മനസ്സും നിറഞ്ഞിരുന്നു…..തുടരും
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…