തണൽ തേടി: ഭാഗം 67 || അവസാനിച്ചു

എഴുത്തുകാരി: റിൻസി പ്രിൻസ്
ബനിയൻ ഊരി ഹാങ്ങറിലേക്ക് ഇട്ടതിനു ശേഷം ആളും അടുത്തു വന്നിരുന്നു. പെട്ടെന്ന് ലക്സ് സോപ്പിന്റെയും കുട്ടികുറ പൗഡറിന്റെയും സമിശ്രമായ മണം.. അവന്റെ ശരീരത്തിൽ നിന്നാണ്, ഹൃദയമിടിപ്പ് കൂടുന്നത് അവൾ അറിഞ്ഞു
കിടന്നാലോ.?
അവൻ ചോദിച്ചപ്പോൾ അവൾ പെട്ടെന്ന് അനുസരണയോടെ തലയാട്ടിയിരുന്നു…
അവൻ ചോദിക്കാൻ കാത്തു നിന്നതുപോലെ അവൾ പെട്ടെന്ന് കട്ടിലേക്ക് കയറി ഭിത്തിയുടെ അരികിലേക്ക് നീങ്ങിക്കിടന്നു.
അരികിലാസാന്നിധ്യമറിഞ്ഞതും അവൾ പെട്ടെന്ന് കണ്ണുകൾ അടച്ചു കിടന്നു.
കുറച്ച് സമയങ്ങൾക്ക് ശേഷം അവനിൽ നിന്നും നേർത്ത നിശ്വാസങ്ങൾ കേട്ടു…
അവൻ ഉറക്കമായി എന്ന് അവൾക്ക് മനസ്സിലായി.,
തന്റെ മാറിൽ ചേർന്ന് കിടക്കുന്ന മിന്നിലേക്ക് അവൾ നോട്ടം എത്തിച്ചു. ജനലിലൂടെ മുറിയിലേക്ക് അരിച്ചിറങ്ങുന്ന നിലാവട്ടത്തിൽ അവന്റെ മുഖം തെളിഞ്ഞു കാണാം…
ഒരു കൊച്ചു കുഞ്ഞിനെ പോലെയാണ് കിടപ്പ്. വല്ലാത്ത വാത്സല്യം തോന്നും.
നന്നേ ക്ഷീണവാനാണെന്ന് അവനിൽ നിന്നും ഉയരുന്ന നിശ്വാസങ്ങൾ അവൾക്ക് കാണിച്ചുകൊടുത്തു..
അവനിലേക്കും മിന്നിലേക്കും ഒരു നിമിഷം അവളുടെ കണ്ണുകൾ പതിഞ്ഞു. അതോടൊപ്പം ഒരു കുഞ്ഞു ചിരിയും മുഖത്ത് സ്ഥാനം പിടിച്ചു കഴിഞ്ഞു… തന്റെ ഭർത്താവ്, നല്ലപാതി!
അമ്മയേയും അച്ഛനെയും ഓർമ്മ വന്നപ്പോൾ തൊണ്ടകുഴിയിൽ ഒരു ഗദ്ഗദം വന്നു എത്തിനോക്കി പോയി…എന്തൊക്കെയോ ആലോചിച്ച് അവളും പതിയെ ഉറങ്ങി തുടങ്ങിയിരുന്നു
കാലത്ത് ജനലിൽ നിന്നും അകത്തേക്ക് ഇരച്ചുകയറിയ കുളിർകാറ്റ് ആണ് നേരം വെളുത്തു എന്ന ഓർമ്മിപ്പിച്ചത്. കണ്ണു തുറന്നപ്പോൾ ചെറുതായി വെട്ടം വീണിട്ടുണ്ട്…
അവൾ പെട്ടെന്ന് ഭിത്തിയിൽ ഉള്ള ക്ലോക്കിലേക്ക് നോക്കി….സമയം 5:45 ആയിട്ടുണ്ട്.
അവൻ നല്ല ഉറക്കമാണ്. രാത്രിയിൽ കിടന്ന കിടപ്പിൽ നിന്നും ഒന്ന് തിരിഞ്ഞു പോലും കിടന്നിട്ടില്ല. അത്രത്തോളം ക്ഷീണം അവനെ അലട്ടിയിട്ടുണ്ട് എന്ന് അവൾക്ക് തോന്നി. അതോ താൻ അരികിൽ കിടക്കുന്നു എന്ന് ബോധ്യമാണോ.?
അവനെ ഒന്ന് നോക്കി ഉണർത്താതെ അവൾ നേരെ ഡോർ തുറന്ന് അതിൽ നിന്നും തന്റെ ഒരു ചുരിദാറും എടുത്തു കൊണ്ട് ബാത്റൂമിൽ ഉള്ളിലേക്ക് കയറിയിരുന്നു…
കുളി കഴിഞ്ഞ് തിരികെ ഇറങ്ങിയപ്പോൾ സെബാസ്റ്റ്യൻ കമിഴ്ന്നു കിടന്ന് ഉറങ്ങുകയാണ്
അപ്പോൾ താൻ അടുത്ത് കിടന്നത് കൊണ്ടാവും ഇത്രയും നേരം ഒരേ കിടപ്പ് കിടന്നതെന്ന് അവൾ ഓർത്തു..
ഒന്നു നോക്കിയതിനു ശേഷം അവൾ പെട്ടെന്ന് തലയിൽ തോർത്ത് കെട്ടി മുറിക്ക് പുറത്തേക്ക് ഇറങ്ങിയിരുന്നു.
അടുക്കളയിൽ ചെന്നപ്പോൾ സാലി കട്ടൻ ചായ വയ്ക്കുകയാണ്. ആനിയേ അടുക്കളയിൽ കണ്ടില്ല. സാധാരണ രാവിലെ കാണുന്നതാണ്..
സാലിയുടെ അടുത്തായി വല്യമ്മച്ചിയും സ്ഥാനം പിടിച്ചിട്ടുണ്ട്.
ആഹാ നീ ഉണർന്ന് കുളിയൊക്കെ കഴിഞ്ഞൊ അവളെ ഒന്നു നോക്കിക്കൊണ്ട് സാലി ചോദിച്ചു… അവൻ എന്തിയേ?
എഴുന്നേറ്റില്ല നല്ല ഉറക്കം,
ആഹ് നീയെന്നാൽ കട്ടൻ ചായ എടുത്തു കുടിക്ക്.
സാലി പറഞ്ഞപ്പോൾ അവൾ ഒരു ഗ്ലാസിൽ നിന്നും കട്ടൻ ചായ പകർന്ന് എടുത്തു..
വല്യമ്മച്ചി അടുപ്പിന്റെ മൂട്ടിൽ ഇരുന്ന് തീ കായുകയാണ്. അടുപ്പിൽ വച്ച വെള്ളത്തിലേക്ക് കൈകൾ നീട്ടി അത് മുഖത്തൊക്കെ വയ്ക്കുന്നുണ്ട് ആൾക്ക് നന്നായി തണുക്കുന്നു എന്ന് അവൾക്ക് തോന്നി.
ഇതെന്തോ കാപ്പിയാടി കടുപ്പവും ഇല്ല മധുരവും ഇല്ല. ഇത്രയും കാലമായിട്ട് നല്ലൊരു കാപ്പി ഇടാൻ പോലും നീ പഠിച്ചില്ലേ.?
എന്നെക്കൊണ്ട് ഇതൊക്കെ പറ്റത്തുള്ളൂ വേണമെങ്കിൽ കുടിക്ക്, ദേഷ്യത്തോടെ അമ്മായിയമ്മയോട് അത്രയും പറഞ്ഞു സാലി പുറത്തേക്ക് പോയത് കണ്ടപ്പോൾ ലക്ഷ്മിക്ക് ചിരി വന്നു പോയിരുന്നു.
വല്ല്യമ്മച്ചി വന്നപ്പോൾ മുതൽ കാണുന്നതാണ് രണ്ടുപേരും ഒന്നും രണ്ടും പറഞ്ഞ് വഴക്കുണ്ടാക്കുന്നത്. പക്ഷേ എന്തെങ്കിലും കാര്യം വന്നാൽ രണ്ടുപേരും ഒറ്റക്കെട്ടാണ്. ആന്റണിയെ സാലി വഴക്ക് പറയുന്നതിനൊന്നും അമ്മച്ചി തടസ്സം പറയാറില്ല. സ്വന്തം മകനായിട്ട് പോലും അമ്മച്ചി ഇപ്പോഴും മരുമകൾക്കൊപ്പം ആണെന്ന് തോന്നിയിട്ടുണ്ട്. അതേപോലെ തിരിച്ചും. എന്തുണ്ടാക്കിയാലും അമ്മച്ചിക്ക് ആണ് ആദ്യം കൊടുക്കുക.
കൊച്ചേ ഈ കാപ്പി ഒന്നുകൂടെ ചൂടാക്കെന്നേ. അവളുടെ കയ്യിലേക്ക് കാപ്പി കൊടുത്തുകൊണ്ട് കുഞ്ഞന്നാമ്മ പറഞ്ഞു.
അവൾ സന്തോഷപൂർവ്വം അത് വാങ്ങിച്ച് സോസ്പാനിൽ വെച്ച് ചൂടാക്കി. ശേഷം അവരുടെ കൈകളിലേക്ക് കൊടുത്തു..
ഇനി നീ ഒരിത്തിരി ചായ എടുത്തു കൊണ്ട് അവന് കൊണ്ട് കൊടുക്കാൻ നോക്കിക്കേ..
വല്ല്യമ്മച്ചി പറഞ്ഞു
ഇച്ചായൻ ഉറക്കം ആണ് അമ്മച്ചി. അവൾ പറഞ്ഞു
നല്ല പെൺപിള്ളേർ ഭർത്താവിനു കൊടുത്തിട്ട് വേണം വല്ലോം കുടിക്കാനും കഴിക്കാനും.. നിന്റെ അമ്മായിയമ്മയേ പോലെ വേണേ വന്നു കുടിക്കട്ടെ എന്നും പറഞ്ഞുകൊണ്ടിരിക്കുവല്ല. അത് പിന്നെ അവൻ അതിനുള്ള പണി കാണിച്ചിട്ടാണെന്ന് പറയാം. ഇതിപ്പോ എന്റെ ചെറുക്കനെ ആന്റണിയെ പോലെ ഒന്നുമല്ല. നിന്നെ കൈവളയിൽ കൊണ്ട് നടക്കും. അതുകൊണ്ട് അവൻ അതിന് അനുസരിച്ചുള്ള ബഹുമാനം കൊടുത്തേക്കണം.
വല്യമ്മച്ചി ഗൗരവത്തോടെ പറഞ്ഞപ്പോൾ അവൾ തലയാട്ടി. ഒപ്പം തന്നെ കട്ടൻചായ പകർന്ന് ഗ്ലാസ്സിൽ ആക്കി അവൾ നേരെ മുറിയിലേക്ക് പോയി.
സെബാസ്റ്റ്യൻ അപ്പോഴും ഉണർന്നിട്ടില്ല. അവനേ വിളിക്കണോ വേണ്ടയോ എന്ന് അറിയാതെ അവൾ ഒന്നും നിന്നു. ജനലിൽ നിന്നും മുഖത്തേക്ക് വെയിൽ അടിക്കുന്നത് കൊണ്ട് അവൻ പെട്ടെന്ന് അത് ഇഷ്ടപ്പെടാത്ത രീതിയിൽ കണ്ണു തുറന്നു.
മുൻപിൽ പതുങ്ങി നിൽക്കുന്ന അവളെ കണ്ടപ്പോൾ ഉറക്കം ഒക്കെ എവിടെയോ പോയിരുന്നു. അവളെ ഒന്ന് കൂർപ്പിച്ചു നോക്കി ചിരിച്ചു കാണിച്ചവൻ.
ഇതെന്താ മിണ്ടാതെ വന്നു നിൽക്കുന്നത്..? അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.
ഉറങ്ങുമ്പോൾ ശല്യപ്പെടുത്തേണ്ട എന്ന് കരുതി.
അത് നന്നായി. ഉറക്കം നഷ്ടപ്പെടുത്തുന്നത് എനിക്കിഷ്ടമല്ല. ആരെങ്കിലും ഉറക്കത്തിൽ വിളിക്കുന്നത് ഭയങ്കര ദേഷ്യം ആണ്.
ചായ… ചിരിച്ചുകൊണ്ട് അവൾ അവന്റെ കയ്യിലേക്ക് ചായ വെച്ച് കൊടുത്തു.
താൻ കുടിച്ചോ..? ഉടനെ ചോദിച്ചു
ഇവിടെ വന്നു കയറിയ സമയം മുതൽ ഭക്ഷണത്തിൽ അവൻ നൽകുന്ന അവൾ ശ്രദ്ധിച്ചിരുന്നു എന്ത് കഴിക്കാൻ എടുത്താലും അതിനുമുൻപ് ആദ്യത്തെ ചോദ്യം ഇതാണ്..
കുടിച്ചു അതിന് കണക്കിന് കിട്ടുകയും ചെയ്തു..
ചിരിയോടെ അവൾ പറഞ്ഞപ്പോൾ അവൻ മനസ്സിലാകാതെ അവളെ ഒന്ന് നോക്കി..
വല്യമ്മച്ചി പറഞ്ഞു ഭർത്താവിനോട് സ്നേഹമുള്ള പെൺകുട്ടികളെ ഭർത്താവ് കുടിച്ചതിനുശേഷം എന്തെങ്കിലും കുടിക്കാവു എന്ന്..
അവൾ പറഞ്ഞപ്പോൾ അവൻ പൊട്ടിച്ചിരിച്ചു പോയിരുന്നു.
ചുമ്മ, പ്രായം ആയവർ അല്ലേ അങ്ങനെ കരുതിയാൽ മതി..
അയ്യോ ഞാൻ കുറ്റം പറഞ്ഞതല്ല ഒരു തമാശയായിട്ട് പറഞ്ഞതാ.
ആ രംഗം മയപ്പെടുത്താൻ അവൾ പറഞ്ഞപ്പോൾ അവൻ ഒന്ന് ചിരിച്ചിരുന്നു..
രാവിലെ എഴുന്നേറ്റ് കുളിയൊക്കെ കഴിഞ്ഞോ.?
അവൾ ചിരിയോടെ തലയാട്ടി
എന്തുപറ്റി പതിവില്ലാതെ കുളിയൊക്കെ.? അതിരാവിലെ.
ചായ ഒന്നു മോത്തിക്കൊണ്ട് അവൻ ചോദിച്ചു .
മുത്തശ്ശി പണ്ട് പറയാറുണ്ട് ഭർത്താവിനൊപ്പം കിടന്നുറങ്ങുന്ന പെൺകുട്ടികൾ രാവിലെ എഴുന്നേറ്റ് കുളിക്കണം, എന്നിട്ടെ അടുക്കളയിൽ കയറാവുന്ന്.
പെട്ടെന്ന് അവൻ ചായകുടി നിർത്തി അവളെ ഒന്ന് നോക്കി.. കുസൃതിയോടെ ചിരിച്ചുമ്മ്
അതെ മുത്തശ്ശി ഉദ്ദേശിച്ചത് മറ്റു ചില കാര്യങ്ങളാ, ഭർത്താവിനോപ്പം കഴിയുന്ന സ്ത്രീകൾ മറ്റു ചില കാര്യങ്ങളിൽ ഏർപെടുമല്ലോ അതാണ്. അല്ലാതെ നമ്മളെ പോലെ വെറുതെ ഒരു ബെഡിൽ കിടന്നു ഉറങ്ങുന്നവരെ അല്ല…
കുസൃതിയോടെ അവൻ പറഞ്ഞപ്പോഴാണ് ആ പറഞ്ഞതിന്റെ അർത്ഥം അവൾക്ക് പിന്നെ ആണ് മനസ്സിലായത്. പെട്ടെന്ന് അവളുടെ മുഖം ചുവന്നു തുടുത്തു
ജീവിതത്തിൽ പതിയെ സന്തോഷങ്ങൾ വിരുന്നെത്തുന്നത് അവൾ അറിയുകയായിരുന്നു അവൻ തന്നെ എത്തിയത് സന്തോഷങ്ങൾ തനിക്ക് നൽകാൻ വേണ്ടിയാണെന്ന് അവൾ മനസ്സിലാക്കി ഇനി എന്നും അവന്റെ സ്നേഹ തണലിൽ ജീവിക്കാൻ സാധിക്കും എന്ന പ്രത്യാശ അവൾക്കുണ്ടായിരുന്നു. പതിയെ പതിയെ അവനെ അറിഞ്ഞ് അവനെ സ്നേഹിച്ച് അവന്റേതായി മാറാൻ തനിക്ക് സാധിക്കുമെന്ന് അവൾക്ക് അറിയാമായിരുന്നു. അതിന് കുറച്ച് അധികം സമയം ആവശ്യമാണ് ആ സമയം അവൻ തനിക്ക് നൽകുമെന്ന് ഇന്നലെ തന്നെ മനസ്സിലായതാണ്. ഇനിയുള്ള കാലം പതിയെ പ്രണയിച്ച് അവന്റേതായി മാറാമെന്ന് വിശ്വാസത്തിൽ അവൾ അവന്റെ അരികിലേക്ക് ചേർന്നിരുന്നു അവൻ ഒരു കൈ കൊണ്ട് അവളെ തന്നോട് ചേർത്തു പിടിച്ചു. ഇനിയങ്ങോട്ട് അവരുടെ പ്രണയമാണ് പ്രണയ നിമിഷങ്ങളാണ് .
അവസാനിച്ചു.
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…