ഇന്ത്യ – ഓസ്‌ട്രേലിയ ടെസ്റ്റ്: കളി മാറ്റിയത് ആ 25 മിനുട്ട്
സ്റ്റാര്‍ക്കിനെ തിരിച്ചുവിളിച്ച് കളി തിരിച്ചുപിടിച്ചു

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ക്രിക്കറ്റ് ടെസ്റ്റില്‍ കളിയുടെ ഗതി മാറ്റിമറിച്ചത് ആ 25 മിനുട്ടിലാണ്. ഓസീസ് നായകന്‍ കമ്മിന്‍സിന്റെ അതിവിദഗ്ധമായ ക്യാപ്റ്റന്‍സിയില്‍ കളിയുടെ ഗതി മാറി. മിച്ചെല്‍ സ്റ്റാര്‍ക്കിനെ കൊണ്ട് ബോള്‍ ചെയ്യിപ്പിക്കാന്‍ കമ്മിന്‍സ് തീരുമാനിച്ചതോടെ ഇന്ത്യയുടെ വിക്കറ്റ് വീഴ്ചക്ക് തുടക്കമാകുകയായിരുന്നു. രാഹലും ഗില്ലും ചേര്‍ന്ന് മികച്ച സ്‌കോറിലേക്ക് ടീം ഇന്ത്യയെ എത്തിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ആ 25 മിനുട്ടിലെ മാജിക് നടന്നത്.
ടെസ്റ്റിലെ ആദ്യദിനം ഒരു ഘട്ടത്തില്‍ ഇന്ത്യ കളിയില്‍ പിടിമുറുക്കുമെന്നു തോന്നിച്ചെങ്കിലും വെറും 25 മിനിറ്റിനുള്ളില്‍ കളി മാറ്റി മറിച്ചിരിക്കുകയാണ് ഓസീസ്.
നാലു വിക്കറ്റിനു 82 റണ്‍സെന്ന നിലയിലാണ് ഇന്ത്യന്‍ ടീം ലഞ്ച് ബ്രേക്കിനു പിരിഞ്ഞത്. ഒരു സമയത്തു ഒരു വിക്കറ്റിനു 82 റണ്‍സിനു ഇന്ത്യക്കു ബ്രേക്കിനു പിരിയാന്‍ സാധിച്ചേനെ. എന്നാല്‍ കംഗാരുപ്പട ഇന്ത്യയുടെ ആധിപത്യം തകര്‍ത്ത് ടെസ്റ്റിലേക്കു ഗംഭീര തിരിച്ചുവരവ് നടത്തുകയായിരുന്നു.
18ാം ഓവര്‍ കഴിയുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റിനു 67 റണ്‍സെന്ന നിലയിലായിരുന്നു. 35 റണ്‍സുമായി കെഎല്‍ രാഹുലും 30 റണ്‍സുമായി ശുഭ്മന്‍ ഗില്ലുമായിരുന്നു അപ്പോള്‍ ക്രീസില്‍.സ്പിന്നര്‍ നതാന്‍ ലയണാണ് 18ാം ഓവര്‍ ബൗള്‍ ചെയ്ത്. ആറു റണ്‍സും അദ്ദേഹം വിട്ടുകൊടുത്തു. കമ്മിന്‍സും ബോളണ്ടുമാണ് മധ്യ ഓവറുകളില്‍ കൂടുതലായും ബൗള്‍ ചെയ്തു കൊണ്ടിരുന്നത്. എന്നാല്‍ 19ാം ഓവറില്‍ മിച്ചെല്‍ സ്റ്റാര്‍ക്കിനെ കമ്മിന്‍സ് തിരികെ വിളിക്കുകയായിരുന്നു. കളിയിലെ ടേണിങ് പോയിന്റായി മാറിയതുും ഇതു തന്നെയാണ്.19ാമത്തെ ഓവറിലെ നാലാമത്തെ ബോളില്‍ രാഹുലിനെ (37) മടക്കി സ്റ്റാര്‍ക്ക് ഓസീസ് ടീമിനു കാത്തിരുന്ന ബ്രേക്ക്ത്രൂ സമ്മാനിക്കുകയും ചെയ്തു. ഇന്ത്യയുടെ പതനം തുടങ്ങുന്നതും ഇതോടെയാണ്.
21ാം ഓവറില്‍ സ്റ്റാര്‍ക്ക് ഇന്ത്യക്കു നീണ്ടും പ്രഹരമേല്‍പ്പിച്ചു. അവസാനം കളിച്ച ഇന്നിങ്സിലെ സെഞ്ച്വറി വീരനായ കോലിയെ (7) ആദ്യത്തെ ബോളില്‍ തന്നെ സ്റ്റാര്‍ക്ക് പുറത്താക്കുകയായിരുന്നു. രണ്ടാമത്തെ സ്ലിപ്പില്‍ സ്റ്റീവ് സ്മിത്താണ് അദ്ദേഹത്തെ പിടികൂടിയത്. ഇതോടെ ഇന്ത്യ മൂന്നിന് 77 റണ്‍സെന്ന നിലയിലാവുകയും ചെയ്തു. അടുത്ത ഓവറിലെ ആദ്യ ബോളില്‍ ഇന്ത്യക്കു നാലാമത്തെ വിക്കറ്റും നഷ്ടമായി.
ക്രീസില്‍ നിലയുറപ്പിച്ച ശുഭ്മന്‍ ഗില്ലിനെ (31) ബോളണ്ടാണ് മടക്കിയത്. പിച്ച് ചെയ്ത് സ്വിങ് ചെയ്ത് അകത്തേക്കു വന്ന ബോള്‍ ഗില്ലിന്റെ പാഡില്‍ പതിക്കുകയായിരുന്നു. അംപയര്‍ എല്‍ബിഡബ്ല്യു വിളിച്ചപ്പോള്‍ റിവ്യു വേണ്ടെന്നു വച്ച് താരം ക്രീസ് വിടുകയും ചെയ്തു. ഇതോടെ ഇന്ത്യ നാലിനു 81 റണ്‍സിലേക്കും കൂപ്പുകുത്തി.വെറും 25 മിനിറ്റിനിടെയാണ് ഈ സംഭവങ്ങളെല്ലം നടന്നത്.