ബുള്‍ഡോസര്‍ സജ്ജമാണ്; ജാര്‍ഖണ്ഡില്‍ മുന്നറിയിപ്പുമായി യോഗി ആദിത്യനാഥ്
റാഞ്ചി: ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) നേതൃത്വത്തിലുള്ള സഖ്യം ജാര്‍ഖണ്ഡിനെ കൊള്ളയടിക്കുകയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജാര്‍ഖണ്ഡിലെ ജംതാരയില്‍ തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാര്‍ഖണ്ഡിന്റെ പ്രകൃതി വിഭവങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദി അയച്ച ഫണ്ടും സംസ്ഥാന സര്‍ക്കാര്‍ കൊള്ളയടിച്ചു എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പെണ്‍കുട്ടികള്‍, ഭൂമി, ഭക്ഷണം എന്നിവയ്ക്ക് ഗുരുതരമായ ഭീഷണി ഉയര്‍ത്തിക്കൊണ്ട് സംസ്ഥാനത്തേക്ക് ബംഗ്ലാദേശി കുടിയേറ്റക്കാരേയും റോഹിങ്ക്യകളേയും നുഴഞ്ഞുകയറാന്‍ അവര്‍ പ്രോത്സാഹിപ്പിച്ചു എന്നും അദ്ദേഹം ആരോപിച്ചു. സര്‍ക്കാര്‍ കൊള്ളയടിച്ച ഫണ്ട് തിരിച്ചുപിടിക്കാന്‍ ബുള്‍ഡോസര്‍ സജ്ജമാണ് എന്ന് യോഗി ആദിത്യനാഥ് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
വിവിധ സംസ്ഥാനങ്ങളിലെ ഭരണകൂടങ്ങള്‍ അനധികൃതമായ കുറ്റാരോപിതരുടെ വീടുകള്‍ പൊളിക്കുന്നതിനെതിരെ സുപ്രീം കോടതി രാജ്യവ്യാപകമായി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചതിന് പിന്നാലെയാണ് യോഗിയുടെ ബുള്‍ഡോസര്‍ പരാമര്‍ശം എന്നതും ശ്രദ്ധേയമായി. ജാര്‍ഖണ്ഡില്‍ മാഫിയ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചത് ജെഎംഎമ്മിന്റെ കാലത്താണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മണല്‍, കല്‍ക്കരി, വനവിഭവങ്ങള്‍ എന്നിവയുടെ അനധികൃത ഖനനം ഭരണസഖ്യത്തിന്റെ സംരക്ഷണത്തില്‍ തഴച്ചുവളരുകയാണെന്നും മാഫിയ പ്രവര്‍ത്തനങ്ങളാല്‍ ജാര്‍ഖണ്ഡിനെ പൊള്ളയാക്കിയെന്നും ആദിത്യനാഥ് ആരോപിച്ചു. ജെഎംഎം നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭൂമി ജിഹാദിലും ലൗ ജിഹാദിലും ഉള്‍പ്പെട്ട നുഴഞ്ഞുകയറ്റക്കാരെ പിന്തുണയ്ക്കുകയാണ് എന്നും സംസ്ഥാനത്ത് ബിജെപി അധികാരത്തില്‍ എത്തിയാല്‍ ഈ സ്ഥിതിക്ക് മാറ്റം വരുമെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നത് ജെഎംഎം സഖ്യകക്ഷിയായ കോണ്‍ഗ്രസ് തടസപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു. ഇനി മഥുരയിലെ കൃഷ്ണ കനയ്യ ക്ഷേത്രത്തിന്റെ സമയമാണ് എന്നും അദ്ദേഹം വ്യക്തമാക്കി. സുരക്ഷിതരായിരിക്കാന്‍ ഹിന്ദുക്കള്‍ ഒന്നിച്ച് നില്‍ക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. 1947 ലെ വിഭജന സമയത്ത് കുറഞ്ഞത് 10 ലക്ഷം ഹിന്ദുക്കളെങ്കിലും കൂട്ടക്കൊല ചെയ്യപ്പെട്ടത് ഹിന്ദുക്കള്‍ ഭിന്നിച്ചത് കൊണ്ടാണ്.
അതുകൊണ്ട് സുരക്ഷിതരായിരിക്കാന്‍ അവരെ ഒന്നിപ്പിക്കണമെന്നും ആദിത്യനാഥ് പറഞ്ഞു. കോണ്‍ഗ്രസ് വിഭജന രാഷ്ട്രീയത്തിലൂടെ ജാര്‍ഖണ്ഡിലെ ജനങ്ങളുടെ ജീവിതം കൊണ്ടാണ് കളിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് ബുധനാഴ്ചയാണ്. 38 സീറ്റുകളാണ് അവസാന ഘട്ടത്തില്‍ ജനവിധി തേടുന്നത്.
നവംബര്‍ 13 ന് നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പില്‍ 43 സീറ്റുകളിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. ആകെ 81 സീറ്റാണ് ജാര്‍ഖണ്ഡ് നിയമസഭയില്‍ ഉള്ളത്. ശനിയാഴ്ചയാണ് ഫലപ്രഖ്യാപനം.