Kerala
കാലാവസ്ഥ അനുകൂലമായാൽ ഡ്രഡ്ജർ നാളെ പുറപ്പെടും; തെരച്ചിൽ രണ്ട് ദിവസത്തിനുള്ളിൽ പുനരാരംഭിക്കും
കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ പുനരാരംഭിക്കാൻ ശ്രമം. കാലാവസ്ഥ അനുകൂലമെങ്കിൽ ഡ്രഡ്ജർ നാളെ പുറപ്പെടും. കാലാവസ്ഥ മെച്ചപ്പെടുന്നുണ്ടെന്നാണ് കാർവാറിൽ ഇന്നലെ നടന്ന യോഗത്തിലെ വിലയിരുത്തൽ
ഇന്ന് കൂടി മഴയില്ലെങ്കിൽ നാളെ ഗോവയിൽ നിന്ന് ഡ്രഡ്ജർ പുറപ്പെടും. ഗംഗാവലി പുഴയിലെ ഒഴുക്ക് നിലവിൽ തെരച്ചിലിന് അനുകൂലമെന്നും വിലയിരുത്തലുണ്ട്. ഗോവയിൽ നിന്ന് ഷിരൂരിലേക്ക് ഡ്രഡ്ജർ എത്തിക്കാൻ 30, 40 മണിക്കൂറുകൾ ആവശ്യമാണ്. അങ്ങനെയങ്കിൽ വെള്ളി അല്ലെങ്കിൽ ശനി തെരച്ചിൽ തുടരാനാകും
കാലാവസ്ഥാ പ്രവചനപ്രകാരം സെപ്റ്റംബർ 11 വരെ ഉത്തര കന്നഡ ജില്ലയിലും കർണാടകയുടെ തീരപ്രദേശങ്ങളിലും യെല്ലോ അലർട്ടാണ്. ഗംഗാവലി പുഴയുടെ വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമായാൽ ഡ്രഡ്ജർ കൊണ്ടുവരുന്നതിനും തടസ്സം നേരിട്ടേക്കും.