പുരുഷ കേന്ദ്രീകൃത സമൂഹത്തിന്റെ പരിച്ഛേദമാണ് സിനിമ മേഖല; അതിന്റെ ജീർണതയാണ് പ്രതിഫലിച്ചത് എംവി ഗോവിന്ദൻ
സർക്കാരിന്റെ ഇച്ഛാശക്തിയാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ തെളിയുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കോടതിയിലെ സാങ്കേതികമായ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടതോടെ റിപ്പോർട്ട് പൊതുജനങ്ങളുടെ മുന്നിലേക്ക് എത്തിയിരിക്കുകയാണ്. പുരുഷ കേന്ദ്രീകൃത സമൂഹത്തിൻറെ പരിച്ഛേദം തന്നെയാണ് സിനിമ മേഖലയും. അതിന്റെ ജീർണത മുഴുവൻ പ്രതിഫലിക്കുന്നതാണ് റിപ്പോർട്ടെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.
കേരളം ഏറ്റവും ശ്രദ്ധേയമായ രീതിയിൽ ഇക്കാര്യം കൈകാര്യം ചെയ്തു. സർക്കാരിന് ഇക്കാര്യത്തിൽ ഒരു സംശയവുമില്ല. തുല്യത, സമത്വം, സ്ത്രീകളെ ഉന്നതിയിൽ എത്തിക്കുക എന്നതാണ് സർക്കാർ നിലപാടെന്നും സ്ത്രീ സമൂഹത്തിൻറെ ഉന്നതിക്ക് വേണ്ടിയാണ് സർക്കാർ പ്രവർത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഹേമ കമ്മറ്റി റിപ്പോർട്ടിൽ പരാതിയുമായി വരുന്നവരുടെ പരാതി പരിശോധിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. നിയമ രംഗത്തെ പ്രമുഖരുമായി സംസാരിച്ച് ഭാവിയിൽ എന്ത് ചെയ്യണമെന്ന് ധാരണ ഉണ്ടാക്കും. പരാതി ഉണ്ടെങ്കിൽ കേസെടുക്കുമെന്നും സർക്കാർ സ്ത്രീ സമൂഹത്തിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു