ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം ഹാജരാക്കണം; ചീഫ് സെക്രട്ടറിക്ക് ദേശീയ വനിതാ കമ്മീഷന്റെ കത്ത്
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ. ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് ലഭ്യമാക്കാനാണ് സംസ്ഥാന സർക്കാരിനോട് ദേശീയ വനിതാ കമ്മീഷൻ നിർദേശിച്ചത്. ബിജെപി നേതാക്കളായ സന്ദീപ് വാചസ്പതി, പിആർ ശിവശങ്കർ എന്നിവർ ദേശീയ വനിതാ കമ്മീഷന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇടപെടൽ
റിപ്പോർട്ടിന്റെ പൂർണരൂപം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കമ്മീഷൻ ചീഫ് സെക്രട്ടറിക്ക് കത്തയച്ചതായാണ് വിവരം. വേട്ടക്കാരെ പൂർണമായും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. റിപ്പോർട്ട് കൈവശം വെച്ച് സംസ്ഥാന സർക്കാർ വിലപേശൽ രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി ആരോപിക്കുന്നു.
290 പേജുകളടങ്ങിയ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ 233 പേജുകളാണ് വിവരാവകാശ കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സർക്കാർ പുറത്തുവിട്ടത്. പുറത്തുവിടാത്ത 57 പേജുകളിൽ വ്യക്തികളുടെ സ്വകാര്യതയിലേക്ക് വിരൽ ചൂണ്ടുന്ന ഭാഗങ്ങളുണ്ടെന്നതിനാലാണ് ഇവ ഒഴിവാക്കിയത്.