പക അത് വീട്ടാനുള്ളതാണ്…ഐ പി എല്ലില്‍ അണ്‍സോള്‍ഡായ താരം ഇന്ന് മുന്‍പന്തിയിലുള്ള റണ്‍വേട്ടക്കാരന്‍
ചെന്നൈക്ക് നാണക്കേട്; കൊല്‍ക്കത്തക്ക് ആശ്വാസം

ആദ്യ ഘട്ടത്തില്‍ അണ്‍സോള്‍ഡായ ആ താരത്തെ ഒന്നര കോടി കൊടുത്ത വാങ്ങുമ്പോള്‍ ഒരു പക്ഷെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ശങ്കിച്ചിട്ടുണ്ടാകും. ഇവന്‍ തങ്ങള്‍ക്കൊരു ഭാരമാകുമോയെന്ന് അടക്കം പറഞ്ഞിട്ടുണ്ടാകും. ദിലീപിനെയും ഹരിശ്രി അശോകനെയും ഒഴിവാക്കി നടന്നുപോകുമ്പോള്‍ പഞ്ചാബി ഹൗസിലെ കൊച്ചിന്‍ ഹനീഫ പറഞ്ഞ ഡയലോഗ് ആയിരിക്കും ചെന്നൈ ടീം മന്ത്രിച്ചിട്ടുണ്ടാകുക.
എന്നാല്‍, ഐ പി എല്‍ ലേലം കഴിഞ്ഞതും ആ താരം സടകുടഞ്ഞെഴുന്നേറ്റു. തന്നെ ലേലത്തിനിട്ട ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മാനേജര്‍മാര്‍ക്കും അടിസ്ഥാന വില നല്‍കി തന്നെ ടീമിലെടുത്ത കൊല്‍ക്കത്തക്കും കൃത്യമായ മറുപടി നല്‍കി ആ താരം മുഷ്താഖ് അലി ടി20 ട്രോഫിയില്‍ ആകസ്മികമായ പ്രകടനം കാഴ്ചവെച്ചു.
ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍, സഞ്ജു സാംസണ്‍, തിലക് വര്‍മ തുടങ്ങിയ താരങ്ങളെയെല്ലാം ആദ്യ ഘട്ടത്തില്‍ തന്നെ സ്വന്തമാക്കിയ ടീമുകള്‍ ഈ താരത്തിന്റെ പ്രകടനം കണ്ട് അന്താളിച്ചിട്ടുണ്ടാകും. മേല്‍ പറഞ്ഞ താരങ്ങളെയെല്ലാം അസ്ഥാനത്താക്കി മുഷ്താഖ് അലി ടൂര്‍ണമെന്റിലെ റണ്‍ വേട്ടക്കാരില്‍ മുന്‍പന്തിയിലെത്തിയിരിക്കുകയാണ് ഈ താരം. ആരാണ് ആ താരം എന്നല്ലേ…മുംബൈയുടെ ഓപ്പണര്‍ അജിങ്ക്യ രഹാനെ.
എട്ട് മാച്ചില്‍ നിന്ന് 61.71 ആവറേജില്‍ 432 റണ്‍സെടുത്ത രഹാനെ അഞ്ച് അര്‍ധ സെഞ്ച്വറിയാണ് അടിച്ചെടുത്തത്. 98, 84, 95, 22,68,52,13 ഇങ്ങനെ 432 റണ്‍സുമായി റണ്‍വേട്ടക്കാരുടെ പട്ടികയില്‍ എതിരാളികളില്ലാത്ത വിധം മുന്നിലാണ് താരം. ഫൈനലില്‍ ഡക്കാകുകയാണെങ്കില്‍ പോലും താരത്തിന് മികച്ച ബാറ്റ്‌സ്മാനുള്ള പുരസ്‌കാരം ലഭിച്ചേക്കും. രണ്ടാം സ്ഥാനത്തുള്ള ബിഹാറിന്റെ ശാകിബുല്‍ഗാനിക്ക് 353 റണ്‍സ് മാത്രമാണുള്ളത്. ബിഹാര്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിട്ടുമുണ്ട്.
മുംബൈയുടെ തന്നെ ശ്രേയസ് അയ്യര്‍ പട്ടികയില്‍ 329 റണ്‍സുമായി അഞ്ചാം സ്ഥാനത്തുണ്ട്. ഫൈനലില്‍ രഹാനെ ഡക്കാകുകയും ശ്രേയസ് 104 റണ്‍സ് എടുക്കുകയും ചെയ്താല്‍ മാത്രമെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മാറ്റമുണ്ടാകൂ.