Kerala

ലേണേഴ്‌സ് കഴിഞ്ഞ് ഒരു വര്‍ഷം പ്രൊബേഷന്‍ പിരീഡ്; ഡ്രൈവിങ് ടെസ്റ്റ് രീതികള്‍ പരിഷ്‌കരിക്കും

ആലപ്പുഴ: സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് ഗതാഗത കമ്മീഷണര്‍ സിഎച്ച് നാഗരാജു. മൂന്നുമാസം കൊണ്ട് പരിഷ്‌ക്കരിച്ച നടപടികള്‍ നിലവില്‍ വരുമെന്നും ഇതിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ അടിക്കടിയുണ്ടാകുന്ന വാഹനാപകടങ്ങളെ കണക്കിലെടുത്താണ് പുതിയ നീക്കം.

ലേണേഴ്‌സ് നേടിക്കഴിഞ്ഞുള്ള ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള കാലയളവ് പ്രൊബേഷന്‍ സമയമായി കണക്കാക്കും. ഈ സമയത്ത് അപകടങ്ങള്‍ ഉണ്ടായില്ലെങ്കില്‍ മാത്രം യഥാര്‍ഥ ലൈസന്‍സ് നല്‍കും. ഡ്രൈവിങ് ടെസ്റ്റിന്റെ രീതി പരിഷ്‌കരിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണനിയിലാണെന്ന് സിഎച്ച് നാഗരാജു പറഞ്ഞു.

ലേണേഴ്‌സ് ലൈസന്‍സിനുള്ള പരീക്ഷയിലും കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരും. പ്രാക്ടിക്കലിനേക്കാള്‍ തിയേറ്ററിക്കല്‍ അറിവിന് പ്രാധാന്യം നല്‍കും. അതിനായി ചോദ്യങ്ങളുടെ എണ്ണം വര്‍ധിപ്പിക്കും. കൂടാതെ പരീക്ഷയില്‍ നെഗറ്റീവ് മാര്‍ക്കും ഉണ്ടായിരിക്കും. എച്ചും എട്ടും എടുക്കുന്ന രീതിയില്‍ മാറ്റം വേണം. അക്രഡിറ്റഡ് ഡ്രൈവിങ് വരുമ്പോള്‍ മാറ്റം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏത് ജില്ലകളില്‍ നിന്ന് വേണമെങ്കിലും വാഹനം രജിസ്റ്റര്‍ ചെയ്യാവുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി സാങ്കേതിക കമ്മിറ്റി രൂപീകരിച്ചു. അതിനായി ആദ്യം വേണ്ടത് സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷനാണ്. അതിനുശേഷം മാത്രമേ പദ്ധതി പരീക്ഷിക്കുകയുള്ളൂ. ജനങ്ങള്‍ക്ക് ഒരുതരത്തിലും ബുദ്ധിമുട്ടുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും സിഎച്ച് നാഗരാജു കൂട്ടിച്ചേര്‍ത്തു.

സ്വകാര്യ വാഹനങ്ങള്‍ പണത്തിനോ അല്ലാതെയോ മറ്റൊരാള്‍ക്ക് ഓടിക്കാന്‍ കൊടുക്കാന്‍ പാടില്ല. അങ്ങനെ കൊടുക്കുന്നത് വാടകയ്ക്ക് കൊടുക്കുന്നതായി കണക്കാക്കും. റോഡ് സുരക്ഷ നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും പോലീസിന്റെയും എംവിഡിയുടെയും സംയുക്ത പരിശോധനയും നടത്തുമെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.

ആലപ്പുഴ കളര്‍ക്കോട് വെച്ചുണ്ടായ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ അപകട സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അതേസമയം, കേരളത്തില്‍ ഡ്രെവിങ് ടെസ്റ്റ് ഗ്രൗണ്ടുകളില്‍ വേണ്ടത്ര അടിസ്ഥാനസൗകര്യങ്ങളില്ലെന്ന് പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റില്‍ നേരത്തെ കണ്ടെത്തിയിരുന്നു. ടെസ്റ്റ് കാര്യക്ഷമമല്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ടായിരുന്നു. ആദ്യമായാണ് കേരളത്തില്‍ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് എ ജി ഫീല്‍ഡില്‍ പരിശോധന നടത്തിയിരുന്നത്. കോഴിക്കോട്, പാലക്കാട്, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ 37 ടെസ്റ്റിങ് ഗ്രൗണ്ടുകളിലായിരുന്നു പരിശോധന നടത്തിയത്. എല്ലാ ടെസ്റ്റിങ് ഗ്രൗണ്ടുകളിലും എച്ച് ട്രാക്കിന്റെ കൂടെ പാര്‍ക്കിങ് ട്രാക്ക് വേണമെന്ന് നിഷ്‌കര്‍ഷയുണ്ടെങ്കിലും 34 ലും ഇല്ലെന്നായിരുന്നു കണ്ടെത്തല്‍.

31 ഗ്രൗണ്ടിലും എച്ച് ട്രാക്കില്‍ ടെസ്റ്റ് നടത്തുമ്പോള്‍ സീറ്റ് ബെല്‍റ്റ് ഉപയോഗിക്കുന്നില്ല. സീറ്റ് ബെല്‍റ്റ് ഇട്ടില്ലെങ്കില്‍ പിന്നിലേക്ക് നോക്കി എച്ച് എടുക്കാവുന്നതാണ്. 20 ഗ്രൗണ്ടില്‍ ഇരുചക്രവാഹന ടെസ്റ്റ് എടുക്കുന്ന ആള്‍ ഹെല്‍മറ്റ് ഉപയോഗിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു പരിശോധന നടന്നിരുന്നത്

Related Articles

Back to top button
error: Content is protected !!