ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ ഇന്നറിയാം; പുതിയ നായകൻ ആരാകുമെന്ന കാത്തിരിപ്പിൽ ആരാധകർ

ജൂണിൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. രോഹിത് ശർമ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിനാൽ ആരാകും പുതിയ നായകൻ എന്നുള്ള കാത്തിരിപ്പിലാണ് ആരാധകർ. ശുഭ്മാൻ ഗില്ലിനാണ് ഇതിൽ സാധ്യത കൂടുതൽ
ജസ്പ്രീത് ബുമ്ര, റിഷഭ് പന്ത് എന്നിവരാണ് പരിഗണനാ പട്ടികയിലുള്ള മറ്റാളുകൾ. എന്നാൽ മൂന്ന് ടെസ്റ്റുകളിൽ കൂടുതൽ തുടർച്ചയായി കളിക്കാന് തന്റെ ശരീരം അനുവദിക്കില്ലെന്ന് ബുമ്ര വ്യക്തമാക്കിയിരുന്നു. ഇതോടെ ബുമ്രയുടെ സാധ്യത മങ്ങുകയാണ്. ഐപിഎല്ലിലെയും ഓസ്‌ട്രേലിയൻ പര്യടനത്തിലെയും മങ്ങിയ പ്രകടനവും പന്തിന് തിരിച്ചടിയാകും
ഇതോടെ ഗിൽ തന്നെ നായകനായി എത്തുമെന്നാണ് സൂചന. കെഎൽ രാഹുലിനെ സെലക്ടർമാർ പരിഗണിക്കുമോയെന്നും കാത്തിരുന്ന് അറിയേണ്ടതാണ്. ബിസിസിഐ ആസ്ഥാനത്ത് ഉച്ചയ്ക്ക് ഒരു മണിക്കാണ് സെലക്ഷൻ കമ്മിറ്റി യോഗം ആരംഭിക്കുന്നത്. ഒന്നരയോടെ ടീം പ്രഖ്യാപനമുണ്ടായേക്കും.