നടി അനുശ്രിയുടെ പിതാവിന്റെ കാര്‍ മോഷ്ടിച്ച യുവാവ് പറന്ന് നടന്ന് മോഷണം നടത്തി
മോഷണ പരമ്പരയുടെ വിവരങ്ങള്‍ പുറത്തുവിട്ട് പോലീസ്
നടി അനുശ്രിയുടെ പിതാവ് ഉപയോഗിച്ചിരുന്ന കാര്‍ മോഷ്ടിച്ച യുവാവിനെ പോലീസ് പിടികൂടി. കാറുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കറങ്ങി നടന്ന യുവാവ് വ്യാപകമായ മോഷണ പരമ്പര തന്നെയാണ് നടത്തിയതെന്ന് പോലീസ് പറയുന്നു. നെടുമങ്ങാട് തെന്നൂര്‍ നരിക്കല്‍ പ്രബിനാണ് പോലീസിന്റെ പിടിയിലായത്. പ്രതിയില്‍ നിന്ന് 94,000 രൂപയും മോഷണത്തിന് ഉപയോഗിക്കുന്ന സാധന സാമഗ്രികളും ഉള്‍പ്പെടെ കണ്ടെടുത്തു.
ഡിസംബര്‍ ഏഴിന് അനുശ്രീയുടെ പിതാവിന്റെ കാര്‍ ഇഞ്ചക്കാട് പേ ആന്റ് പാര്‍ക്കില്‍ നിന്നും മോഷ്ടിച്ച ശേഷമാണ് പ്രബിന്‍ വിവിധ മോഷണങ്ങള്‍ നടത്തിയത്. മറ്റൊരു വാഹനത്തില്‍ നിന്നും ഇളക്കിയെടുത്ത നമ്പര്‍ പ്ലേറ്റ് ഈ കാറിലേക്ക് മാറ്റിയ ശേഷം ഇയാള്‍ നിരവധി മോഷണങ്ങള്‍ നടത്തുകയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇയാള്‍ക്കെതിരെ മോഷണകേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കാറുമായി ആദ്യം തിരുവനന്തപുരം വെള്ളറടയില്‍ റബര്‍ വ്യാപാര സ്ഥാപനത്തില്‍ നിന്ന് 5000 കിലോയിലേറെ റബര്‍ ഷീറ്റും 7000 രൂപയും മോഷ്ടിച്ചു. പിന്നെ ഇത് മറ്റൊരിടത്ത് കൊണ്ട് പോയി വില്‍ക്കുകയും ചെയ്തു.
അതിന് ശേഷം വാഹനവുമായി പത്തനംതിട്ട പെരിനാട്ടെലെത്തി. അവിടെ നിന്ന് വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് 400 കിലോയിലേറെ റബര്‍ ഷീറ്റ് മോഷ്ടിച്ചു. ഇത് പൊന്‍കുന്നത്ത് എത്തി വിറ്റു. ഈ പണവുമായി നേരെ വടക്കോട്ടേക്ക് വണ്ടി വിട്ടു. കോഴിക്കോട്ടെ പെണ്‍സുഹൃത്തിന്റെ അടുത്തേക്ക് പോവുന്നതിനിടെ മോഷ്ടാവ് പെട്ടു. യാത്രക്കിടെ കാര്‍ പാലായില്‍ വെച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതോടെ ഇയാളുടെ പദ്ധതികള്‍ എല്ലാം പൊളിയുകയായിരുന്നു. ഇതോടെ കാര്‍ അവിടെ തന്നെ ഉപേക്ഷിച്ച് പ്രബിന്‍ അവിടെ നിന്നും തിരുവനന്തപുരത്തേക്ക് തിരിച്ചു പോവുകയായിരുന്നു.
ഈ സമയം മുഴുവന്‍ പോലീസ് ഇയാളെ പിടികൂടാനായി ശ്രമം നടത്തുകയായിരുന്നു. പിന്നീട് തിരുവനന്തപുരത്ത് നിന്നും ബൈക്കില്‍ കോഴിക്കോട്ടേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് കൊട്ടാരക്കരയില്‍ വച്ച് പ്രബിന്‍ പിടിയിലായത്. വാഹന മോഷണം ഇയാളുടെ സ്ഥിരം രീതി ആണെന്ന് പോലീസ് പറയുന്നു. കൂടാതെ റോഡരികില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്ന് ഇന്ധനവും പതിവായി ഇയാള്‍ മോഷ്ടിക്കാറുണ്ട്.