വീട്ടിൽ പ്രശ്നങ്ങളുണ്ട്; നാട്ടിലേക്ക് വന്നാലും വീട്ടിലേക്ക് പോകില്ലെന്ന് താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികൾ

മലപ്പുറം താനൂരിൽ നിന്ന് കാണാതായെ മഹാരാഷ്ട്രയിലെ ലോണാവാലെയിൽ നിന്നും കണ്ടെത്തിയ രണ്ട് പ്ലസ് ടു വിദ്യാർഥിനികളെയും പൂനെയിൽ എത്തിച്ചു. നാട്ടിൽ വന്നാലും വീട്ടിലേക്ക് പോകില്ലെന്നാണ് കുട്ടികൾ പറയുന്നത്. സന്നദ്ധ പ്രവർത്തകൻ സുധീറുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് കുട്ടികൾ ഇക്കാര്യം പറഞ്ഞത്. ഒരു ജോലി ശരിയാക്കി തരുമോയെന്നും സുധീറിനോട് കുട്ടികൾ ചോദിച്ചിരുന്നു.
തങ്ങൾക്ക് 18 വയസ്സായി. വീട്ടുകാർ വയസ് കുറച്ചേ പറയൂ. ആര് പറഞ്ഞാലും വീട്ടുകാർ കേൾക്കില്ല. അടിക്കുകയും വഴക്ക് പറയുകയും ചെയ്യും. ആരേലും പറഞ്ഞാൽ രണ്ട് മൂന്ന് ദിവസം കുഴപ്പമില്ലാതെ പെരുമാറും. പിന്നീട് വീട്ടുകാർ വീണ്ടും പഴയതു പോലെയാകുമെന്നും പെൺകുട്ടികൾ പറയുന്നു
എന്തെങ്കിലും സഹായം വേണമോയെന്ന് സുധീർ ചോദിക്കുമ്പോൾ താമസിക്കാൻ മുറി കിട്ടിയില്ലെന്നും ട്രെയിനിലാണെന്നും ടിക്കറ്റെടുത്തില്ലെന്നും കുട്ടികൾ പറയുന്നുണ്ട്. അങ്കിൾ ജോലി ശരിയാക്കി തരുമോയെന്നും ഇവർ ചോദിച്ചു. മുംബൈ-ചെന്നൈ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ പുലർച്ചെ 1.45ഓടെയാണ് കുട്ടികളെ റെയിൽവേ പോലീസ് കണ്ടെത്തിയത്. താനൂർ ദേവദാർ ഹയർ സെക്കൻഡറി സ്കൂളിലെ ഫാത്തിമഫ ഷഹദ, അശ്വതി എന്നീ കുട്ടികളെയാണ് ബുധനാഴ്ച മുതൽ കാണാതായിരുന്നത്.