ഒരുപാട് ഓടിയതല്ലേ…ഇനി കുറച്ച് വിശ്രമിക്ക്; തിലക്കിന്റെ കുതിപ്പിന് കടിഞ്ഞാണിട്ടു
തിലക് വർമയുടെ പതനം രാജസ്ഥാനോട്
മൂന്ന് സെഞ്ച്വറിക്കും ഒരു ഫിഫ്റ്റിക്കും ശേഷം ഇന്ത്യയുടെ വെടിക്കെട്ട് യുവതാരം തിലക് വര്‍മയുടെ ടി20 കുതിപ്പ് ഇന്നത്തോടെ അവസാനിച്ചു. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിലെയും സെഞ്ച്വറിക്കും മേഘാലയക്കെതിരായ മുഷ്താഖ് അലി ട്രോഫിയിലെ സെഞ്ച്വറിക്കും ബംഗാളിനെതിരായ ഫിഫ്റ്റിക്കും ശേഷം തിലക് വര്‍മ ഒന്ന് തളര്‍ന്നു. രാജസ്ഥാനെതിരെ നടന്ന ഇന്നത്തെ മത്സരത്തില്‍ ഹൈദരബാദിന്റെ ക്യാപ്റ്റന്‍ കൂടിയായ തിലക് വര്‍മക്ക് തിളങ്ങാനായില്ല. എട്ട് ബോളില്‍ നിന്ന് 13 റണ്‍സ് എടുത്ത് തിലക് പവലിയനിലേക്ക് മടങ്ങി. എങ്കിലും ചരിത്രത്തിലാദ്യമായി തുടര്‍ച്ചയായ മൂന്ന് ടി20 മത്സരങ്ങളില്‍ സെഞ്ച്വറി നേടിയ താരമെന്ന റെക്കോര്‍ഡ് നേടിയതിന്റെ ചാരിദാര്‍ഥ്യത്തില്‍ തന്നെയാണ് തിലക് തന്റെ വിസ്മയകരമായ ഇന്നിംഗ്‌സ് അവസാനിപ്പിച്ചത്.
എന്നാല്‍, മികച്ച ഫോം തുടര്‍ന്ന് ലോക ക്രിക്കറ്റില്‍ ആര്‍ക്കും തകര്‍ക്കാനാകാത്ത റെക്കോര്‍ഡ് സൃഷ്ടിക്കാമെന്ന സ്വപ്‌നം സാക്ഷാത്കരിക്കാനാകാത്തതിന്റെ എല്ലാ നിരാശയും ആ മുഖത്തുണ്ടായിരുന്നു.
രാജസ്ഥാന്റെ മാനവ് സുതറിന് ഏതായാലും അഭിമാനിക്കാം. തിലകിന്റെ നേട്ടത്തിന് പൂട്ടിട്ട രാജസ്ഥാന്‍ സ്പിന്‍ മാന്ത്രികനാണ് മാനവ്. ഭാരത് ശര്‍മയുടെ ക്യാച്ചിലാണ് തിലക് പുറത്താകുന്നത്. തിലക് പുറത്തായതോടെ മറ്റ് ഹൈദരബാദ് താരങ്ങളുടെ വിക്കറ്റും പെട്ടെന്ന് കൊയ്‌തെടുക്കാന്‍ രാജസ്ഥാന് കഴിഞ്ഞു. ആദ്യം ബാറ്റ് ചെയത് രാജസ്ഥാന്റെ 187 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ മറികടക്കാന്‍ രാജസ്ഥാനായില്ല. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുക്കാനെ രാജസ്ഥാന് സാധിച്ചുള്ളൂ.