ഗൂഗിൾ മാപ്പ് നോക്കി യാത്രചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടവ

ഇന്നത്തെകാലത്ത് ഡ്രൈവിങ്ങിന് ഏറെ സഹായകരമായ വഴികാട്ടിയാണ് ഗൂഗിൾ മാപ്പ്. എന്നാൽ, പരിചിതമല്ലാത്ത വഴികളിലൂടെ ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്യുമ്പോൾ ചിലപ്പോഴെങ്കിലും അപകടം സംഭവിച്ചേക്കാം. എന്നാൽ വേണ്ട ശ്രദ്ധയോടെ കൈകാര്യം ചെയ്താൽ ഏറ്റവും നല്ല വഴികാട്ടി ഗൂഗിൾ മാപ്പ് തന്നെയാണ്.
വെള്ളപ്പൊക്കം, പേമാരി തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്ന സമയത്ത് പലപ്പോഴും റോഡ് ഗതാഗതം വഴിതിരിച്ചുവിടാറുണ്ട്. ഇത് ഗൂഗിൾ മാപ്പ് പറഞ്ഞുതന്നെന്നു വരില്ല. ഈ സമയങ്ങളിൽ കഴിവതും ഗൂഗിൾ മാപ്പിനെ ആശ്രയിക്കാതിരിക്കുന്നതാണ് ഉചിതം. ട്രാഫിക് കുറവുള്ള റോഡുകളെ ഗൂഗിൾ മാപ്പ് അൽഗോരിതം എളുപ്പം എത്തുന്ന വഴിയായി നമ്മുക്ക് കാട്ടിതരാറുണ്ട്.
എന്നാൽ തിരക്ക് കുറവുള്ള റോഡുകൾ സുരക്ഷിതമാകണമെന്നില്ല. പ്രത്യേകിച്ച് മഴ സമയങ്ങളിൽ. തോടുകൾ കവിഞ്ഞൊഴുകിയും മണ്ണിടിഞ്ഞും മരങ്ങൾ കടപുഴകി വീണും യാത്ര സാധ്യമല്ലാത്ത റോഡുകളിലൂടെയും വീതി കുറഞ്ഞതുമായ അപകടങ്ങൾ നിറഞ്ഞ റോഡുകളിലൂടെയും ഗൂഗിൾ മാപ്പ് നമ്മെ നയിച്ചേക്കാം. എന്നാൽ അത് ലക്ഷ്യസ്ഥാനത്ത് എത്തിച്ചുകൊള്ളണമെന്നില്ല. പകരം അപകടങ്ങളിലേക്ക് നയിച്ചേക്കാം.
സിഗ്നൽ നഷ്ടപ്പെടാൻ സാധ്യതയുള്ള റൂട്ടുകളിൽ നേരത്തെ തന്നെ റൂട്ട് സേവ് ചെയ്ത് വെയ്ക്കാവുന്നതാണ്. നാലുചക്രവാഹനങ്ങൾ, ഇരുചക്രവാഹനങ്ങൾ, സൈക്കിൾ, കാൽനടയാത്ര, ട്രെയിൻ എന്നിങ്ങനെയുള്ള ഓപ്ഷനുകളിൽ നമ്മുടെ ആവശ്യാനുശ്രിതം തെരഞ്ഞെടുക്കുക. ബൈക്ക് പോകുന്ന വഴി ഫോർ വീലർ പോകില്ലാത്തതിനാൽ ഇത് വളരെ ശ്രദ്ധയോടെ തന്നെ തിരഞ്ഞെടുക്കണം.
ഒരു സ്ഥലത്തേയ്ക്ക് പോകാൻ രണ്ടുവഴികളുണ്ടാകാം. ഈ സന്ദർഭങ്ങളിൽ ഇടയ്ക്കിടെ നമുക്ക് അറിയാവുന്ന ഒരു സ്ഥലം ആഡ് സ്റ്റോപ്പ് ആയി നൽകിയാൽ വഴി തെറ്റുന്ന സാഹചര്യം ഒഴിവാക്കാവുന്നതാണ്.