വഴി നീളെ കണ്ഠമിടറി ആയിരങ്ങൾ; മണിക്കൂറുകൾ പിന്നിട്ടിട്ടും തിരുവനന്തപുരം ജില്ല കഴിയാതെ വിലാപ യാത്ര

അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം വഹിച്ചു കൊണ്ടുള്ള വിലാപ യാത്ര ഇപ്പോഴും തിരുവനന്തപുരം ജില്ലയിലൂടെ കടന്നുപോകുന്നു. വൈകിട്ട് മൂന്ന് മണിയോടെ വിലാപയാത്ര ആരംഭിച്ചെങ്കിലും ഇപ്പോഴും തിരുവനന്തപുരം ജില്ല പോലും കടക്കാൻ വിലാപയാത്രക്ക് സാധിച്ചിട്ടില്ല.
ഇന്ന് രാത്രി ഒമ്പത് മണിയോടെ ആലപ്പുഴയിലെ വിഎസിന്റെ വീട്ടിലേക്ക് ഭൗതിക ശരീരം എത്തുമെന്നായിരുന്നു നേരത്തെ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ നാളെ രാവിലെയോടെ മാത്രമേ വിലാപയാത്ര ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിക്കൂ.
വഴിനീളെ ആയിരങ്ങളാണ് തങ്ങളുടെ പ്രിയ നേതാവിന് വിട നൽകാനായി കാത്തുനിൽക്കുന്നത്. രാത്രി വൈകുന്തോറും പാതയോരങ്ങളിൽ ജനക്കൂട്ടം നിറയുകയാണ്. മുഷ്ടിചുരട്ടി മുദ്രവാക്യം മുഴക്കി കണ്ണുനീർ വാർത്തുകൊണ്ടാണ് ഓരോരുത്തരും വിഎസിന് യാത്ര നൽകാനായി കാത്തുനിൽക്കുന്നത്
നിലവിൽ തിരുവനന്തപുരം മംഗലപുരത്താണ് വിലാപയാത്ര എത്തിനിൽക്കുന്നത്. മംഗലപുരത്തും സ്ത്രീകളടക്കമുള്ള നൂറുകണക്കിനാളുകളാണ് റോഡരികിൽ കാത്തുനിൽക്കുന്നത്. ഇന്ന് രാവിലെ ഒമ്പത് മണി മുതൽ ദർബാർ ഹാളിൽ ആരംഭിച്ച പൊതുദർശനം രണ്ടരയോടെയാണ് അവസാനിച്ചത്.