Kerala

തൃശ്ശൂർ പൂരം കലക്കൽ: എഡിജിപിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു, ഗൂഢാലോചന സംശയിച്ച് റവന്യു മന്ത്രിയുടെ മൊഴി

തൃശൂർ പൂരം അലങ്കോലപ്പെടുത്താൻ നീക്കമെന്ന മുന്നറിയിപ്പ് എഡിജിപി എം ആർ അജിത് കുമാർ അവഗണിച്ചെന്ന് ക്രൈംബ്രാഞ്ചിന് മൊഴി നൽകി റവന്യൂ മന്ത്രി കെ രാജൻ. പലതവണ ഫോൺ വിളിച്ചിട്ടും എം ആർ അജിത്കുമാർ എടുത്തില്ലെന്നും മൊഴിയുണ്ട്. പോലീസ് നടപടി രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണോയെന്ന് സംശയിക്കുന്നുവെന്നും മന്ത്രി ക്രൈംബ്രാഞ്ചിനോട് പറഞ്ഞു.

ഇതിൽ അന്വേഷണം വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഡി ഐ ജി തോംസൺ ജോസിന്റെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്. കഴിഞ്ഞദിവസം തൃശൂർ പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട് എഡിജിപി എം.ആർ. അജിത്കുമാറിന് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്കു റിപ്പോർട്ട് നൽകിയിരുന്നു.

വിഷയത്തിൽ അജിത് കുമാറിന് ഗുരുതര വീഴ്ചയുണ്ടായെന്ന മുൻ ഡിജിപി എസ്.ദർവേഷ് സാഹിബിന്റെ റിപ്പോർട്ട് ശരിവച്ചാണ് ആഭ്യന്തര സെക്രട്ടറിയുടെ നടപടി. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. പൂരം കലങ്ങിയ സമയത്ത് സ്ഥലത്തുണ്ടായിരുന്നിട്ടും ഇടപെട്ടില്ല എന്നാണ് ഡിജിപിയുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.

മന്ത്രിമാർ ഉൾപ്പെടെ വിളിച്ചിട്ടും ഫോൺ എടുക്കാൻ തയാറാകാതിരുന്നത് ഗുരുതര വീഴ്ചയാണെന്നും കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ രാത്രി ഉറങ്ങിപ്പോയതു കൊണ്ടാണ് മന്ത്രി വിളിച്ചപ്പോൾ എടുക്കാൻ കഴിയാതിരുന്നത് എന്നായിരുന്നു അജിത്കുമാറിന്റെ മറുപടി.

 

Related Articles

Back to top button
error: Content is protected !!