Sports

ഒടുവില്‍ തിലക് വര്‍മയും ഡക്കായി; നിരാശയോടെ ആരാധകര്‍

കുതിക്കാനുള്ള തുടക്കമാണെന്ന് സമാധാനിക്കാം

ഇന്ത്യന്‍ ടീമിന്റെ വെടിക്കെട്ട് താരം തിലക് വര്‍മയുടെ ഹിറ്റുകളുടെ പരമ്പരകള്‍ക്കൊടുവില്‍ പൂജ്യനായി മടങ്ങി. വിജയ് ഹസാരെ ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിംഗ് പ്രതീക്ഷിച്ച ഹൈദരബാദിന്റെ ആരാധകരെ നിരാശരാക്കി തിലക് വര്‍മ റണ്‍സെടുക്കാതെ പുറത്തായി.

ദക്ഷിണാഫ്രിക്കക്കെതിരെ നവംബര്‍ 13ന് തുടങ്ങിയ കുതിപ്പാണ് നാഗാലാന്‍ഡ് എന്ന ദുര്‍ബല ടീമിന് മുന്നില്‍ തിലക് വര്‍മ അടിയറവ് വെച്ചത്. തുടര്‍ച്ചയായ മൂന്ന് കൂറ്റന്‍ ടി20 സെഞ്ച്വറിയും പിന്നീട് രണ്ട് അര്‍ധ സെഞ്ച്വറിയും മധ്യപ്രദേശിനെതിരായ 46 റണ്‍സിന്റെയും മികച്ച പ്രകടനങ്ങള്‍ക്കൊടുവിലാണ് തിലക് പൂജ്യത്തിന് ഔട്ടാകുന്നത്. രണ്ട് ബോളുകള്‍ നേരിട്ട താരത്തെ നാഗാലാന്‍ഡിന്റെ റോംഗ്‌സണ്‍ ജൊനാഥന്‍ ബൗള്‍ഡാക്കുകയായിരുന്നു.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ രണ്ട് സെഞ്ച്വറികള്‍ക്ക് ശേഷം മുഷ്താഖ് അലി ട്രോഫിയില്‍ മേഘാലയക്കെതിരെ 151 റണ്‍സിന്റെ കൂറ്റന്‍ സ്‌കോര്‍ എടുത്തതിന് പിന്നാലെ ബംഗാളിനെതിരെ 57 റണ്‍സും അടിച്ചെടുത്തിരുന്നു. പിന്നീട് രാജസ്ഥാനോട് 13 റണ്‍സിന് പുറത്തായെങ്കിലും 51 റണ്‍സോടെ നോട്ടൗട്ടായി ബിഹാറിനെതിരായ മത്സരത്തില്‍ തിലക് തിരിച്ചെത്തിയിരുന്നു. പിന്നീട് പഞ്ചാബിനോട് ഒമ്പത് റണ്‍സിന് പുറത്തായെങ്കിലും മധ്യമപ്രദേശിനെതിരായ മത്സരത്തില്‍ 46 റണ്‍സിന്റെ ഭേദപ്പെട്ട ഇന്നിംഗ്‌സ് അദ്ദേഹം പുറത്തെടുത്തു.

സമീപകാലത്തായി ഇന്ത്യക്കായി ഗംഭീര പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരമാണ് തിലക് വര്‍മ. ഇടം കൈയന്‍ ബാറ്റ്സ്മാന്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ളവനാണ്.

അതേസമയം, കരുത്തരായ മുംബൈക്കെതിരെ തിങ്കളാഴ്ച നടക്കാനിരിക്കുന്ന മത്സരത്തില്‍ മിന്നും പ്രകടനം തിലക് കാഴ്ചവെക്കുമെന്ന ആശ്വാസത്തിലാണ് ആരാധകര്‍.

Related Articles

Back to top button
error: Content is protected !!