മൊത്തത്തിൽ ഒരു ചേഞ്ച്; ഇനി കളർഫുൾ ആയി ചാറ്റ് ചെയ്യാം: മാറ്റങ്ങൾ പുതിയ അപ്ഡേറ്റിൽ

ചാറ്റ് തീം അവതരിപ്പിച്ച് വാട്സപ്പ്. ഐഒഎസ്, ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് ഒരേസമയത്താണ് പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചത്. ചാറ്റ് തീമുകൾക്കൊപ്പം ബാക്ക്ഗ്രൗണ്ട് ഓപ്ഷനുകളും പുതിയ അപ്ഡേറ്റിൽ ഉണ്ട്. ചാറ്റ് തീം എന്നാണ് ഈ ഫീച്ചറിന് നൽകിയിരിക്കുന്ന പേര്. 22 പ്രീസെറ്റ് തീമുകളും 30 പുതിയ വാൾപേപ്പറുകളും പുതിയ ഫീച്ചറിലുണ്ട്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ബീറ്റ വേർഷനിലാണ് ഈ ഫീച്ചർ ആദ്യമായി കണ്ടത്.
ചാറ്റുകൾക്ക് ഇനി തീം സെറ്റ് ചെയ്യാൻ ഉപഭോക്താക്കൾക്ക് സാധിക്കുമെന്ന് ബ്ലോഗ് പോസ്റ്റിലൂടെ വാട്സപ്പ് അറിയിച്ചു. വിവിധ ചാറ്റ് ബോക്സിനായി ഒരു പ്രത്യേക തീം സെറ്റ് ചെയ്യാം. ഈ തീമുകൾ അതാത് യൂസർമാർക്കേ കാണാൻ സാധിക്കൂ. പുതിയ തീമുകൾ ചാനലുകളിലും സെറ്റ് ചെയ്യാം. ബിൽറ്റ് ഇൻ തീമുകളിൽ ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് മാറ്റം വരുത്താനാവും. ബാക്ക്ഗ്രൗണ്ട് ബ്രൈറ്റ്നസ് മാറ്റാനും ഔട്ട്ഗോയിങ് മെസേജുകളുടെ നിറം മാറ്റാനുമൊക്കെ സാധിക്കും. എന്നാൽ, ഇൻകമിങ് മെസേജുകളുടെ നിറം മാറ്റാനാവില്ല. പ്രീസെറ്റ് തീമുകൾ ഇഷ്ടപ്പെട്ടില്ലെങ്കിൽ ഗ്യാലറിയിൽ നിന്നോ ക്യാമറ റോളിൽ നിന്നോ ഉള്ള ചിത്രങ്ങൾ ബാക്ക്ഗ്രൗണ്ടായി ഉപയോഗിക്കാം.
വാട്സപ്പ് ചാറ്റ് തീം എങ്ങനെ മാറ്റാം?
1. വാട്സപ്പ് തുറന്ന് മുകളിൽ വലതുവശത്തുള്ള ത്രീഡോട്ട് മെനുവിൽ അമർത്തുക.
2. ഡ്രോപ് ഡൗൺ മെനുവിൽ നിന്ന് സെറ്റിങ്സ് ക്ലിക്ക് ചെയ്യുക.
3. തുടർന്നുവരുന്ന പേജിൽ ചാറ്റ്സ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
4. ഡിഫോൾട്ട് ചാറ്റ് തീം എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
5. ഇപ്പോൾ വരുന്ന ഭാഗത്ത് തീം മാറ്റാനും ചാറ്റ് കളറും വാൾപേപ്പറുമൊക്കെ മാറ്റാനുമുള്ള ഓപ്ഷൻ കാണാം.
6. പ്രീസെറ്റ് ആയിട്ടുള്ള തീം മാറ്റാനും വാൾപേപ്പർ സൗകര്യപൂർവം മാറ്റാനും ഈ ഓപ്ഷനിലുണ്ട്.
ചാറ്റ് തീം പുറത്തിറക്കിയെങ്കിലും ഇത് ഉപഭോക്താക്കൾക്കെല്ലാം ലഭ്യമാവണമെങ്കിൽ ഏതാനും ദിവസങ്ങൾ മുതൽ ആഴ്ചകൾ വരെ വേണ്ടിവരും. വാട്സപ്പ് അപ്റ്റു ഡേറ്റ് ആയിരിക്കണം. എങ്കിലേ ഈ ഓപ്ഷൻ ലഭ്യമാവുന്നത് അറിയാനാവൂ.