യുഎസ്-ഇറാന്‍ ചര്‍ച്ച പരാജയത്തിലേക്ക്: എണ്ണ വില വര്‍ധിക്കുന്നു

ടെഹ്‌റാന്‍റെ ആണവ പദ്ധതിയെ ചൊല്ലി യുഎസും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ പരാജയത്തിലേക്ക് നീങ്ങുന്നതും ആഗോള വിപണിയില്‍ കൂടുതല്‍ ഇറാന്‍ എണ്ണ വിതരണം ഉണ്ടാകാനുള്ള സാധ്യത ദുര്‍ബലമായതും എണ്ണ വില ഉയരാനുള്ള സാധ്യത വര്‍ധിപ്പിച്ചു.
ഇതിനു പുറമെ ഇസ്രയേല്‍ ഇറാനെ ആക്രമിക്കുമെന്ന റിപ്പോര്‍ട്ടും എണ്ണ വിലയില്‍ വര്‍ധനയുണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിച്ചു. 2025 മേയ് 25 ചൊവ്വാഴ്ച എണ്ണ വില ഉയര്‍ന്നു. അമെരിക്കയുമായുള്ള ആണവ ചര്‍ച്ചയില്‍ പുരോഗതിയുണ്ടാകാന്‍ സാധ്യതയില്ലെന്ന് ഇറാന്‍റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി പറഞ്ഞതും 2025 മേയ് 20 ചൊവ്വാഴ്ചയായിരുന്നു.
ജുലൈയില്‍ ഡെലിവറിയുള്ള ബ്രെന്‍റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് ബാരലിന് 87 സെന്റ് അഥവാ 1.3% ഉയര്‍ന്ന് 66.25 ഡോളറിലെത്തി. പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെകിലെ അംഗങ്ങളില്‍ മൂന്നാമത്തെ വലിയ എണ്ണ ഉല്‍പാദക രാജ്യമാണ് ഇറാന്‍. ഇസ്രയേല്‍ ഇറാനെ ആക്രമിച്ചാല്‍ അത് ഇറാനില്‍നിന്നും ആഗോള വിപണിയിലേക്കുള്ള എണ്ണ പ്രവാഹത്തെ തടസപ്പെടുത്തിയേക്കാം.
ഇതിനുപുറമെ ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം ഉടലെടുത്താല്‍ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണ ടാങ്കറിന്‍റെ ഒഴുക്ക് തടഞ്ഞുകൊണ്ട് ഇറാന്‍ പ്രതികാരം ചെയ്യുമെന്നും ആശങ്കയുണ്ട്. സൗദി അറേബ്യ, ഇറാഖ്, യുഎഇ എന്നീ രാജ്യങ്ങള്‍ എണ്ണയും ഇന്ധനങ്ങളും കയറ്റുമതി ചെയ്യുന്നത് പ്രധാനമായും ഹോര്‍മുസ് കടലിടുക്കിലൂടെയാണ്.