ഇന്ത്യയോട് വിട്ടുവീഴ്ചയില്ലെന്ന് അമേരിക്ക; നാളെ മുതൽ 50 ശതമാനം തീരുവ

ഇറക്കുമതി തീരുവ വിഷയത്തിൽ ഇന്ത്യയോട് വിട്ടുവീഴ്ച ഇല്ലെന്ന നിലപാടിൽ അമേരിക്ക. 50% താരിഫിൽ ഇന്ത്യക്ക് നോട്ടീസ് അയച്ചു. ഓഗസ്റ്റ് 27 മുതൽ 50% താരിഫ് നടപ്പാക്കും. യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പാണ് ഇന്ത്യക്ക് നോട്ടീസ് നൽകിയത്. റഷ്യ-യുക്രെയ്ൻ സംഘർഷം അവസാനിക്കാത്ത സാഹചര്യത്തിലാണ് ഇന്ത്യക്ക് നോട്ടീസ്.
ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 25 ശതമാനത്തിൽ നിന്ന് 50 ശതമാനമായി തീരുവ വർധിപ്പിക്കാനുള്ള പ്രഖ്യാപനം ഈ മാസം ആദ്യമാണ് ട്രംപ് നടത്തിയത്. ഇതിനുള്ള സമയപരിധി ഓഗസ്റ്റ് 27 ആയി നിശ്ചയിക്കുകയും ചെയ്തിരുന്നു. യുഎസ് സമയം ചൊവ്വാഴ്ച അർധരാത്രി മുതൽ ഉത്തരവ് പ്രാബല്യത്തിലാകുമെന്നാണ് യുഎസ് അറിയിച്ചത്
പുതിയ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ അമേരിക്ക ഏറ്റവും കൂടുതൽ ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യമായി ബ്രസീലിനൊപ്പം ഇന്ത്യയും ചേരും. സ്വിറ്റ്സർലൻഡ് 39 ശതമാനം, കാനഡ 35 ശതമാനം, ചൈന, ദക്ഷിണാഫ്രിക്ക 30 ശതമാനം, മെക്സിക്കോ 25 ശതമാനം എന്നീ രാജ്യങ്ങളാണ് ഉയർന്ന തീരുവ പട്ടികയിൽ പിന്നാലെയുള്ളത്.