പച്ചക്കറി വില കുതിക്കുന്നു; ചമ്മന്തികൂട്ടി ഉണ്ണേണ്ടുന്ന സ്ഥിതിയിലേക്കോ കേരളം?
തിരുവനന്തപുരം: നാളിതുവരെ കാണാത്ത വിലക്കയറ്റമാണ് സംസ്ഥാനത്ത് ഉപ്പുതൊട്ട് കര്‍പ്പൂരത്തിനുവരെ. പച്ചക്കറി വിലയും കുത്തനെ ഉയരുന്ന പ്രവണതയാണ് ഏതാനും മാസങ്ങളായി കണ്ടുവരുന്നത്. വിലകള്‍ക്ക് യാതൊരു നിയന്ത്രണവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നില്ലെന്ന സ്ഥിതിയായിരിക്കുന്നു. ആര്‍ക്കും എന്തും എന്തുവിലക്കും വിറ്റഴിക്കാവുന്ന അവസ്ഥയാണ്. പ്രത്യേകിച്ചും കൂണുപോലെ സൂപ്പര്‍മാര്‍ക്കറ്റുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളുമെല്ലാം കളംനിറഞ്ഞാടുന്ന കേരളത്തില്‍.
വില ഉയര്‍ന്നതോടെ മലയാളികള്‍ തങ്ങളുടെ പ്രിയപ്പെട്ട കറികളെല്ലാം ഉപേക്ഷിക്കേണ്ട അവസ്ഥയാണ്. തോരനും തൊട്ടുകൂട്ടാനുമെല്ലാം താത്ക്കാലികമായെങ്കിലും വേണ്ടെന്നു വെക്കേണ്ടുന്ന സ്ഥിതിയായിരിക്കുന്നു.
പച്ചക്കറി വിലയാണ് ചാഞ്ചാടിക്കൊണ്ടിരിക്കുന്നത്. കുത്തനെ കൂടും. പിന്നെ ചെറുതായൊന്നു കുറയും. വീണ്ടും വാണംപോലെ വില കുതിക്കും.
വിപണിയില്‍ രണ്ടാഴ്ച മുന്‍പ് കിലോയ്ക്ക് 70 രൂപ ആയിരുന്ന ബീന്‍സിന് ഇപ്പോള്‍ ഹോള്‍സൈല്‍ വില 180 രൂപയാണ്. വെളുത്തുള്ളി വില പൊള്ളും. കിലോയ്ക്ക് 130 രൂപയില്‍ നിന്ന് 330 രൂപയിലേക്കാണ് വെളുത്തുള്ളി വില ചെറിയ കാലംകൊണ്ട് കയറിപ്പോയിരിക്കുന്നത്. വെളുത്തിള്ളി ഇനിയെന്ന് താഴേക്കിറങ്ങുമെന്ന് പറയാനാവാത്ത സ്ഥിതിയാണ്.
മുപ്പതും നാല്‍പതിലുമെല്ലാം ചാഞ്ചാടിയിരുന്ന സവാളയ്ക്ക് കിലോയ്ക്ക് ഇപ്പോള്‍ 60 രൂപയോളമാണ്. വെണ്ടയ്ക്ക് കിലോ 40 രൂപ, മുളക് 35 രൂപ, പടവലം കിലോ 25 രൂപ, കാബേജ് 35 രൂപ, ചേന 65 രൂപ, ചെറിയ ഉള്ളി 55, കാരറ്റ് 60 എന്നിങ്ങനെയാണ് നിലവാരം. ഇടക്ക് ഇളവനും പടവലവുമെല്ലാം അന്‍പതിലോട്ടും അറുപതിലോട്ടും കയറിപ്പോയിരുന്നു.
28 രൂപമുതല്‍ 33 രൂപവരെ ഉണ്ടായിരുന്ന ഉരുളക്കിഴങ്ങിന് 42 രൂപ കൊടുക്കണം. വഴുതന 55 രൂപയ്ക്കും വില്‍ക്കുമ്പോള്‍ തക്കാളി വില മാത്രമാണ് നേരിയ ആശ്വാസം നല്‍കുന്നത്. കിലോയ്ക്ക് 80 രൂപയോളം ഉയര്‍ന്നിരുന്നത് ഇപ്പോള്‍ 50 ലേക്ക് താഴ്ന്നിട്ടുണ്ട്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് 25ഉം 30മെല്ലാമായിരുന്നതാണ് വീണ്ടും കയറുന്നത്. പച്ചക്കറിക്ക് കൂടിയാല്‍ ചമ്മന്തിയരച്ച് കൂട്ടാമെന്നു വിചാരിച്ചാല്‍ നാളികേരത്തിന്റെ വിലയും കുത്തനെ കൂടിയിട്ടുണ്ട്. പച്ചതേങ്ങ കിലോക്ക് 35 രൂപവരെയായിരുന്നത് ഇപ്പോള്‍ അന്‍പതിനോട് തൊട്ടുനില്‍ക്കുന്നു. വെളിച്ചെണ്ണയുടെ വില 160ഉം 180 ആയിരുന്നത് ഇപ്പോള്‍ 220 മുതല്‍ 250 വരെയെന്ന നിലയിലാണ്.