കോലി ഇന്ത്യ വിട്ട് ലണ്ടനിലേക്ക് ചേക്കേറും; വെളിപ്പെടുത്തലുമായി മുന്‍ കോച്ച്
എത്രയും വേഗം വേണമെന്ന് വിമര്‍ശകര്‍
പുതിയ കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിന് വലിയ പേരുണ്ടാക്കി കൊടുത്ത താരങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലുള്ള മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി രാജ്യം വിട്ട് ലണ്ടനിലേക്ക് ചേക്കേറുമെന്ന് വെളിപ്പെടുത്തല്‍. കോലിയുടെ മുന്‍ കോച്ച് രാജ്കുമാര് ശര്‍മയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഭാര്യയും നടിയുമായ അനുഷ്കാ ശര്‍മ, മക്കളായ വാമിക, അക്കായ് എന്നിവര്‍ക്കൊപ്പം ലണ്ടനിലേക്കാണ് കോലി ചേക്കേറുക.
വിരാട് കോലിയുടെ രണ്ടാമത്തെ ഹോമെന്നു വേണമെങ്കില്‍ ഇപ്പോള്‍ ലണ്ടനെ വിളിക്കാം. കാരണം ഈ വര്‍ഷത്തിന്റെ ഭൂരിഭാഗവും അദ്ദേഹം കുടുംബത്തോടൊപ്പം അവിടെയാണ് ചെലവഴിച്ചത്. ലണ്ടനില്‍ നേരത്തേ തന്നെ അദ്ദേഹം സ്വന്തമായി അപ്പാര്‍ട്ട്മെന്റും വാങ്ങിയിരുന്നു. കോലിയുടെയും അനുഷ്കാ ശര്‍മയുടെയും മകനായ അക്കായ് ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇവിടെയുള്ള ആശുപത്രിയിലാണ് ജനിച്ചത്.
അതേസമയം, ലണ്ടനിലേക്ക് കോലിയുടെ പോക്ക് ഉടന്‍ ഉണ്ടാകില്ലെന്നും വിരമിക്കല്‍ പ്രഖ്യാപനത്തിന് ശേഷം മാത്രമെ അതുണ്ടാകുകയുള്ളൂവെന്നും കോച്ച് വ്യക്തമാക്കി. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, കോലിയുടെ സമീപ കാലത്തെ പെര്‍ഫോമന്‍സില്‍ അതൃപ്തിയുമായി രംഗത്തെത്തിയ ആരാധകര്‍ ഈ വാര്‍ത്തയോട് വ്യാപകമായി പ്രതികരിക്കുന്നുണ്ട്. നാട് വിട്ട് ടീം ഇന്ത്യയെ രക്ഷിക്കണമെന്നതടക്കമുള്ള കമന്റുകള്‍ ഉയരുന്നുണ്ട്. ഓസ്ട്രേലിയക്കും ന്യൂസിലാന്‍ഡിനുമെതിരായ ടെസ്റ്റ് പരമ്പരയില്‍ മോശം പ്രകടനമാണ് കോലിയും രോഹിത് ശര്‍മയുമടക്കമുള്ള സീനിയര്‍ താരങ്ങള്‍ കാഴ്ചവെച്ചത്.