വയനാട് ദുരന്തം: കൂടുതൽ സഹായം കിട്ടാൻ അർഹതയുണ്ടെന്ന് കേന്ദ്രത്തെ ബോധ്യപ്പെടുത്തണമെന്ന് ഹൈക്കോടതി
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കൂടുതൽ സഹായം കിട്ടാൻ കേരളത്തിന് അർഹതയുണ്ടെന്ന് കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്തണമെന്ന് ഹൈക്കോടതി. ഇതിനായി കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കിടയിൽ മധ്യസ്ഥതയക്ക് തയ്യാറാണെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു. 700 കോടി രൂപയോളം സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ ഉണ്ടെങ്കിലും ചെലവഴിക്കാവുന്ന മിച്ചമുള്ളത് 61 കോടി രൂപയാണെന്ന് അമികസ്ക്യൂറിയും റിപ്പോർട്ട് നൽകി
വയനാട് പുനരധിവാസത്തിന് 2300 കോടിയുടെ കേന്ദ്ര പാക്കേജ് വേണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. ഇന്ന് ഹൈക്കോടതിയിൽ സർക്കാർ കണക്കുകൾ ബോധ്യപ്പെടുത്തിയിരുന്നു. 782.99 കോടിയാണ് ഒക്ടോബർ ഒന്ന് വരെ എസ് ഡി ആർ എഫിലുണ്ടായിരുന്നത്. എന്നാൽ ഡിസംബർ 10ലെ കണക്ക് നോക്കുമ്പോൾ ഇത് 700.5 കോടിയാണ്.
ഇത് സംസ്ഥാനത്തെ മുഴുവൻ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കുമുള്ളതാണ്. ഉരുൾപൊട്ടൽ മേഖലയ്ക്ക് മാത്രമായി ഉപയോഗിക്കാനാകില്ല. ആകെയുള്ള 700.5 കോടിയിൽ 471 കോടിയോളം സംസ്ഥാനത്തെ വിവിധ ആവശ്യങ്ങൾക്ക് കൊടുത്ത് തീർക്കാനുള്ളതാണ്. മറ്റൊരു 128 കോടി മറ്റാവശ്യങ്ങൾക്കായി മാറ്റി വെക്കേണ്ടതുണ്ടെന്നും സർക്കാർ അറിയിച്ചിരുന്നു.