Kerala

ക്ഷേമപെന്‍ഷന്‍ തട്ടിപ്പ്; അനര്‍ഹരായ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സാമൂഹിക സുരക്ഷാ പെൻഷൻ കൈപ്പറ്റിയ അനർഹരായ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ കൈപ്പറ്റുന്നതായി കണ്ടെത്തിയ പശ്ചാത്തലത്തില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം.

തട്ടിപ്പുകാണിച്ചവര്‍ക്കെതിരെ വകുപ്പ് തലത്തില്‍ അച്ചടക്ക നടപടിയെടുക്കും. കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടപ്പിക്കും. അനര്‍ഹര്‍ കയറിക്കൂടാന്‍ സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും. അനര്‍ഹമായി പെന്‍ഷന്‍ വാങ്ങുന്ന ജീവനക്കാര്‍ അല്ലാത്തവര്‍ക്കെതിരെയും നടപടിയുണ്ടാകും.

മരണപ്പെട്ടവരെ അതത് സമയത്ത് കണ്‍കറിങ്ങ് മസ്റ്ററിങ്ങ് നടത്തി ലിസ്റ്റില്‍ നിന്ന് ഒഴിവാക്കും. വാര്‍ഷിക മസ്റ്ററിങ്ങ് നിര്‍ബന്ധമാക്കും. ഇതിന് ഫെയ്സ് ഓതന്‍റിക്കേഷന്‍ സംവിധാനം ഏര്‍പ്പെടുത്തും. വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ സീഡിങ്ങ് എന്നിവ നിര്‍ബന്ധമാക്കും. സര്‍ക്കാര്‍ സര്‍വ്വീസില്‍ കയറിയ ശേഷം മസ്റ്ററിങ്ങ് നടത്തി ആനുകൂല്യം കൈപ്പറ്റുന്നത് അശ്രദ്ധയല്ലെന്ന് മുഖ്യമന്ത്രി യോഗത്തില്‍ ചൂണ്ടിക്കാട്ടി. തദ്ദേശസ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ ക്ഷേമപെന്‍കാരുടെ അര്‍ഹത വിലയിരുത്താനും ധനവകുപ്പ് പരിശോധന തുടരാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. യോഗത്തില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലൻ പങ്കെടുത്തു.

അതേസമയം, തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ട്. പെൻഷൻ അർഹത സംബന്ധിച്ച് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ, വരുമാന സർട്ടിഫിക്കറ്റ് അനുവദിച്ച റവന്യൂ ഉദ്യോഗസ്ഥർ, പെൻഷൻ അനുവദിച്ചു നൽകിയ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് നടപടി സ്വീകരിക്കാൻ ഭരണ വകുപ്പുകൾക്കും നിർദേശം നൽകിയിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!