ക്ഷേമ പെൻഷൻ തട്ടിപ്പ്: മൃഗസംക്ഷണ വകുപ്പിലും നടപടി, ഡോക്ടറടക്കം പട്ടികയിൽ
അനധികൃതമായി സാമുഹികക്ഷേമ പെൻഷൻ തട്ടിയ കൂടുതൽ സർക്കാർ ജീവനക്കാർക്കെതിരെ നടപടി. ക്ഷേമ പെൻഷൻ തട്ടിയവർക്കെതിരെ മൃഗസംരക്ഷണ വകുപ്പ് നടപടി ആരംഭിച്ചു. തട്ടിപ്പ് പരിശോധിക്കാൻ മൃഗസംരക്ഷണ വകുപ്പ് അണ്ടർ സെക്രട്ടറിയെ നോഡൽ ഓഫീസറായി ചുമതലപ്പെടുത്തി. ഇത് സംബന്ധിച്ച് ഒരാഴ്ചക്കുള്ളിൽ മന്ത്രിക്ക് റിപ്പോർട്ട് നൽകും
മൃഗസംരക്ഷണ വകുപ്പിലെ ഒരു മൃഗ ഡോക്ടറടക്കം 72 പേരുടെ പട്ടികയാണ് ധനവകുപ്പ് നൽകിയിരിക്കുന്നത്. ഇതിലധികവും പാർട്ട് ടൈം സ്വീപ്പർമാരാണ്. ഇക്കാര്യം പരിശോധിക്കാൻ മൃഗസംരക്ഷണ വകുപ്പ് അണ്ടർ സെക്രട്ടറിയെ നോഡൽ ഓഫീസറായി ചുമതലപ്പെടുത്തി. 72 പേർക്കും പറയാനുള്ളത് കേട്ടതിന് ശേഷമാകും നടപടി.
എട്ട് ജില്ലകളിലെ ജീവനക്കാർക്കെതിരെയാണ് നടപടിക്ക് ശുപാർശ. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ 72 ജീവനക്കാരാണ് പണം അനധികൃതമായി കൈപ്പറ്റിയത്. 18 ശതമാനം പലിശയോടെ തുക തിരിച്ചുപിടിക്കുന്നതിന് പുറമെ അച്ചടക്ക നടപടിയും സ്വീകരിച്ചേക്കും.