എജ്ജാതി ബാറ്റിംഗ്; ഫോറും സിക്‌സും മാത്രമായി 80 റണ്‍സ്; വിസ്മയം തീര്‍ത്ത് ശ്രേയസ് അയ്യര്‍
55 ബോളില്‍ നിന്ന് 114 റണ്‍സ്
ഏകദിനം ആണെന്ന വിവരം ശ്രേയസ് അയ്യര്‍ മറന്നുപോയിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇന്ത്യന്‍ ടീമില്‍ വീണ്ടുമൊരു അവസരം കാത്തിരിക്കുന്ന ശ്രേയസ് അയ്യര്‍ ഞെട്ടിക്കുന്ന പ്രകടനമാണ് വിജയ് ഹസാരെ ട്രോഫിയില്‍ കാഴ്ചവെച്ചത്. മുംബൈക്ക് വേണ്ടി ബാഡ് അണിഞ്ഞ ക്യാപ്റ്റന്‍ കൂടിയായ അയ്യര്‍ 55 പന്തില്‍ നേടിയത് 114 റണ്‍സിന്റെ കൂറ്റന്‍ സ്‌കോര്‍. ടി20യെ വെല്ലുന്ന പ്രകടനമാണ് താരം കാഴ്ചവെച്ചത്.
പത്ത് സിക്‌സും അഞ്ച് ഫോറുമായി 80 റണ്‍സ് ബൗണ്ടറിയിലൂടെ മാത്രം നേടിയ താരം പുറത്താകാതെ ടീമിന്റെ നെടുംതൂണായി നിന്നു. ഐ പി എല്ലില്‍ കൊല്‍ക്കത്തയുടെ ക്യാപ്റ്റനായി വീണ്ടും തിരിച്ചെത്തിയ ശ്രേയസ് അയ്യര്‍ വരാനിരിക്കുന്ന പ്രീമിയര്‍ ലീഗില്‍ വെടിക്കെട്ട് പ്രകടനം കാഴ്ചവെക്കുമെന്ന സൂചന കൂടിയാണ് നല്‍കുന്നത്. ഓപ്പണറായി ആയുഷ് മഹ്‌ത്രെയുടെ 78(82), ഹാര്‍ദിക് തമോറിന്റെ 84(94), ശിവം ദുബെയുടെ 63(36) എന്നിവരുടെ മികവില്‍ ടീം മുംബൈ നാല് വിക്കറ്റ് നഷ്ടത്തില്‍ 382 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തി.
കര്‍ണാടക്കെതിരെയാണ് ശ്രേയസ് അയ്യറിന്റെ മികച്ച പ്രകടനം. കന്നഡ ബോളര്‍മാര്‍ക്ക് കണക്കിന് കൊടുത്തിട്ടുണ്ട് ശ്രേയസും കൂട്ടരും. പത്ത് ഓവര്‍ ചെയ്ത വിദ്യാധര്‍ പാട്ടിലിന് 103 റണ്‍സാണ് വിട്ടുനല്‍കേണ്ടി വന്നത്. പ്രവീണ്‍ ദുബെ 89, വിജയ് കുമാര്‍ 74 എന്നിവരും കൂറ്റന്‍ റണ്‍സ് വഴങ്ങി.