3 വർഷം എന്ത് ചെയ്തു; ഹേമ കമ്മിറ്റിയുടെ പൂർണ റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറണമെന്നും ഹൈക്കോടതി
സിനിമയിലെ ലൈംഗാതിക്രമ പരാതികൾ പരിശോധിക്കാൻ സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം കൈമാറണമെന്ന് ഹൈക്കോടതി. രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ടിന്റെ പൂർണ രൂപം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഗുരുതരമായ ആരോപണങ്ങളിൽ സർക്കാർ എന്ത് ചെയ്‌തെന്നും കോടതി ചോദിച്ചു. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെന്നായിരുന്നു സർക്കാരിന്റെ മറുപടി. എന്തുകൊണ്ട് സർക്കാർ അടിയന്തര നടപടി സ്വീകരിച്ചില്ലെന്നും ഹൈക്കോടതി ആരാഞ്ഞു
പരാതികളിലും വെളിപ്പെടുത്തലുകളിലും നിയമ നടപടി തുടങ്ങിയെന്നായിരുന്നു സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ കോടതിയിൽ അറിയിച്ചത്. എന്നാൽ സർക്കാർ നിഷ്‌ക്രിയത്വം കാണിച്ചെന്ന് കോടതി വിമർശിച്ചു. 2021ൽ റിപ്പോർട്ട് ഡിജിപിക്ക് കൈമാറിയിട്ടും നടപിയെടുക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു
നടപടികളിൽ തിടുക്കം പാടില്ലെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. എഫ്‌ഐആർ വേണോയെന്ന് റിപ്പോർട്ട് പരിശോധിച്ച് മാത്രം തീരുമാനമെടുക്കാമെന്നും കോടതി നിർദേശിച്ചു.