പൂച്ചയെ അയച്ചത് ആരാണ്?; 27 വർഷങ്ങൾക്ക് ശേഷം ‘സമ്മര്‍ ഇന്‍ ബത്‌ലഹേം’ കൂട്ടുക്കെട്ട് എത്തുന്നു

മലയാളത്തിലെ ഏറ്റവും റിപ്പീറ്റ് വാല്യു ഉള്ള സിനിമയായ ‘സമ്മര്‍ ഇന്‍ ബത്‌ലഹേ’മിന് ശേഷം സിബി മലയില്‍ – രഞ്ജിത്ത് – സിയാദ് കോക്കർ കൂട്ടുക്കെട്ട് വീണ്ടുമെത്തുന്നു. ‘ആഫ്റ്റർ 27 ഇയേഴ്സ്’, രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത് സിയാദ് കോക്കർ നിർമിക്കുന്ന ചിത്രം ഉടൻ വരുന്നു എന്ന് എഴുതിയ പോസ്റ്റർ പുറത്തുവന്നു. ‘മാജിക് വെറുതെ സംഭവിക്കുന്നതല്ല, ഇതിഹാസങ്ങൾ ഒരുമിക്കുമ്പോള്‍ ഉണ്ടാകുന്നതാണ്. ഉടൻ വരുന്നു’ എന്ന കുറിപ്പോടെയാണ് പുതിയ സിനിമയുടെ പോസ്റ്റർ സിയാദ് കോക്കർ പങ്കുവച്ചിരിക്കുന്നത്.
സമ്മർ ഇൻ ബത്‌ലഹേമി’ന്റെ റഫറൻസുള്ള പോസ്റ്ററാണ് പങ്കുവച്ചിരിക്കുന്നത്. ‘ആരാണ് പൂച്ചയ്ക്ക് മണി കെട്ടിയത്???… കൂടുതൽ സർപ്രൈസുകൾക്കായി കാത്തിരിക്കുക’ എന്ന കുറിപ്പോടെയാണ് സിനിമയുടെ പോസ്റ്റർ സിബി മലയിൽ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ആലോചനയിലുണ്ടെന്നും അതിലും മഞ്ജു വാരിയർ ഉണ്ടാകുമെന്നും നേരത്തെ സിയാദ് കോക്കർ പറഞ്ഞിരുന്നു.
“1998ല്‍ പുറത്തിറങ്ങിയ സമ്മര്‍ ഇന്‍ ബത്‌ലഹേം എന്ന ചിത്രം ഇപ്പോഴും മിനിസ്ക്രീനിലും ഡിജിറ്റൽ ഇടങ്ങളിലും വലിയ ഹിറ്റാണ്. രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയിലാണ് ചിത്രം സംവിധാനം ചെയ്തത്. മഞ്ജു വാരിയര്‍, സുരേഷ് ഗോപി, ജയറാം എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയതാരങ്ങള്‍ ഒന്നിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥിവേഷത്തിലും എത്തിയിരുന്നു. നിരഞ്ജൻ എന്ന മോഹൻലാൽ കഥാപാത്രം ഇന്നും മലയാള സിനിമയിലെ എക്കാലത്തെയും മികച്ച അതിഥി വേഷങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.”
“രണ്ടാം ഭാഗത്തിനുള്ള എല്ലാ ചേരുവകളും ബാക്കിവച്ചാണ് അന്ന് സിനിമ അവസാനിപ്പിച്ചത്. സിനിമയുടെ അവസാന ഭാഗത്ത് ജയറാമിന് പൂച്ചയെ അയച്ചത് ആരാണെന്നുള്ള ചോദ്യമാണ് ഇന്നും ഉത്തരം കിട്ടാതെ അവശേഷിക്കുന്നത്. മഞ്ജു വാര്യരാണോ അതോ മറ്റുള്ളവരാണോ ആ പൂച്ചയെ അയച്ചതെന്നായിരുന്നു ആരാധകരുടെ മനസിൽ അവശേഷിച്ച സംശയം. ആ ട്വിസ്റ്റ് നിലനിര്‍ത്തിയായിരുന്നു സിനിമ അവസാനിച്ചത്. സിനിമ ഇറങ്ങിയത് മുതല്‍ രണ്ടാം ഭാഗമെത്തുമോ എന്ന ചോദ്യം പ്രേക്ഷകര്‍ ചോദിച്ചിരുന്നു. ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്നു വേണം വിലയിരുത്താൻ.”
എന്നാൽ, പഴയ ചിത്രത്തിലെ അഭിനേതാക്കളായ ജയറാം, സുരേഷ് ഗോപി, മഞ്ജു വാര്യർ തുടങ്ങിയവർ പുതിയ പ്രോജക്റ്റിൽ ഭാഗമാകുമോ എന്നറിയാൻ ആരാധകർ കാത്തിരിക്കുകയാണ്. ഈ കൂട്ടുകെട്ടിൽ ഒരു പുതിയ ചിത്രം വരുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. പഴയ സിനിമയിലെ മായാത്ത ഓർമ്മകൾ പങ്കുവെച്ചുകൊണ്ടും, പുതിയ ചിത്രത്തിന് ആശംസകൾ നേർന്നു കൊണ്ടും നിരവധി പേരാണ് പ്രതികരിക്കുന്നത്.
പുതിയ പ്രോജക്റ്റിനെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ‘പൂച്ചയെ അയച്ചത് ആരാണ്?’ എന്ന ചോദ്യം പുതിയ കാലഘട്ടത്തിൽ എങ്ങനെയായിരിക്കും അവതരിപ്പിക്കുക എന്ന് അറിയാനുള്ള ആകാംഷയിലാണ് മലയാള സിനിമ ലോകം.