Kerala
എന്തിനാണ് വെപ്രാളം; ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിൽ സർക്കാരിന് റോളില്ലെന്ന് മന്ത്രി സജി ചെറിയാൻ
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിൽ സർക്കാരിന് റോളില്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറാണ് റിപ്പോർട്ട് പുറത്തുവിടേണ്ടത്. ഇക്കാര്യത്തിൽ എന്തിനാണ് വെപ്രാളമെന്നും സജി ചെറിയാൻ ചോദിച്ചു
സർക്കാരുമായി ബന്ധപ്പെട്ട വിഷയമല്ല, സർക്കാരിന് അതിൽ റോളില്ല. റിപ്പോർട്ട് പുറത്തുവിടാത്തത് എന്തുകൊണ്ടാണെന്ന് അവരോട് ചോദിക്കണം. വ്യക്തിപരമായ പരാമർശങ്ങൾ ഒഴിവാക്കി റിപ്പോർട്ട് പുറത്തുവിടാമെന്ന് വിവരാവകാശ കമ്മീഷൻ വ്യക്തമാക്കിയിരുന്നു. സർക്കാർ അതിനെ എതിർത്തിട്ടില്ല.
അതിനകത്തെ നിരീക്ഷണങ്ങളും നിഗമനങ്ങളും നിർദേശങ്ങളും വകുപ്പുമായി ബന്ധപ്പെട്ട് നടപ്പാക്കും. റിപ്പോർട്ട് പുറത്തുവിടണമെന്ന ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. കോടതി പറഞ്ഞ ഒരാഴ്ച സമയപരിധി ആയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.