ആലപ്പുഴയിൽ ശക്തമായ മഴയിൽ തെങ്ങ് വീണ് സ്ത്രീ മരിച്ചു

പൂച്ചാക്കൽ (ആലപ്പുഴ): മഴയ്ക്ക് പിന്നാലെ ഉണ്ടായ ശക്തമായ കാറ്റിൽ തെങ്ങ് കടപുഴകി വീണ് സ്ത്രീ മരിച്ചു. പാണാവള്ളി പഞ്ചായത്ത് മൂന്നാം വാർഡ് വൃന്ദാ ഭവനിൽ മല്ലിക (53) ആണ് തെങ്ങ് ദേഹത്തേക്ക് വീണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മല്ലിക വീടിന്റെ മുറ്റത്ത് നിൽക്കുന്ന സമയത്ത് ശക്തമായ കാറ്റിൽ തെങ്ങ് ദേഹത്തേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ഞായറാഴ്ച വീട്ടുവളപ്പിൽ സംസ്കരിക്കും
അതേ സമയം തിരുവനന്തപുരം പാറശാലയിൽ അഞ്ചലിക്കോണത്ത് ശക്തമായ കാറ്റിൽ പള്ളിയുടെ മേൽക്കൂര തകർന്ന് വീണു. വിശുദ്ധ സഹായം പള്ളിയുടെ മേൽക്കൂരയാണ് കാറ്റിൽ തകർന്നത്. അപകടമുണ്ടാകുന്ന സമയത്ത് പള്ളിക്കകത്ത് വിശ്വാസികൾ ഇല്ലാത്തതിരുന്നതിനാൽ ആളപായം ഒഴിവായി. കുടപ്പനംകോട്, അമ്പൂരി തുടങ്ങി തിരുവനന്തപുരത്തെ മലയോര പ്രദേശങ്ങളിൽ ശനിയാഴ്ച ഉച്ചമുതൽ ശക്തമായ കാറ്റ് വീശിയിരുന്നു.