വിമതർ അധികാരം പിടിച്ചതിന് പിന്നാലെ സിറിയയില്‍ ആക്രമണം നടത്തി ഇസ്രായേൽ; അസദ് കുടുംബസമേതം മോസ്‌കോയിൽ

സിറിയയിൽ വിമതർ അധികാരം പിടിച്ചതിന് പിന്നാലെ സിറിയയിൽ ആക്രമണം നടത്തി ഇസ്രായേൽ. സിറിയൻ സൈന്യത്തിന്റെ ആയുധശേഖരത്തിലേക്ക് ഇസ്രായേൽ വ്യോമാക്രമണം നടത്തി. ഇതിനിടെ സിറിയയിൽ നിന്ന് പലായനം ചെയ്ത പ്രസിഡന്റ് ബഷർ അൽ അസദ് കുടുംബസമേതം മോസ്‌കോയിൽ എത്തി. അസദിന് അഭയം നൽകുമെന്ന് റഷ്യ അറിയിച്ചു
വിമതരുടെ നേതാവായ അബു മുഹമ്മദ് ജുലാനി സിറിയയുടെ പുതിയ മേധാവിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അമേരിക്ക തലയ്ക്ക് 10 കോടി വിലയിട്ട കൊടുംഭീകരനാണ് ജുലാനി. വിമതനീക്കത്തെയും സിറിയൻ ജനതയെയും അഭിനന്ദിച്ച് താലിബാൻ രംഗത്തുവന്നിട്ടുണ്ട്.
പ്രസിഡന്റ് രാജ്യം വിട്ടതോടെ ജനം തെരുവിലിറങ്ങി. സിറിയൻ നഗരങ്ങളിൽ ഉയർന്നുനിന്നിരുന്ന ബഷർ അൽ അസദിന്റെ പ്രതിമകൾ ജനം തകർത്തു. സൈന്യവും സുരക്ഷാ സേനയും ദമാസ്‌കസ് വിമാനത്താവളം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. സുപ്രധാന ഭരണകാര്യാലയങ്ങളിൽ നിന്ന് സൈന്യം പിൻമാറി. ജയിലുകൾ തകർത്ത വിമതർ തടവുകാരെ കൂട്ടത്തോടെ മോചിപ്പിച്ചു.