ചെന്നൈ-പാലക്കാട് എക്സ്പ്രസിൽ മിഡിൽ ബെർത്ത് പൊട്ടിവീണ് യുവതിയുടെ തലയ്ക്ക് ഗുരുതര പരുക്ക്

ചെന്നൈ-പാലക്കാട് എക്സ്പ്രസിൽ മിഡിൽ ബർത്ത് വീണ് യുവതിക്ക് ഗുരുതര പരുക്ക്. ചെന്നൈയിൽ നിന്ന് പാലക്കാടേക്ക് വരികയായിരുന്ന 22651 നമ്പർ ട്രെയിനിലെ സ്ലീപ്പർ കോച്ചിലെ മിഡിൽ ബെർത്താണ് വീണത്. തിങ്കളാഴ്ച ജോലാർപേട്ട പിന്നിടുമ്പോഴാണ് അപകടം. പരുക്കേറ്റ യുവതിക്ക് പ്രാഥമിക ചികിത്സ പോലും ട്രെയിനിൽ ലഭ്യമായില്ലെന്ന് യുവതിയുടെ ഭർത്താവ് ആരോപിച്ചു.
ട്രെയിൻ സേലത്ത് എത്തിയ ശേഷമാണ് യുവതിയെ ആംബുലൻസിൽ കയറ്റി ആശുപത്രിയിലെത്തിക്കാൻ സംവിധാനമൊരുക്കിയതെന്നും ഭർത്താവ് ആരോപിച്ചു. ചെന്നൈ സ്വദേശിയായ സൂര്യ മുരുകനാണ്(39) പരുക്കേറ്റത്. മിഡിൽ ബെർത്തിൽ ആളില്ലായിരുന്നു. പുലർച്ചെ 1.15ഓടെ ലോവർ ബെർത്തിൽ കിടന്ന സൂര്യയുടെ ദേഹത്തേക്ക് മിഡിൽ ബെർത്ത് വീഴുകയായിരുന്നു.
മറ്റൊരു കോച്ചിലാണ് ഭർത്താവ് ജ്യോതിശങ്കർ കിടന്നിരുന്നത്. അപകടത്തിൽ യുവതിയുടെ തലയ്ക്കാണ് പരുക്കേറ്റത്. രക്തം ഒലിച്ച നിലയിൽ യുവതി ചികിത്സാ സഹായം തേടിയെങ്കിലും ലഭ്യമായില്ലെന്ന് ജയശങ്കർ ആരോപിച്ചു. പുലർച്ചെ 2.40ഓടെയാണ് ട്രെയിൻ സേലത്ത് എത്തിയത്. ഇതുവരെ തുണി കെട്ടിവെച്ചാണ് തലയിലെ രക്തമൊഴുക്ക് ഒരുപരിധി വരെ തടഞ്ഞത്.