നൊബേൽ സമാധാന പുരസ്കാരം ഇന്ത്യൻ വംശജയായ നവനേതം നവി പിള്ളയ്ക്ക്
ഓസ്ലോ: ഇത്തവണത്തെ നോബൽ സമാധാന പുരസ്കാരം ഇന്ത്യൻ വംശജയായ നവനേതം നവി പിള്ളക്ക്. പ്രമുഖ ന്യായാധിപയും റുവാണ്ട അന്താരാഷ്ട്ര ക്രിമിനൽ ട്രിബ്യൂണലിന്റെ മുൻ പ്രസിഡന്റുമാണ് ദക്ഷിണാഫ്രിക്കക്കാരിയായ നവി പിള്ള. നോർവേയിലെ ഓസ്ലോയിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
രാജ്യാന്തര സമാധാനം ഉറപ്പാക്കൽ, മാനുഷിക മൂല്യങ്ങൾ സംരക്ഷിക്കൽ, ആഗോളതലത്തിൽ സാഹോദര്യം വളർത്തൽ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്കും പ്രസ്ഥാനങ്ങൾക്കുമാണ് നോർവേ നോബൽ കമ്മിറ്റി ഈ പുരസ്കാരം നൽകിവരുന്നത്.
ഇത്തവണത്തെ സമ്മാനത്തിനായി 287 നാമനിർദ്ദേശങ്ങളാണ് ലഭിച്ചിരുന്നത്. ഇതിൽ കാൽഭാഗത്തോളം വിവിധ സംഘടനകളായിരുന്നു. അന്താരാഷ്ട്ര സ്പേസ് സ്റ്റേഷൻ, സുഡാനിലെ ദുരിതാശ്വാസ സംഘങ്ങൾ, ഉക്രൈനിലെ കുട്ടികളുടെ അവകാശ പ്രവർത്തകർ, രണ്ട് പ്രധാന അന്താരാഷ്ട്ര കോടതികൾ എന്നിവയും കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എന്നിവരും സാധ്യതാ പട്ടികയിൽ ഇടംപിടിച്ചിരുന്നതായി നിരീക്ഷകർ ചൂണ്ടിക്കാണിച്ചിരുന്നു.
കഴിഞ്ഞ വർഷം വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോയ്ക്കാണ് പുരസ്കാരം ലഭിച്ചിരുന്നത്. വെനസ്വേലയിൽ ജനാധിപത്യം വീണ്ടെടുക്കാൻ നടത്തിയ പോരാട്ടങ്ങളെ മാനിച്ചായിരുന്നു അത്.
