പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയെ സുരക്ഷിതമായ സ്ഥാനത്തെത്തിച്ച യശ്വസി ജെയ്‌സ്വാളും കെ എല്‍ രാഹുലും ഏറ്റവും മികച്ച ഓപ്പണേഴ്‌സ് റെക്കോര്‍ഡിന് നേട്ടമിട്ടെങ്കിലും ജെയ്‌സ്വാളിന് മറ്റൊരു റെക്കോര്‍ഡും പിറന്നു. ഒരു വര്‍ഷം ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ പറത്തിയ താരമെന്ന നേട്ടമാണ് ജെയ്‌സ്വാള്‍ നേടിയെടുത്തത്.
വീരേന്ദ്ര സേവാഗിനെ ഒരുപാട് പിന്നിലാക്കിയ ജെയ്‌സ്വാള്‍ ഇപ്പോള്‍ മുന്‍ ന്യൂസീലന്‍ഡ് നായകനും വെടിക്കെട്ട് ബാറ്റ്സ്മാനുമായ ബ്രണ്ടന്‍ മക്കല്ലത്തിനെയും പിന്നിലാക്കി. മക്കല്ലത്തിന്റെ 33 സിക്സര്‍ റെക്കോഡാണ് ജയ്സ്വാള്‍ തകര്‍ത്തത്. 2014ലായിരുന്നു മക്കല്ലത്തിന്റെ നേട്ടം.
എന്നാല്‍, ഈ റെക്കോര്‍ഡിന്റെ പരിസരത്തൊന്നും ഹിറ്റ്മാന്‍ എന്നറിയപ്പെടുന്ന രോഹിത്ത് ശര്‍മയില്ലെന്നതാണ് മറ്റൊരു കാര്യം.
മത്സരത്തില്‍ ജയ്സ്വാള്‍ പുറത്താവാതെ 90 റണ്‍സും രാഹുല്‍ പുറത്താവാതെ 62 റണ്‍സുമാണ് നേടിയിരിക്കുന്നത്. ആദ്യ ഇന്നിങ്സില്‍ ഡെക്കായ ജയ്സ്വാള്‍ രണ്ടാം ഇന്നിങ്സില്‍ തകര്‍പ്പന്‍ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. 193 പന്തുകള്‍ നേരിട്ട് ക്ഷമയോടെ കളിച്ച ജയ്സ്വാള്‍ ഏഴ് ഫോറും രണ്ട് സിക്സുമാണ് പറത്തിയത്.