ലോകത്തിലെ ഏറ്റവും സമ്പന്നമായ ബിസിസിഐയുടെ ആസ്തി കേട്ടാല്‍ ഞെട്ടും
മുംബൈ: ലോകത്തിലെ ഏറ്റവും സമ്പന്നമായ ബിസിസിഐ (ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ) യുടെ ആസ്തി കേട്ടാല്‍ ഏതൊരു ഇന്ത്യക്കാരനും ഞെട്ടുമെന്ന് തീര്‍ച്ച. രാജ്യത്ത് ഏറ്റവുമധികം ആരാധകരുള്ള കായിക വിനോദമായ ക്രിക്കറ്റിനെ നിയന്ത്രിക്കുന്നത് ഇന്ത്യയിലെ ക്രിക്കറ്റിന്റെ ദേശീയ ഭരണ സമിതിയായ ബിസിസിഐ ആണ്.
ബിസിസിഐയുടെ ആസ്ഥാനം നിലകൊള്ളുന്നത് മുംബൈയിലെ വാങ്കഡെയിലാണ്. തമിഴ്‌നാട് സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ നിയമത്തിന് കീഴിലുള്ള ഒരു സൊസൈറ്റി എന്ന നിലയിലാണ് 1928 ഡിസംബറില്‍ ബോര്‍ഡ് രൂപീകരിച്ചത്. രണ്ടാം സ്ഥാനത്തുള്ള ക്രിക്കറ്റ് ആസ്ട്രേലിയയേക്കാള്‍ എത്രയോ ഇരട്ടിയാണ് ബിസിസിഐയുടെ മൊത്തം മൂല്യം. അന്തര്‍ദേശീയമോ, ആഭ്യന്തരമോ എന്ന വ്യത്യാസമില്ലാതെ പ്രതിവര്‍ഷം നിരവധി മത്സരങ്ങള്‍ ആണ് ബിസിസിഐയ്ക്ക് കീഴില്‍ നടന്നുവരുന്നത്.
ഐപിഎല്‍ എന്ന ലോകത്തിലെ ഏറ്റവും വലിയ പണം വാരി ലീഗിന്റെ പിന്നിലെ ബുദ്ധികേന്ദ്രവും ബിസിസിഐ തന്നെ.
ഇന്ന് ലോകത്തിലെ ഏറ്റവും സമ്പന്നരായ ക്രിക്കറ്റ് ബോഡിയാണ് ബിസിസിഐ. മൊത്തം വരുമാനം കഴിഞ്ഞ വര്‍ഷം അവസാനംവരെ രണ്ട് ബില്യണ്‍ യുഎസ് ഡോളറാണ്. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ 18,760 കോടി വരും ഈ സംഖ്യ.
ഐപിഎല്ലിന്റെ ആഗോള മാധ്യമാവകാശം സ്റ്റാര്‍ ഇന്ത്യയ്ക്ക് നല്‍കിയത് വഴി 2018 മുതല്‍ 2022 വരെയുള്ള കാലയളവില്‍ 16,300 കോടി രൂപയാണ് ബിസിസിഐക്ക് ലഭിച്ചത്. അന്താരാഷ്ട്ര, ആഭ്യന്തര മത്സരങ്ങള്‍ക്കുള്ള ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് അവകാശം പേടിഎമ്മിന് നല്‍കിയത് വഴി 2019 മുതല്‍ 2023വരെ 326 കോടിയും ബോര്‍ഡ് നേടി.
ഒരു മത്സരത്തിന് 3.80 കോടി രൂപയാണ് പേടിഎമ്മില്‍നിന്നും ബിസിസിഐയ്ക്ക് ലഭിക്കുന്നത്.
2016 മുതല്‍ 2020 വരെ നൈക്കിനായിരുന്നു ഒഫീഷ്യല്‍ കിറ്റ് സ്പോണ്‍സര്‍ഷിപ്പ് അവകാശം ബിസിസിഐ നല്‍കിയത്. ഈയിനത്തില്‍ 370 കോടി രൂപയും ബോര്‍ഡിന് കിട്ടിയിട്ടുണ്ട്.
ബൈജൂസ് ആണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക സ്പോണ്‍സര്‍. 1,079 കോടി രൂപയ്ക്കാണ് ബൈജൂസ് ഇന്ത്യന്‍ ടീമിന്റെ സ്പോണ്‍സര്‍ഷിപ്പ് സ്വന്തമാക്കിയത്. 2019 മുതല്‍ 2023 വരെയുള്ള കാലഘട്ടത്തില്‍ ഹ്യുണ്ടായ് മോട്ടോഴ്‌സ് കമ്പനി, ഡ്രീം 11, അംബുജ സിമന്റ് എന്നിവയായിരുന്നു ഔദ്യോഗിക സ്‌പോണ്‍സര്‍മാര്‍. മൂന്ന് കമ്പനികളും ചേര്‍ന്ന് ബിസിസിഐക്ക് ഒരു മത്സരത്തിന് 2.59 കോടി നല്‍കിയിരുന്നു. ഇതോടൊപ്പം ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ഏര്‍പ്പെടുത്തിയ പുതിയ വരുമാന മാതൃകയില്‍ ഏറ്റവും വലിയ വിഹിതം ലഭിക്കുന്നതും മറ്റാര്‍ക്കുമല്ല. ഐപിഎല്ലിനൊപ്പം വനിതകളുടെ പ്രീമിയര്‍ ലീഗും സംഘടിപ്പിക്കുന്ന ബിസിസിഐക്ക് കീഴില്‍ പുരുഷന്മാരുടേയും വനിതകളുടേയും ദേശീയ ടീമുകളും അണ്ടര്‍ 19 ടീമുകളും പ്രവര്‍ത്തിക്കുന്നു.