World

അവശേഷിക്കുന്നത് ഒരൊറ്റ ഡോക്ടര്‍ മാത്രം; ഗാസയെ നരകിപ്പിക്കാൻ മുഴുവന്‍ ഡോക്ടര്‍മാരെയും ജീവനക്കാരെയും അറസ്റ്റ് ചെയ്ത് ഇസ്‌റാഈല്‍

മെഡിക്കല്‍ ടീമിനെ ആവശ്യമുണ്ടെന്ന് ആരോഗ്യ മന്ത്രാലയം

ഗാസ സിറ്റി: അധിനിവേശ ഭീകരത അഴിഞ്ഞാടുന്ന ഗാസയില്‍ ഇസ്രാഈലിന്റെ അടുത്ത ക്രൂരത. വടക്കന്‍ ഗാസയില്‍ അവശേഷിക്കുന്ന അവസാനത്തെ ആശുപത്രിയായ കമല്‍ അദ്‌വാനില്‍ ഇസ്‌റാഈല്‍ സൈന്യം നടത്തിയ നരനായാട്ടില്‍ നൂറുകണക്കിനാളുകളെ അറസ്റ്റ് ചെയ്തു. ഹമാസ് പോരാളികളാണെന്ന് പറഞ്ഞ് ഇസ്രാഈല്‍ അറസ്റ്റ് ചെയ്തവരില്‍ ബഹുഭൂരിഭാഗവും ഡോക്ടര്‍മാരും മെഡിക്കല്‍ സ്റ്റാഫുമായിരുന്നു. ഗാസയിലെ ആരോഗ്യ മേഖലയെ പൂര്‍ണമായും ഇല്ലാതാക്കി ഫലസ്തീനികളെ നരകിപ്പിക്കുകയെന്ന ലക്ഷ്യമാണ് ഇസ്രാഈല്‍ ഭീകരന്മാര്‍ക്കുള്ളതെന്ന് കൂടുതല്‍ വ്യക്തമായി.

ഗാസയില്‍ അല്‍ ശിഫ ആശുപത്രി മുതല്‍ ചെറിയ മെഡിക്കല്‍ സംവിധാനങ്ങളെ പൂര്‍ണമായും ബോംബിട്ട് തകര്‍ത്തിട്ടും ഗാസയിലെ ആരോഗ്യ സംവിധാനം നിലനില്‍ക്കുകയും ശുഷ്‌കമാണെങ്കിലും അന്താരാഷ്ട്ര സഹായത്തിന്റെ ബലത്തില്‍ ചികിത്സയും പരിശോധനയും ഓപറേഷനുകളും നടന്നതോടെയാണ് ആരോഗ്യ പ്രവര്‍ത്തകരെയും ഡോക്ടര്‍മാരെയും അറസ്റ്റ് ചെയ്ത് ഗാസയെ നരകിപ്പിക്കാന്‍ ഇസ്രായില്‍ തീരുമാനിച്ചത്.

ഗാസയിലെ ആശുപത്രികളില്‍ ശേഷിക്കുന്ന ഡോക്ടര്‍മാരെയും മെഡിക്കല്‍ ജീവനക്കാരെയും അറസ്റ്റ് ചെയ്തതോടെ ഒരു പരിധിവരെ ഇസ്രാഈല്‍ തങ്ങളുടെ ലക്ഷ്യം സാക്ഷാത്കരിച്ചു.

ഓശാന പാടി അന്താരാഷ്ട്ര മാധ്യങ്ങള്‍

ആശുപത്രിയില്‍ ഒളിച്ചു കഴിഞ്ഞ ഹമാസ് ഭീകരരെ അറസ്റ്റ് ചെയ്തുവെന്ന ഇസ്രാഈല്‍ ഭഷ്യം അതുപോലെ ഉദ്ധരിക്കാനാണ് ലോക മാധ്യമങ്ങള്‍ ശ്രമിച്ചത് എന്നത് വളരെ ഖേദകരമായ വസ്തുതയാണ്. മോദി സര്‍ക്കാറിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുന്ന ടെലഗ്രാഫില്‍ പോലും ഈ രീതിയിലാണ് വാര്‍ത്ത വന്നത്.

ആശുപത്രിയിലെത്തിയ ഇസ്രാഈലിന്റെ ഭീകര സേന അതിക്രൂരമായ ആക്രമണമാണ് അഴിച്ചുവിട്ടത്. ചികിത്സക്കെത്തിയവരെ വീണ്ടും ആക്രമിച്ച് പരുക്കേല്‍പ്പിച്ചു. പുരുഷന്മാരെയും ആണ്‍കുട്ടികളെയും വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി തടവിലാക്കി. ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ഇത്തരത്തില്‍ മര്‍ദിച്ച് അരസ്റ്റ് ചെയ്തു്. സ്ത്രീകളോടും ചെറിയ കുട്ടികളോടും പലായനം ചെയ്യാന്‍ ആജ്ഞാപിക്കുകയും ചെയ്തതായി ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി.

അതിനിടെ, ഗാസയിലെ ലക്ഷക്കണക്കിന് വരുന്ന രോഗികളെയും ആക്രമണങ്ങളില്‍ പരുക്കേല്‍ക്കുന്നവരെയും ചികിത്സിക്കാന്‍ അനിവാര്യമായി ഡോക്ടര്‍മാരും നഴ്‌സുമാരും വേണമെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ഥിച്ചു.

Related Articles

Back to top button