ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 80
[ad_1]
രചന: റിൻസി പ്രിൻസ്
നമ്മൾ തമ്മിൽ സമാന്തരങ്ങൾ ആയിരുന്നു എന്നാണ് ഞാൻ വിചാരിച്ചത് പക്ഷേ നമ്മള് ഒരുമിച്ച് ചേരേണ്ട രേഖകൾ ആയിരുന്നു… ഞാൻ ഒരിക്കൽപോലും കരുതിയിരുന്നില്ല… സന്തോഷത്തിനും അപ്പുറം ഒരു സ്വപ്നത്തിൽ നിൽക്കുന്നത് പോലെ എനിക്ക് തോന്നുന്നത്… എല്ലാം കമ്പ്ലീറ്റ് ആയതുപോലെ…. ഒരു വലിയ പരീക്ഷ ജയിച്ച് എല്ലാവരെയും തോൽപ്പിച്ച് നിൽക്കുന്നത് പോലെ… ഒരു മനുഷ്യന്റെ ഏറ്റവും വലിയ സന്തോഷം എന്നു പറയുന്നത് അവർക്ക് പണം ഉണ്ടാവുന്നതോ കൂടുതൽ ഡിഗ്രികൾ ഉണ്ടാവുന്നതോ നല്ലൊരു ജോലി ഉണ്ടാവുന്നതോ ഒന്നും ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല.. സന്തോഷവും മനസമാധാനവും ആണ്. അത് എവിടെ കിട്ടുന്നു അവിടെയാണ് ഒരു മനുഷ്യൻ കമ്പ്ലീറ്റ് ആവുന്നത്.. ആ ഒരു സന്തോഷവും മനസ്സമാധാനവും ഒക്കെ ഇവിടെ എനിക്ക് കിട്ടും എന്ന് ഒരു വിശ്വാസമുണ്ട്… നൗ ഐ ഫീൽ കമ്പ്ലീറ്റഡ്…
” റിയലി..?.
അവളുടെ ഇടുപ്പിൽ പിടിച്ച് അവളെ തന്നോട് ചേർത്ത് പിടിച്ചുകൊണ്ട് അവൻ ചോദിച്ചു… ഏറെ പ്രണയത്തോടെ അവന്റെ ചുണ്ടിൽ നേർമയായി മുത്തി കൊണ്ടാണ് അവൾ അതിനു മറുപടി പറഞ്ഞത്…
അവളുടെ ആ ചുംബനം അവനെയും മറ്റൊരു ലഹരിയിലേക്ക് കൊണ്ടുപോയിരുന്നു.. പെട്ടെന്ന് അവളുടെ മുഖം കൈക്കുമ്പിളിൽ എടുത്ത് അവൻ ആ മുഖത്ത് മുഴുവൻ തന്റെ ചുംബനമുദ്രകൾ പതിപ്പിച്ചിരുന്നു. ഏറെ പ്രണയത്തോടെ തനിക്ക് വേണ്ടി പ്രണയം വിടർന്ന അവന്റെ മിഴികളെ അവൾ ഒരു ആരാധനയോടെ നോക്കി…
പതിയെ കാതരമായ ഭാവത്തോടെ അവൻ അവളുടെ കഴുത്തിടുക്കിയിലേക്ക് ഒരു ചുംബനം നൽകി… അത് അവളെ തരളിതയാക്കി കളഞ്ഞിരുന്നു, ഒരു ഞരക്കത്തോടെ നാണം കൊണ്ട് പുളഞ്ഞവൾ അവനിൽ നിന്നും ഒരു അകലം പാലിച്ചു നിന്നു…. ഒരു നിമിഷം അവന്റെ ചുണ്ടിൽ ഒരു കള്ളച്ചിരി വിടർന്നു, തിരിഞ്ഞു നിൽക്കുന്നവളെ പിന്നിലൂടെ പോയി പുണർന്ന് ഒരിക്കൽ കൂടി അവൻ ആ പിൻകഴുത്തിൽ ഒരു ചുംബനം നൽകി…
” നടുറോഡാട്ടോ..? രാത്രിസമയവും ആരെങ്കിലും വന്നു കണ്ടാൽ സദാചാരത്തിന്റെ പേരിൽ നാളെ സോഷ്യൽ മീഡിയയിലെ സെൻസേഷണൽ കപ്പിൾ നമ്മൾ ആയിരിക്കും…
അവൾ പറഞ്ഞപ്പോൾ അവന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു…
” ശരിയാ ഇതിനൊക്കെ ഇനി ഒരുപാട് സമയം ഉണ്ടല്ലോ അല്ലേ…? ഒരു ജന്മം മുഴുവൻ നമുക്ക് മുൻപിൽ ഇങ്ങനെ നീണ്ടു നിവർന്നു കിടക്കുകയല്ലേ…. എനിക്ക് പെട്ടെന്ന് തന്നെ കാണണം എന്ന് തോന്നി, താൻ എന്നോട് കാണിച്ച സ്നേഹത്തെക്കുറിച്ച് ഒക്കെ ഓർത്തുപോൾ എനിക്ക് ഈ സാന്നിധ്യം പെട്ടെന്ന് കൂടെ ഉണ്ടാവണം എന്ന് തോന്നി അതുകൊണ്ടാ ഈ രാത്രി തന്നെ വന്ന് വിളിച്ചത്… . ശരിയല്ല ചെയ്തതെന്ന് നന്നായി അറിയാം പക്ഷേ എന്ത് ചെയ്യാനാ മനസ്സ് കൈപ്പിടിയിൽ ഒതുങ്ങണ്ടേ…? നിറഞ്ഞ സ്നേഹം ഒരിക്കൽ വെച്ച് നീട്ടി ഞാനത് നിഷേധിച്ചപ്പോൾ ആ സ്നേഹം കൊണ്ട് തന്നെ എന്നെ തോൽപ്പിച്ച എന്റെ പെണ്ണിനെ പെട്ടെന്ന് കാണണമെന്ന് എനിക്ക് തോന്നിയാൽ എന്താ ചെയ്യുന്നത്…? അവിടെയും ഉണ്ട് ഒരുപാട് വിരുന്നുകാർ, അവരോടൊക്കെ ഒരു വലിയ കള്ളം പറഞ്ഞിട്ടാ ഞാനും പോന്നത്…. ഇനി നമുക്ക് തിരിച്ചുപോയേക്കാം. അവകാശത്തോടെ അധികാരത്തോടെ എന്റേതായി ചേർക്കാല്ലോ നാളെ മുതൽ…
അവൻ അവളെ ചേർത്ത് പിടിച്ചു പറഞ്ഞു….
” എന്റെ മനസ്സിൽ എന്നും എന്റേത് മാത്രമായിരുന്നു…. മറ്റൊരാളുടെ സ്വന്തമാകുന്നത് വരെ അത് അങ്ങനെ ആയിരിക്കണം എന്ന് ഞാനും ആഗ്രഹിച്ചിരുന്നു… ഇടയ്ക്ക് ഞാൻ ഓർക്കാറുണ്ട്. ഇച്ചായൻ മറ്റൊരു വിവാഹം കഴിക്കുമ്പോൾ ഞാൻ എങ്ങനെ അത് താങ്ങും എന്ന്… എനിക്ക് അതെങ്ങനെ അക്സെപ്റ്റ് ചെയ്യാൻ സാധിക്കുമെന്ന്, പിന്നെ ഞാൻ ഓർക്കും ചിലപ്പോൾ ആ ഒരൊറ്റ ഷോക്കിൽ എനിക്ക് ഭ്രാന്ത് ആയിപ്പോകും എന്ന്… അല്ലെങ്കിൽ ആ ഒരൊറ്റ ഷോക്കിൽ ഞാൻ നോർമലാവും, പക്ഷേ എന്റെ വിദൂര സ്വപ്നങ്ങളിൽ പോലും ഉണ്ടായിരുന്നില്ല നമ്മൾ ഒരുമിച്ചുള്ള ഒരു ജീവിതം… അത് സാധ്യമാകും എന്ന് ചെറിയൊരു പ്രതീക്ഷയുടെ കണിക പോലും എനിക്ക് ഉണ്ടായിരുന്നില്ല… ഇപ്പോഴും എനിക്ക് അത്ഭുതം ആണ് ഇച്ചായൻ എന്നെ വിളിക്കുമ്പോൾ ഏറെ പ്രണയത്തോടെ എന്നെ തൊടുമ്പോൾ എനിക്ക് വേണ്ടി ആ കണ്ണുകളിൽ പ്രണയം വിടരുമ്പോൾ ഒക്കെ എനിക്ക് അത്ഭുതം ആണ് തോന്നുന്നത്…
അവൾ കൗതുകത്തോടെ പറഞ്ഞു..
” ഇതൊക്കേ നമ്മൾ പരിചയപ്പെട്ട കഴിഞ്ഞ് ഒരു നൂറുവട്ടം താൻ തന്നെ പറഞ്ഞിട്ടുണ്ട്… എനിക്കറിയാം നമ്മള് തമ്മിലുള്ള ബന്ധം ഇപ്പോഴും തനിക്ക് വലിയൊരു ഷോക്ക് തന്നെയാണെന്ന്, പക്ഷേ യഥാർത്ഥ സ്നേഹം തന്റേതായതുകൊണ്ട് അത് തന്നിലേക്ക് തന്നെ വന്ന് അടുക്കുകയായിരുന്നു… ഈ സ്നേഹം കാണാതിരിക്കാൻ ഈശ്വരൻമാർക്ക് പോലും സാധിച്ചില്ല എന്ന് പറയുന്നതാ സത്യം…
അവളെ ചേർത്ത് പിടിച്ചവൻ പറഞ്ഞു…
തിരിച്ചവളെ വീട്ടിലേക്ക് കൊണ്ടുവിട്ട് സ്വന്തം വീട്ടിലേക്ക് എത്തിയപ്പോഴും അവന്റെ മനസ്സിൽ നിറഞ്ഞു നിന്നത് അവൾ ആയിരുന്നു… അവളെന്നും തനിക്കൊരു അത്ഭുതമാണ്. വീട്ടിൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഒക്കെ തിരക്കാണ്. അതിനിടയിലൂടെ ഊർന്നിറങ്ങി സ്വന്തം മുറിയിൽ എത്തി പഴയ പെട്ടികളൊക്കെ പരിശോധിച്ചപ്പോഴാണ് അവൾ തനിക്ക് തന്നിരുന്ന ആ പഴയ കത്തും കാർഡും ഒക്കെ കണ്ടത്… ഹൃദയം തുറന്നു എഴുതിയ ആ പെണ്ണിന്റെ വാക്കുകളെ അവൻ തിരിച്ചറിയുകയായിരുന്നു… അവനു മാത്രം ഗ്രഹിക്കാൻ സാധിക്കുന്ന നൂറ് അർത്ഥങ്ങളുള്ള ഒരു കത്ത്… ഇപ്പോൾ വായിക്കുമ്പോഴാണ് അതിന്റെ തീവ്രത എത്ര വലുതായിരുന്നു എന്ന് മനസ്സിലാകുന്നത്.. ഒരു 15 കാരിയുടെ ആകർഷണീയത മാത്രമായിരുന്നു അന്ന് അത് അല്ലെങ്കിൽ അവളുടെ വെറും ചപലത, താൻ തള്ളിക്കളഞ്ഞ ഒരു കാര്യം എന്നാൽ ഇന്ന് അങ്ങനെയല്ല അന്ന് അവൾ എഴുതിയത് കത്ത് അല്ല ഹൃദയമായിരുന്നു എന്നും അത് മഷി കൊണ്ടല്ല ചോര കൊണ്ടാണ് പകർത്തിയത് എന്നും ഇന്നവന് അറിയാം… അന്ന് അവൾ തന്നെ എത്രത്തോളം സ്നേഹിച്ചിരുന്നു അതിന്റെ നൂറ് ഇരട്ടി ഇന്ന് താൻ അവളെ തിരികെ സ്നേഹിക്കുന്നുണ്ട്.. എങ്കിലും എവിടെയൊക്കെയോ ഒരു നഷ്ടബോധം അലയടിക്കുന്നുണ്ട്.. അതിന് കാരണം പലകുറി താൻ അവളോട് കാണിച്ച അവഗണനയാണ്… ഓരോ ചിന്തകളിൽ പെട്ട് എപ്പോഴോ അവൻ ഉറങ്ങിയിരുന്നു….
രാവിലെ ശ്വേതയുടെ(ചേച്ചി )വിളി കേട്ടാണ് അവൻ കതക് തുറന്നത്.. മൊബൈലിൽ നോക്കിയപ്പോൾ സമയം അഞ്ചര ആയിട്ടേയുള്ളൂ, ഈ സമയത്ത് പൊതുവേ ഉണരുന്ന ശീലവുമില്ല.. ഉറക്കചടാവോടെയാണ് അവൻ കതക് തുറന്നത്…
“എന്താടി ചേച്ചി..? ഉറങ്ങാൻ സമ്മതിക്കില്ലേ
” എന്റെ പൊന്നു മോനെ എല്ലാ ദിവസവും കിടന്നുറങ്ങുന്ന പോലെയല്ല ഇന്ന്, ഇന്ന് നിന്റെ മനസ്സമ്മതം ആണെന്നുള്ള കാര്യം നീ അങ്ങ് മറന്നു പോയോ..? ഒരു നൂറുകൂട്ടം പരിപാടികൾ ഇവിടെയുണ്ട്, ഞാൻ അഞ്ചുമണിയായപ്പോൾ തന്നെ എന്റെ കെട്ടിയോനെ കുത്തിപ്പൊക്കി ഓരോ ജോലി ഏൽപ്പിച്ചിട്ടുണ്ട്… ഇനി വേഗം നീ കൂടി ഒന്ന് റെഡിയായാൽ മതി,
” ഞാനിപ്പോ എന്താ ചെയ്യേണ്ടേ
” നീ ആദ്യം പല്ല് തേച്ച് താഴെ വന്ന് ഒരു കട്ടൻ ചായ കുടിക്ക്, എന്നിട്ട് രാവിലെ ഇങ്ങോട്ട് വരുന്നവർക്ക് വേണ്ടി ഫുഡ് പറഞ്ഞിട്ടില്ലേ അതിനെല്ലാം ഉള്ള കാര്യങ്ങളൊക്കെ ഒന്ന് സെറ്റ് ചെയ്തു വയ്ക്ക്. നിന്റെ കുറച്ചു കൂട്ടുകാർ പുറത്തു കിടന്നുറങ്ങുന്നുണ്ട് അവന്മാരെ കൂടി വിളിച്ച് രാവിലെ വരുന്നവർക്ക് കഴിക്കാനുള്ള ടേബിളും കസേരയും ഒക്കെ ഒന്ന് അറേഞ്ച് ചെയ്യണം, അതുകഴിയുമ്പോൾ കുളിച്ചു റെഡി ആയി മണവാളൻ ആകണം, അപ്പോൾ ക്യാമറമാൻ വരും പിന്നെ അങ്ങേരെ പറയുന്ന രീതിയിൽ കുറച്ച് ഫോട്ടോസ് എടുത്തു കൊടുക്കണം, അത് കഴിഞ്ഞ് എല്ലാവർക്കും ദക്ഷിണ കൊടുത്തിട്ട് വേണം പള്ളിയിലേക്ക് ഇറങ്ങാൻ, ഇപ്പോഴെങ്കിലും നോക്കിയാലേ ഈ കാര്യങ്ങളൊക്കെ ഒരു പത്തുമണിയോടെ തീരു, കൃത്യം പത്തര ആകുമ്പോൾ പള്ളിയിലെത്തണം,
ചേച്ചി പറഞ്ഞത് കേട്ട് അവൻ സമ്മതത്തോടെ തലയാട്ടി. പിന്നെ ബാത്റൂമിലേക്ക് പോയി മുഖം നന്നായി ഒന്ന് കഴുകി പല്ല് തേച്ച് റെഡിയായി വന്നപ്പോഴാണ് ഫോൺ ബെൽ കേട്ടത്… നോക്കിയപ്പോൾ ശ്വേതയാണ്, ഈ വിളി താൻ പ്രതീക്ഷിച്ചതാണ് അതിരാവിലെ റെഡിയാകും മുൻപ് അവൾ ഒന്ന് വിളിക്കുമെന്ന് ഉറപ്പായിരുന്നു… ഫോൺ എടുത്തതും
” ഉണർന്നോ എന്നാണ് ചോദിച്ചത്,
” ഞാൻ ഉണർന്ന് ഫ്രഷ് ആയി, ഇവിടെ ശ്വേതേച്ചി ഒരു നൂറുകൂട്ടം പണി തന്നിട്ടുണ്ട്, എല്ലാത്തിനും ഓടി നടക്കാൻ ഞാൻ തന്നെയല്ലേ ഉള്ളൂ, മണവാളൻ ആണെന്ന് പറഞ്ഞു ഇരിക്കാൻ പറ്റില്ല… അവിടെ എന്തായി ഒരുക്കങ്ങളൊക്കെ..?
” ഇവിടെ അത്ര വലിയ ഒരുക്കങ്ങൾ ഒന്നുമില്ലല്ലോ വളരെ കുറച്ചുപേരെ വരാനുള്ളൂ, അവർക്കുള്ള ആഹാരം ഒക്കെ നേരത്തെ തന്നെ ശരിയായിട്ടുണ്ട്. പാലപ്പം വാങ്ങി ചിക്കൻ കറി അമ്മച്ചിയും ആന്റിമാരും കൂടി ഉണ്ടാക്കി.. ഞാനിതേ ബ്യുട്ടി പാർലറിലേക്ക് പോവാൻ തുടങ്ങുകയാണ്..
“പുട്ടി ഇടാനോ..? അതിന് ഇത്രയും വെളുപിനെ പോകണോ
ചിരിയോടെ അവൻ ചോദിച്ചപ്പോൾ അവളും ആ ചിരിയിൽ പങ്കുചേരുന്നു…
” ഇപ്പൊ പോയാലേ മേക്കപ്പ് ഒക്കെ നേരത്തെ കഴിയു എന്നാണ് അവർ പറയുന്നത്… ഇനി ചിലപ്പോൾ എന്നെ വിളിച്ചാൽ കിട്ടില്ല, ഇവിടെ തിരക്കായിരിക്കും പള്ളിയിൽ വച്ച് കാണാം..
” ആയിക്കോട്ടെ ഞാനും തിരക്കിലാ…
ഫോൺ കട്ട് ചെയ്തപ്പോൾ രണ്ടുപേരുടെയും ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു.. ഏറെ ആഗ്രഹിച്ച ആ ജീവിതത്തിന്റെ തുടക്കം ഇന്ന് തുടങ്ങുന്നതിന്റെ പുഞ്ചിരി……….കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]