Novel

ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 83

[ad_1]

രചന: റിൻസി പ്രിൻസ്‌

ഇതിനിടയിൽ ഇടയ്ക്കിടെ തനിക്ക് മാത്രം മനസ്സിലാകുന്ന രീതിയിൽ പ്രണയാർദ്രമായി നീണ്ടുവരുന്ന സാമിന്റെ നോട്ടങ്ങൾ അതവളെ വീണ്ടും കൂടുതൽ തരളിത ആക്കി കഴിഞ്ഞിരുന്നു… ഏറെ പ്രണയത്തോടെ രണ്ടുപേരും പരസ്പരം മിഴികൾ കോർത്തു… ആ നിമിഷവും സ്റ്റീരിയോയിൽ നിന്ന് ഗാനം കേൾക്കാമായിരുന്നു അവൾ ക്ക് വേണ്ടി സാം പ്രത്യേകം പറഞ്ഞ ആ പ്രണയ ഗാനം…

” നിന്റെ ഇഷ്ടങ്ങൾ എല്ലാം എന്റെ നെഞ്ചോട് ചേർക്കാം, ഇന്നോളം കേൾക്കാത്തൊരു ഈണം പോലെ “

പരിപാടികളൊക്കെ കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴേക്കും നന്നേ ക്ഷീണിച്ചു പോയിരുന്നു ശ്വേത.  അവിടെയും ബന്ധുക്കളുടെ തിരക്കുണ്ടായിരുന്നു, ശ്വേതയ്ക്ക് വന്നുചേർന്ന ജീവിതത്തിൽ ഏറ്റവും കൂടുതൽ വേദന സാലിയുടെ സഹോദരന്റെ ഭാര്യക്ക് തന്നെയായിരുന്നു, അവർ അത് പലപ്പോഴും പ്രകടിപ്പിക്കുകയും ചെയ്തിരുന്നു..

” എന്താണെങ്കിലും ഒരു കുറവും വരാതെ എല്ലാ കാര്യങ്ങളും ഭംഗിയായിട്ട് നടന്നു,  നമ്മൾ അവരുടെ നിലയ്ക്കും വിലക്കും ഒത്ത രീതിയിൽ തന്നെയാ നിശ്ചയം നടത്തിയത്. അല്ലെന്ന് ആരും പറയത്തില്ല,

വല്യമ്മച്ചി അഭിമാനത്തോടെ സാലിയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു…

” അത് ശരിയാ വന്നവർക്കെല്ലാം ഭക്ഷണമൊക്കെ ഒത്തിരി ഇഷ്ടപ്പെട്ടെന്നാ പറഞ്ഞത്, ഒത്തിരി ഒന്നും ബാക്കിയുണ്ടായിരുന്നില്ല. 

സാലി പറഞ്ഞു

” എല്ലാം എന്റെ കൊച്ചു പഠിച്ച് നല്ലൊരു ജോലി മേടിച്ചതുകൊണ്ട്  ആണ് നടന്നത്.  ഇല്ലായിരുന്നെങ്കിൽ നമ്മളിപ്പോഴും കണ്ടവരുടെ വീട്ടിൽ പാത്രവും കഴുകി ജീവിക്കേണ്ടി വന്നേനെ,

വല്യമ്മച്ചി അതുകൂടി പറഞ്ഞതോടെ ആന്റിയുടെ ദേഷ്യം അധികരിക്കുകയാണ് ചെയ്തത്…

” എന്തൊക്കെ പറഞ്ഞാലും സ്വന്തം നാട്ടിൽ കെട്ടിച്ച് വിടുന്നത് അത്ര നല്ല കാര്യമൊന്നുമല്ല,  പെൺപിള്ളാരെ കുറച്ചു ദൂരെ തന്നെ വേണം വിടാൻ, ഇല്ലെങ്കിൽ പിന്നെ എപ്പോഴും ഇങ്ങനെ സ്വന്തം വീട്ടിലോട്ട് ഓടി വരത്തില്ലേ, മാത്രമല്ല പിന്നെ എല്ലാം നല്ലതായിരുന്നെങ്കിലും അവസാനം കൂട്ടുകാരും എല്ലാം കൂടി വന്നപ്പോൾ ഒരു തുള്ളാട്ടം ഉണ്ടായിരുന്നല്ലോ അത് വേണ്ടിയിരുന്നില്ല, എല്ലാരും നോക്കുന്നത് കണ്ടു… ഇവൾക്ക് എങ്കിലും ഒരു ബോധം വേണ്ടേ? ഇവളുടെ കല്യാണം നിശ്ചയമായിരുന്നു നടന്നത് എന്ന്,

എന്തെങ്കിലും ഒരു കുറ്റം കണ്ടുപിടിക്കണം എന്ന് ഉദ്ദേശത്തോടെ ആന്റി അത് പറഞ്ഞപ്പോൾ ശ്വേത ചിരിച്ചു കാണിക്കുകയാണ് ചെയ്തത്…  അതിനുശേഷം ആന്റിയുടെ അരികിലേക്ക് വന്ന് പറഞ്ഞു,

” ആന്റി, എന്റെ ജീവിതത്തിൽ ഒരിക്കൽ മാത്രം ഉണ്ടാവുന്ന ഒരു ദിവസം ആണ് ഇത്… അന്നത്തെ ദിവസം സന്തോഷത്തോടെ ഇരിക്കണ്ടേത് എന്റെ ആവിശ്യം ആണ്.. എന്റെ സന്തോഷത്തിന് എന്താണോ വേണ്ടത് അത് വേണ്ടേ ഞാൻ ചെയ്യാൻ  അല്ലാതെ മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് കരുതി ഞാൻ എന്റെ സന്തോഷം വേണ്ടെന്നുവച്ചിരുന്നേൽ ഇന്ന് ഈ  എന്റെ ജീവിതത്തിൽ ഞാൻ ആഗ്രഹിച്ച ഒന്നും സംഭവിക്കില്ലായിരുന്നു,  ഉദാഹരണത്തിന് ഞാനന്ന് നേഴ്സിംഗിന് പോവാരുന്നെങ്കിൽ എന്റെ ജീവിതത്തിൽ ഒരു സന്തോഷം ഉണ്ടാവില്ലായിരുന്നു. കാരണം ആ ഫീൽഡിനോട് എനിക്കൊരു താല്പര്യം ഉണ്ടായിരുന്നില്ല. ഇഷ്ടം ഇല്ലാതെ ജോലി ചെയ്യുമ്പോൾ നമുക്കൊരു സന്തോഷവും തോന്നില്ല.. മറിച്ച് ഞാൻ ആഗ്രഹിച്ച കോഴ്സ് എടുത്ത് എനിക്ക് ഇഷ്ടപ്പെട്ട ജോലി ചെയ്തപ്പോൾ എനിക്ക് സന്തോഷം ഉണ്ടായി,  കൂടുതൽ കൂടുതൽ ആ ജോലിയിൽ ഉയരണമെന്ന് തോന്നി. അതേസമയം നിങ്ങളൊക്കെ പറഞ്ഞത് കേട്ട് ഞാൻ വേറെന്തെങ്കിലും ആയിരുന്നു പഠിച്ചിരുന്നെങ്കിൽ കുടുംബത്തെ രക്ഷിക്കുവാൻ വേണ്ടി എനിക്ക് എന്തെങ്കിലും ഒരു ജോലി ചെയ്യണമെന്നേ തോന്നാറുള്ളൂ, ഇതു പക്ഷേ അങ്ങനെയല്ല ഞാൻ കൂടി ഇഷ്ടപ്പെട്ട് ചെയ്യുന്ന ജോലിയാണ്.  പിന്നെ ഞാൻ ഡാൻസ് കളിച്ചതിന്റെ പേരിൽ നാട്ടുകാര് പറയുമെന്നത്, വേറൊരു വിഷയം കിട്ടുന്നതുവരെ അവരെന്തെങ്കിലും ഒക്കെ പറയുമായിരിക്കും എന്റെ ഫ്രണ്ട്സ് ഒക്കെ വന്നപ്പോൾ ഞാൻ എന്റെ സന്തോഷത്തിനു വേണ്ടി എന്റെ പ്രത്യേകദിവസം മനോഹരമാക്കിയപ്പോൾ എനിക്കൊരു സന്തോഷം കിട്ടി. എന്റെ സന്തോഷത്തേക്കാൾ വലുത്  അല്ലല്ലോ മറ്റുള്ളവരുടെ വാക്കുകൾ.   ഞാൻ പ്രാധാന്യം കൊടുക്കുന്നത് എന്റെ സന്തോഷത്തിനു ആണ്. ജീവിതത്തിൽ ഒരിക്കലും ഞാൻ ഒരാൾ പറയുന്നത് കേട്ട് ഒരു അഭിപ്രായങ്ങളും എടുത്തിട്ടില്ല, പക്ഷേ എന്നോട് പറയാൻ എല്ലാവർക്കും അധികാരമുണ്ട്.  ആന്റിക്ക് പറയാം വല്യമ്മച്ചിക്ക് പറയാം സച്ചുവിന് പറയാം  നിങ്ങൾക്ക് എല്ലാവർക്കും പറയാം,  കാരണം നിങ്ങളൊക്കെ എന്റെ സ്വന്തമാണ്. എന്റെ ജീവിതത്തിലെ അഭിപ്രായങ്ങളൊക്കെ നിങ്ങൾ പറയേണ്ടത് ആണ്… പക്ഷേ തീരുമാനം. അത് എന്റേത് ആയിരിക്കും,  കാരണം ജീവിതം എന്റേതാണ്.  ആ ജീവിതത്തിന് എന്തെങ്കിലും സംഭവിച്ചാൽ വെളിയിൽ നിന്ന് കാണാൻ മാത്രമേ നിങ്ങൾക്ക് സാധിക്കു, നഷ്ടം സംഭവിക്കുന്നത് എനിക്ക് മാത്രമായിരിക്കും.  ജീവിതത്തിലുള്ള ഓരോ തീരുമാനങ്ങളും ഞാൻ അത്രത്തോളം ആലോചിച്ച് എടുത്തിട്ടുള്ളത് ആണ്… ഇതുവരെ ഒന്നും തെറ്റിയിട്ടില്ല,  ചിലതൊക്കെ തെറ്റിപ്പോയതായി തോന്നിയിട്ടുണ്ട്, തെറ്റ് പറ്റുമ്പോൾ അത് തിരുത്തി മുൻപോട്ടു പോകാൻ കഴിയുന്നതും ഒരു വലിയ കാര്യമല്ലേ.? പിന്നെ സ്വന്തം വീട്ടിലേക്ക് കല്യാണം കഴിഞ്ഞ് ഓടിവരുന്ന ആന്റി പറഞ്ഞുള്ളൂ സ്വന്തം വീട്ടിലെല്ലാതെ മറ്റെവിടേക്കാ എനിക്ക് പോകാൻ പറ്റുന്നത്. കല്യാണം കഴിഞ്ഞു എന്നതിന്റെ അർത്ഥം ഈ വീട്ടിൽ നിന്ന് എന്നെ പടിയിറക്കി വിട്ടു എന്നല്ലല്ലോ എനിക്ക് ഒരു ഇണയെ കണ്ടെത്തി തന്നു എന്ന് മാത്രമാണ്. അല്ലാതെ കല്യാണം കഴിയുന്നതോടെ എന്റെ വീട്ടിൽ എനിക്ക് സ്ഥാനമില്ല എന്ന് ആവുന്നില്ല. ഈ നാട്ടിലല്ല ഇനി ഈ സംസ്ഥാനത്ത് നിന്ന് മാറ്റി കെട്ടിച്ചു വിട്ടാലും എനിക്ക് തോന്നുമ്പോഴൊക്കെ ഞാൻ എന്റെ വീട്ടിൽ വരും. 

അത്രയും പറഞ്ഞവളാ അകത്തേക്ക് പോയപ്പോൾ മുഖത്ത് അടി കിട്ടിയത് പോലെ നിൽക്കുകയായിരുന്നു അവർ…. അവരോട് എന്ത് പറയണം എന്ന് അറിയാതെ സാലിയും നിന്നു….

”  വന്നവരൊക്കെ സമ്മാനം വല്ലതും തന്നോടി,

ആ ഒരു അവസരം മാറ്റാൻ എന്നതുപോലെ വല്യമ്മച്ചി ചോദിച്ചു…

“ആഹ് അമ്മച്ചി, വന്നവരിൽ മിക്ക ആൾക്കാരും സ്വർണവും പൈസയും  തന്നെയാ തന്നത്..  എന്റെ സ്ഥിതി എല്ലാവർക്കും അറിയാമല്ലോ,  അതുകൊണ്ട് എല്ലാവരും നന്നായി തന്നെ സഹായിച്ചു എന്ന് പറയുന്നത സത്യം,  ഒന്നും വേണ്ടെന്നു അവർ പറഞ്ഞെങ്കിലും അവൾക്ക് കൊടുക്കാനുള്ള കുറച്ചൊക്കെ ആയിട്ടുണ്ട്,

മനസമാധാനത്തോടെ സാലി പറഞ്ഞിരുന്നു…

“പിന്നെ നാത്തൂനും കൂടി വാ, കുറച്ച് ഇറച്ചിയും കറികളും ഒക്കെ ബാക്കിയുണ്ട് അടുത്തുള്ള വീടുകളിൽ ഒക്കെ കൊടുക്കാം.. ഇല്ലെങ്കിൽ പിന്നെ അതൊക്കെ ഇരുന്നഴുക്കാവും.  നമുക്ക് വൈകിട്ടതേക്കും നാളെ രാവിലത്തേക്കും ഉള്ള കുറച്ച് ഞാൻ മാറ്റിവെച്ചിട്ടുണ്ട്, ബാക്കി നമുക്ക് ഇവിടെ അടുത്തൊക്കെ കൊടുക്കാം..  വന്നാട്ടെ

സാലി സ്നേഹത്തോടെ വിളിച്ചപ്പോൾ ഈ രംഗത്തിൽ നിന്നും രക്ഷപെടാൻ പോകുന്നതാണ് നല്ലത് എന്ന് അവർക്കും തോന്നിയിരുന്നു,  മുറിയിലേക്ക് കയറിയതും കതകടച്ച് ഇട്ടിരുന്ന വസ്ത്രങ്ങളൊക്കെ ഉരിഞ്ഞ് ഒരു സാധാരണ നൈറ്റി എടുത്തിടുകയാണ് ആദ്യം ശ്വേത ചെയ്തത്, ഒറ്റയ്ക്ക് എല്ലാം മാറ്റാൻ തന്നെ ബുദ്ധിമുട്ടായിരുന്നു എങ്കിലും ഓരോന്നായി അഴിച്ചുമാറ്റിയിരുന്നു…  കുറച്ചധികം സമയം തനിക്കൊപ്പം ബാംഗ്ലൂരിൽ നിന്ന് വന്നവരും ദീപയും ഒക്കെയുണ്ടായിരുന്നു അവസാനം എല്ലാവർക്കും കൂടി ഇവിടെ നിൽക്കാൻ സ്ഥലം ഇല്ലാത്തതുകൊണ്ടാണ് അവരെല്ലാം സാമിന്റെ വീട്ടിൽ പോയത്,   നേരെ അവൾ ബാത്റൂമിലേക്ക് പോയി നല്ലൊരു കുളി പസാക്കി…..

ശരീരത്തിലേക്ക് തണുത്ത വെള്ളം വീണപ്പോൾ തന്നെ പകുതി ആശ്വാസം അവൾക്ക് തോന്നിയിരുന്നു,  തിരികെ വന്നതും കട്ടിലിലേക്ക് ഇരുന്നുകൊണ്ട് ജനൽ തുറന്നു… ശേഷം ആകാശത്തിലെ താരകങ്ങളെ നോക്കി കുറച്ചുനേരം ഇരുന്നു…. പുറത്തെ കാഴ്ചകളിൽ ദൃഷ്ടിയൂന്നി ഇങ്ങനെ ഇരിക്കുന്നത് ഇടയ്ക്ക് പതിവാണ്,  അപ്പോഴൊക്കെ ചിന്തകളിൽ അവനും കടന്നു വരാറുണ്ട്… പോയ്‌ പോയ കാലത്തിന്റെ ഓർമ്മപ്പെടുത്തലുകളിൽ അവനായി ഒരു താൾ തന്നെ മാറ്റിവെച്ചിട്ടുണ്ടല്ലോ.  എന്നും ഒരിക്കൽ വരണ്ട് പോയ തന്റെ  ഹൃദയം വീണ്ടും തളിർത്തതും പൂത്തതും അവനുവേണ്ടിയായിരുന്നുവല്ലോ.. അവൻ ആകുന്ന മഴ തന്റെ അന്തരാത്മാവിനെ നനക്കുകയായിരുന്നു,അവന്റെ സാന്നിധ്യത്തിൽ മാത്രം താൻ അനുഭവിക്കുന്ന ഒരു സന്തോഷമുണ്ട്. ഏറെ ആഗ്രഹിച്ച എന്തോ  സ്വന്തമാക്കിയ ഒരുവളുടെ  സന്തോഷം. 

പെട്ടെന്ന് വലം കയ്യിലെ മോതിരവിരലിലേക്ക് നോട്ടം എത്തി, എന്നോ ഒരിക്കൽ ഇത്രയും സൗകര്യങ്ങളില്ലാത്ത ഒരു വീടിന്റെ കുടുസു മുറിയിലിരുന്ന് ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി ഒരു രാജകുമാരനെ ഒരു പാവം പെൺകുട്ടി സ്വപ്നം കണ്ടിരുന്നു, അവൻ അവളുടെ സ്വന്തമാക്കുന്നതും അവളെ വിവാഹം കഴിക്കുന്നതും ആണ് സ്വപ്നം കണ്ടത്.  അന്ന് ആ രാജകുമാരന് അവന്റെ മുഖമായിരുന്നു ആ പെൺകുട്ടിക്ക് തന്റെയും, ഇന്നാ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു. ഡയമണ്ട് പതിപ്പിച്ച കല്ലുകൾക്കിടയിൽ സാം എന്ന് വൈറ്റ് ഗോൾഡിൽ തീർത്തിരിക്കുന്ന പേര് തന്റെ ഹൃദയ ഭിത്തിയിൽ എന്നോ താൻ പകർത്തി എഴുതിയ പേര്. ഇന്ന് അവന്റെ പാതി അവകാശം താൻ നേടിയിരിക്കുന്നു നാളെ പുലരുമ്പോൾ ഇതൊന്നും ഒരു സ്വപ്നമാവരുത് എന്നാണ് ഇപ്പോഴും അവൾ പ്രാർത്ഥിക്കുന്നത്. കാരണം അവൻ അത്രമേൽ ഇന്നും അവൾക്ക് കൈയെത്താൻ പറ്റാത്ത ദൂരത്തിലാണ്.  തന്റെ സ്നേഹം അവൻ അംഗീകരിക്കും എന്ന് ഒട്ടും പ്രതീക്ഷയുണ്ടായിരുന്നില്ല,  പ്രതീക്ഷകൾ ഇല്ലാതെ പ്രണയിക്കുന്നതാണ് നല്ലത് എന്ന് പലപ്പോഴും അവൾക്ക് തോന്നിയിട്ടുണ്ട് ഒരുപക്ഷേ നഷ്ടപ്പെട്ടാൽ പോലും വലിയ ദുഃഖം തോന്നില്ല. വിദൂരമായ പ്രതീക്ഷ പോലും ഇല്ലാത്തതിനാൽ  ആണ് അവൻ തന്റെ സ്വന്തമായ ഈ നിമിഷം തനിക്ക് അത്രമേൽ അതിശയം വന്നു മൂടുന്നത്,

പെട്ടെന്ന് ഫോൺ അടിച്ചു ഡിസ്പ്ലേയിലേക്ക് നോക്കിയപ്പോൾ ആകാശത്തെ താരകത്തേക്കാൾ പ്രകാശപൂരിതമായി അവളുടെ മുഖം……..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button
error: Content is protected !!