കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 31
[ad_1]
രചന: റിൻസി പ്രിൻസ്
കൈകളിൽ കിടന്നിരുന്ന സ്വർണ മോതിരത്തിലേക്ക് അവളുടെ ദൃഷ്ടി പതിഞ്ഞു, തങ്ക ലിപികളാൽ സുധീഷ് എന്നെഴുതിയ മോതിരം അവൾ കൈവിരലുകൾ കൊണ്ട് തലോടി.. പിന്നെ പതിയെ അതിൽ ചുണ്ടുകൾ ചേർത്തു..
വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ എല്ലാവരുടെയും വേദനയിൽ അവനും ഒരു വിങ്ങൽ തോന്നിയിരുന്നു… ഉള്ളിൽ കുഞ്ഞിപ്പെണ്ണ് ആ സമയത്ത് നല്ല ഉറക്കമാണ്, കൈയൊക്കെ പൂട്ടിപ്പിടിച്ചു കിടക്കുകയാണ്. അവൻ അരികിലേക്ക് ചെന്ന് അവളെ ഒന്ന് തലോടി നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു, ആ നിമിഷം മാത്രം അവന്റെ കണ്ണുകളും ഒന്ന് ചുവന്നു പോയിരുന്നു,
എയർപോർട്ടിലേക്ക് സുഹൃത്തുക്കൾക്കൊപ്പമാണ് എത്തിയത്, എയർപോർട്ടിനുള്ളിലേക്ക് കയറിയിരിക്കുമ്പോഴും മനസ്സ് മറ്റ് എവിടെയോ ആണെന്ന് അവന് തോന്നി, ഓരോ വട്ടവും യാത്രയാകുമ്പോൾ ഓർക്കും ഈ പൊക്കോടെ പ്രവാസം അവസാനിപ്പിച്ചു പോരണം എന്ന്, കരകാണാ കടൽ പോലെ കിടക്കുന്ന പ്രാരാബ്ദങ്ങളുടെ നീണ്ടനിരയോർക്കുമ്പോൾ ആ മോഹം ഉള്ളിലൊളുപ്പിക്കും, മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന ചൂടിൽ ജീവിക്കാൻ വീണ്ടും തീരുമാനിക്കും…
പെട്ടെന്ന് അവൻ ഫോണെടുത്ത് ഒരിക്കൽ കൂടി ആ നമ്പരിൽ വിളിച്ചു, പ്രതീക്ഷിച്ചത് പോലെയാ ഫോൺ പെട്ടെന്ന് എടുക്കപ്പെട്ടിരുന്നു.
” ഞാൻ എയർപോർട്ടിൽ ഇരിക്കുകയാണ്.. കുറച്ചു കഴിയുമ്പോൾ പോകും,
“വീട്ടിൽ ആരുണ്ട്..?
” ആരുമില്ല, കൂട്ടുകാർ ഉണ്ടായിരുന്നു അവരിപ്പോൾ പുറത്തു കാണും…
” വല്ലതും കഴിച്ചായിരുന്നോ..?
” ഇല്ല രാവിലെ ഇറങ്ങിയത് കൊണ്ട് ചായ മാത്രമേ കുടിച്ചോളൂ.കഴിക്കാൻ അമ്മ പറഞ്ഞതാണ് എനിക്ക് എന്തോ തോന്നിയില്ല, ഫ്ലൈറ്റിൽ നിന്ന് കഴിക്കാലോ…
പെട്ടെന്ന് അനൗൺസ്മെന്റ് കേട്ടു, മറുപുറത്ത് ഇരുന്നവളും അനൗൺസ്മെന്റ് വ്യക്തമായി കേട്ടു, ഹൃദയമിടിച്ചു തുടങ്ങി രണ്ടുപേർക്കും.. ഇനിയും കുറച്ചു നിമിഷങ്ങൾക്ക് ശേഷം അവൻ തന്റെ അരികിൽ നിന്നും കടല് കടക്കുകയാണ്,
” ശരി അവിടെ ചെന്നിട്ട് വിളിക്കാം…
” സുരക്ഷിതമായിട്ട് പോയി വരു, ഞാൻ പ്രാർത്ഥിക്കാം…
ആ വാക്കിനുള്ളിൽ അവനോടുള്ള എല്ലാ കരുതലും സ്നേഹവും ഉണ്ടായിരുന്നു, നിറഞ്ഞ മനസ്സോടെ അവൻ ഫോൺ കട്ട് ചെയ്തു. വീണ്ടും ജീവിതം പച്ച പിടിപ്പിക്കാനുള്ള യാത്രയ്ക്ക് തുടക്കമായി. ഒപ്പം കുറച്ചു സ്വപ്നങ്ങളും പ്രതീക്ഷകളും ഒരുവളുടെ കരിനീല മിഴികളും കൂട്ടിനുണ്ട്..
രാവിലെ തന്നെ സുധീ പോവുകയാണെന്ന് കാര്യം അമ്മയോടും സഹോദരിമാരോട് ഒക്കെ അവൾ പറഞ്ഞിരുന്നു, രാവിലെ മുതൽ അവളിൽ കണ്ടു തുടങ്ങിയ ഒരു ഉന്മേഷക്കുറവ് മീനു കണ്ടുപിടിച്ചിരുന്നു, പലതവണ ചോദിച്ചെങ്കിലും ഒന്നുമില്ലെന്ന് പറഞ്ഞു, ഇടയ്ക്ക് ചെയ്ത പ്രവർത്തികളിൽ പോലും തടസ്സം നേരിട്ടപ്പോൾ മാധവിക്കു കാര്യം മനസ്സിലായിരുന്നു.. ഒരു ചെറിയ ചിരി അവരുടെ ചുണ്ടിൽ നിറഞ്ഞു നിന്നു.
അന്നത്തെ ദിവസത്തിന് തീരെ വേഗത കുറവാണെന്ന് അവൾക്ക് തോന്നി, അവൻ പോയതിനുശേഷം യാതൊരു വിവരവും ഇല്ല. ഇടയ്ക്കിടെ നിർജീവമായി കിടക്കുന്ന ആ വാട്സ്ആപ്പ് എടുത്തുനോക്കും, അതിലെ ലാസ്റ്റ് സീൻ കാണുമ്പോൾ വീണ്ടും ഫോൺ മാറ്റിവയ്ക്കും. കുറെ സമയമായി ഈ പ്രക്രിയ തന്നെയാണ് നടന്നുകൊണ്ടിരിക്കുന്നത്, ഭക്ഷണം കഴിക്കാൻ പോലും തോന്നുന്നില്ല, ഒരു സമയത്ത് അവന്റെ ഫോണും സന്ദേശങ്ങളും ഏറ്റവും കൂടുതൽ ബുദ്ധിമുട്ടായി കരുതിയവളാണ്, ഇന്ന് അവനോന്നു വിളിച്ചിരുന്നെങ്കിലെന്നോ ഒന്ന് മെസ്സേജ് അയച്ചിരുന്നുവെങ്കിലെന്നോ ആഗ്രഹിക്കുകയാണ്, ഇഷ്ടം ഒരു സ്ത്രീയിൽ വരുത്തുന്ന മാറ്റത്തെക്കുറിച്ച് അത്ഭുതത്തോടെ ചിന്തിക്കുകയായിരുന്നു അവൾ. വൈകുന്നേരത്തോടെ അടുപ്പിച്ചാണ് വാട്സാപ്പിൽ ഒരു മെസ്സേജ് വന്നത്, താൻ അവിടെ എത്തി എന്നും രാത്രിയിൽ വിളിക്കാം എന്നുമായിരുന്നു ആ മെസ്സേജിൽ ഉണ്ടായിരുന്നത്, അത്രയും സമയം ഭക്ഷണവും വെള്ളവും വേണ്ടാതെയിരുന്നവൾക്ക് ആ സമയം വിശപ്പ് തോന്നി. ഇതിനുവേണ്ടി ആയിരുന്നോ തന്റെയുള്ളം ഇത്രയും നേരം സമരം കാണിച്ചത് എന്ന് അവൾ സ്വയം ചോദിച്ചു പോയിരുന്നു. അവന്റെ ഒരു വാക്ക്..! അവൻ സുരക്ഷിതനായി അവിടെ എത്തി എന്നുള്ള ആ അറിവ് അത് മാത്രം മതിയായിരുന്നു അവൾക്ക് സമാധാനത്തോടെ പിന്നീടുള്ള നിമിഷങ്ങളെ കടന്നു പോകാൻ..
രാത്രിയിൽ പിന്നൊരു കാത്തിരിപ്പായിരുന്നു, അവന്റെ നമ്പർ വരാൻ വേണ്ടി.. ഒരു നെറ്റ് നമ്പറിൽ നിന്നും ഫോൺകോൾ വന്നപ്പോൾ തന്നെ ഒട്ടും സംശയമുണ്ടായിരുന്നില്ല, ഹൃദയം നിറഞ്ഞ ഒരു പുഞ്ചിരി അവളുടെ ചൊടിയിൽ ബാക്കിയായി.. ഫോണെടുത്ത് ആരും ശ്രദ്ധിക്കാത്ത ഒരു ഭാഗത്തേക്ക് നീങ്ങി നിന്നു,
” ഹലോ ആരാണെന്ന് മനസ്സിലായോ..?
വാക്കുകളിൽ കുസൃതി ഒളിപ്പിച്ച് അവൻ ചോദിച്ചു.
“‘ മനസ്സിലാവില്ലെങ്കിൽ പിന്നെ ഞാൻ ഈ സമയത്ത് ഫോൺ എടുക്കില്ലല്ലോ,
തിരിക്കെ അതേ കുസൃതിയോടെ അവളും മറുപടി പറഞ്ഞു,
” ഞാൻ എത്തിയിട്ട് കുറെ നേരമായി…. പിന്നെ അവിടുന്ന് വന്നിട്ട് ഇവിടവും ആയിട്ട് ഒന്ന് ഇണങ്ങാൻ കുറച്ചു സമയം വേണം.. ആ ഹാങ്ങോവർ ഉണ്ടല്ലോ, അതിന്റെ ഒരു ബുദ്ധിമുട്ടായിരുന്നു. പിന്നെ സാധനങ്ങൾ കൊടുക്കലും ഭക്ഷണം കഴിക്കലും ഒക്കെ ആയിട്ട് നേരം പോയത് അറിഞ്ഞില്ല, എല്ലാവരുടെയും വീട്ടിൽ നിന്ന് എന്തെങ്കിലുമൊക്കെ കൊടുത്തു വിട്ടിട്ടുണ്ടാവുമല്ലോ, അതൊക്കെ കിട്ടാൻ വേണ്ടി അവര് നമ്മളെ കാത്തിരിക്കും. . പിന്നെ ഇവിടെ കിട്ടാത്ത നമ്മുടെ വീട്ടിലെ സ്നേഹമുള്ള കുറച്ച് ഭക്ഷണം, അതും പങ്കിട്ട് കഴിച്ചു കഴിഞ്ഞിട്ടെ അവന്മാരുടെ അടുത്തുനിന്ന് മാറിനിൽക്കാൻ പറ്റൂ,.
അവന്റെ വാക്കുകളൊക്കെ ചെറുചിരിയോടെ അവളും കേട്ട് നിന്നു,
“എന്താ ഒന്നും പറയാത്തത്..? അപ്പുറത്ത് നിന്നും അവന്റെ ചോദ്യം എത്തി.. ഞാൻ കേൾക്കുകയല്ലെ..?
ഏറെ നേർമയോടെ അവൾ പറഞ്ഞു,
” എന്നു തൊട്ട ഡ്യൂട്ടിക്ക് കയറുന്നത്..?
” നാളെ രാവിലെ മുതൽ കേറണം
. ഞാൻ വെളുപ്പിനെ പോകും, പിന്നെ വൈകുന്നേരം വിളിക്കാൻ പറ്റു., ഡ്യൂട്ടിയുടെ ഇടയിൽ വിളിക്കാൻ ഒന്നും പറ്റില്ല, വലിയ ബിൽഡിങ്ങിന്റെ പുറത്തുള്ള പണിയാണ്.. അതിനിടയ്ക്ക് ഫോൺ ഒക്കെ എടുത്ത് സംസാരിച്ചുകൊണ്ടിരുന്നാൽ എപ്പോഴാ അപകടം പറ്റുകയെന്ന് അറിയില്ല…
സുധി പറഞ്ഞു…
” അയ്യോ അങ്ങനെ വിളിക്കണ്ട,
അവള് നെഞ്ചിൽ കൈ വെച്ച് പോയിരുന്നു…
” അത്രയും ബുദ്ധിമുട്ടേറിയ ജോലി ഒന്നും ചെയ്യുന്നതിനിടയില് മറ്റ് ശ്രദ്ധയിലേക്ക് ഒന്നും പോകേണ്ട, അവനൊന്ന് ചിരിച്ചു…
” അഡ്മിഷൻ എന്നാണ് തുടങ്ങുന്നത്..?
” അതിനെക്കുറിച്ച് നാളെയോ മറ്റൊ ഒന്ന് തിരക്കണം, ഇന്ന് ഒന്നിനും ഒരു മൂഡ് ഇല്ലായിരുന്നു,
” അതെന്തുപറ്റി…?
കുസൃതി നിറഞ്ഞ ചോദ്യം,
” അതോ.. അറിയില്ല,
ചിരിയോടെ അവളും പറഞ്ഞു..
” ശ്രീലക്ഷ്മി തന്റെ നമ്പർ ചോദിച്ചിരുന്നു, ഞാൻ അവളുടെ നമ്പർ വാട്സ്ആപ്പിൽ ഇടാം, പിന്നെ വായ പോയ കോടാലിയാണ്.. എന്തെങ്കിലുമൊക്കെ പറഞ്ഞാൽ അത് കാര്യമായിട്ട് എടുക്കരുത്,
അവനൊരു മുന്നറിയിപ്പ് കൊടുത്തു,
” ശ്രീലക്ഷ്മി നന്നായിട്ട് സംസാരിക്കുന്ന കുട്ടിയല്ലേ എനിക്ക് ഒരുപാട് ഇഷ്ടമായി, പക്ഷേ ശ്രീലക്ഷ്മിയോട് പിടിച്ചുനിൽക്കാൻ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല അങ്ങനെ നോൺ സ്റ്റോപ്പ് ആയി സംസാരിക്കാൻ ഒന്നും എനിക്കറിയില്ല,
” അവളുടെ കൂടെ രണ്ടുദിവസം കൂടിയാൽ മതി അതിനുള്ള ട്രെയിനിങ് ഒക്കെ അവള് തന്നുള്ളും
“അമ്മ എന്നെക്കുറിച്ച് എന്തെങ്കിലും പറഞ്ഞൊ.?
അല്പം മടിയോടെയാണ് അവൾ ചോദിച്ചത് അവർക്ക് വിവാഹത്തിന് താല്പര്യം കുറവുണ്ടെന്ന് അവൾക്ക് ഉറപ്പായിരുന്നു
” പ്രത്യേകിച്ചൊന്നും പറഞ്ഞില്ല. എന്റെ ഇഷ്ടത്തിന് അപ്പുറം വീട്ടിൽ ഒന്നുമില്ല.
അങ്ങനെ പറയാനാണ് അവന് തോന്നിയത് അവരുടെ താൽപര്യക്കുറവ് ഒരു പക്ഷേ അവൾക്കും മനസ്സിലായിട്ടുണ്ടാവും എന്ന് അവൻ ഉറപ്പായിരുന്നു, അതുകൊണ്ടു തന്നെ ആ വിഷയത്തെക്കുറിച്ച് കൂടുതൽ സംസാരിക്കാൻ അവൻ താൽപര്യപ്പെട്ടില്ല,ബോധപൂർവ്വം അവൻ മറ്റു വിഷയങ്ങളിലേക്ക് സംഭാഷണം കൊണ്ട് ചെന്നു. കുറച്ചു സമയം സംസാരിച്ച ശേഷം അവളോട് ശുഭരാത്രിയും പറഞ്ഞാണ് ഉറങ്ങാൻ കിടന്നത്, ഉറങ്ങാൻ കിടക്കുമ്പോഴും മനസ്സിൽ തെളിഞ്ഞുനിന്നത് അവളുടെ മുഖം മാത്രമാണ്, അവസാന കൂടിക്കാഴ്ചയിൽ അവൾ നെറ്റിയിൽ ചാർത്തിയ ചന്ദനത്തിന്റെ തണുപ്പ് ഇപ്പോഴും അവിടെ ബാക്കിയാണെന്ന് അവന് തോന്നി. നെറ്റിതടത്തിലേക്ക് അവൻ കൈകൾ കൊണ്ട് തലോടി, പിന്നെ മോതിരത്തിലേക്ക് സൂക്ഷിച്ച് നോക്കി.. അങ്ങനെ കിടന്നുറങ്ങിപ്പോയി,
രാവിലെ ഒരു ആറരയോടെയാണ് അവൻ വിളിച്ചത് ഡ്യൂട്ടിക്ക് പോവുകയാണ് എന്ന് പറഞ്ഞു അവിടെ സമയം അഞ്ചു മണി അഞ്ചര ആയിട്ടേയുള്ളൂ ഈ സമയമാകുമ്പോൾ ഡ്യൂട്ടിക്ക് പോകുമെന്ന് കേട്ടപ്പോൾ അവൾക്കും ഒരു വേദന തോന്നിയിരുന്നു. പിന്നീട് പകലുകളിൽ ഒന്നും അവന്റെ സന്ദേശമോ ഫോണോ വന്നിരുന്നില്ല. നന്ദനയെ ഫോൺ വിളിച്ചപ്പോൾ അഡ്മിഷന്റെ കാര്യം തിരക്കാൻ അവളും കൂടെ വരാമെന്ന് പറഞ്ഞു.. അങ്ങനെ അവൾക്കൊപ്പം ആണ് അക്ഷയയിൽ പോയത്, അവിടെ ചെന്നപ്പോൾ ആപ്ലിക്കേഷൻ കൊടുക്കാനുള്ള സമയമായിട്ടുണ്ട്, കൈയോടെ തന്നെ അത് കൊടുക്കുകയും ചെയ്തു, അതുകഴിഞ്ഞ് തിരികെ വന്നപ്പോൾ നന്ദനക്ക് ചോദിക്കാൻ ഉണ്ടായിരുന്നത് വിവാഹത്തിന്റെ വിശേഷങ്ങളെക്കുറിച്ച് ആയിരുന്നു, സുധിയെക്കുറിച്ച് വാതോരാതെ പറയുന്നവളെ നന്ദന ഒരു കൗതുകത്തോടെ നോക്കിയിരുന്നു,
“ഒരു വർഷം കഴിഞ്ഞ് എന്തു പറഞ്ഞാണ് ഈ കല്യാണം മുടക്കുന്നത്..?
ഒരു കുസൃതിയോടെ നന്ദന അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു, മറുപടി എന്ത് പറയണമെന്ന് അവൾക്കും അറിയില്ലായിരുന്നു.
” മടങ്ങുമെന്ന് തോന്നുന്നില്ല, മടിയോടെ അവൾ പറഞ്ഞു
” ആളുടെ അമ്മയ്ക്കും പെങ്ങൾക്കും ഈ വിവാഹത്തിന് താല്പര്യം ഇല്ല എന്നല്ലേ നീ പറഞ്ഞത്, അവര് വഴി എന്തെങ്കിലും നോക്കിയാലോ.? അവരോട് പറഞ്ഞാലോ.? നിനക്ക് കല്യാണത്തിന് താൽപര്യമില്ലെന്ന്, അപ്പോൾ അവർ തന്നെ എന്തെങ്കിലും വഴി കണ്ടെത്തിയാലോ, വെറുതെ അവളുടെ മനസ്സറിയാൻ വേണ്ടിയാണ് അങ്ങനെ ചോദിച്ചത്.. ആ മുഖം മങ്ങുന്നതും അവിടെ പരിഭ്രാന്തി ഉടലെടുക്കുന്നതും കണ്ടപ്പോൾ നന്ദനയ്ക്ക് ചിരിയാണ് വന്നത്,
” അതൊന്നും വേണ്ട..
” അതെന്താ വേണ്ടാത്തെ..?
” ആളൊരു പാവമാണെന്ന് തോന്നുന്നു,
” അതിന് നമുക്ക് എന്താ..?
” പാവമാണെങ്കിൽ വേറെ നല്ലൊരു പാവം പെണ്ണിനെ കണ്ടുപിടിച്ചു കെട്ടട്ടെ അല്ലേ,
ഒരു നിമിഷം നന്ദനയോട് പോലും അവൾക്ക് ദേഷ്യം തോന്നി തുടങ്ങിയിരുന്നു. ഇനി സുധി മറ്റൊരാളുടേത് ആവുക എന്നത് ചിന്തിക്കാൻ പറ്റുന്ന കാര്യമല്ല,
“നീ എന്താണ് ഒന്നും മിണ്ടാതിരിക്കുന്നത്..?
ആ വാക്കിൽ അസ്വസ്ഥ അവൾ അറിഞ്ഞു..
” എന്താടി നിനക്ക് എന്തോ ഒരു വിഷമം പോലെ…
നന്ദന വിട്ടുകൊടുക്കാൻ തയ്യാറല്ല,
” എനിക്ക് ഈ വിവാഹം നടക്കുന്നതിൽ ഇപ്പോൾ എതിർപ്പ് ഒന്നുമില്ല….
നന്ദനയുടെ മുഖത്ത് നോക്കാതെയാണ് പറഞ്ഞത്,
” അങ്ങനെ വരട്ടെ…. ഇത് നിന്റെ നാവിൽ നിന്ന് കേൾക്കാൻ വേണ്ടിയല്ലേ ഞാൻ ഇത്രയും സമയം പറഞ്ഞത്,
നന്ദന അത് പറഞ്ഞതും അവളുടെ ചൊടിയിൽ ഒരു പുഞ്ചിരി വിടർന്നിരുന്നു,
” അതുപോട്ടെ, എന്ത് മന്ത്രവാദത്തിലാ ആള് നിന്നെ ഇത്രയും പെട്ടെന്ന് വശംവദയാക്കി കളഞ്ഞത്,
” ആവോ… ആളൊരു പാവാടി. ഞാൻ എല്ലാ കാര്യങ്ങളും പറഞ്ഞു.
“എല്ലാ കാര്യങ്ങളും..?
പെട്ടെന്ന് നന്ദനയുടെ മുഖത്ത് ഗൗരവം നിറഞ്ഞു,
” അർജുന്റെ കാര്യം ഞാൻ പറഞ്ഞു
” അപ്പോൾ എന്തു പറഞ്ഞു..?
” ആൾക്ക് എന്നെ പരിചയപ്പെട്ടതിനുശേഷം ഉള്ള കാര്യം മാത്രം അറിഞ്ഞാൽ മതി, അതിനുമുമ്പുള്ളതൊന്നും ആളുടെ വിഷയം അല്ലന്ന് പറഞ്ഞു. ഇപ്പൊൾ എനിക്കൊരു സമാധാനമുണ്ട്, ഒന്നും പറയാതെയും അറിയാതെയും അല്ലല്ലോ ഈ കല്യാണം നടക്കുന്നത്,
” ഞാൻ പറഞ്ഞില്ലേ കക്ഷി ഒരു ജന്റിൽമാൻ ആണെന്ന് മുഖം കണ്ടപ്പഴേ എനിക്ക് തോന്നി. നീ കാണിച്ച ഫോട്ടോയിൽ,
” പാവാ വെറും പാവം, വീട്ടുകാർ എന്ന് വച്ചാൽ ജീവനാ, അവർക്ക് വേണ്ടി സ്വന്തം ജീവൻ കൊടുക്കാനും തയ്യാറാവും, സ്നേഹിക്കുന്നവരെ ഒക്കെ ഇങ്ങനെ ഹൃദയത്തിൽ കൊണ്ട് നടക്കുകയാണ്..
അവനെപ്പറ്റി പറഞ്ഞപ്പോൾ പെട്ടെന്ന് അവൾ വാചാലയായി, അവളിലെ മാറ്റം ചെറുചിരിയോടെ നന്ദന നോക്കിയിരുന്നു…..കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]