Kerala

വഖഫ്; ബിജെപിയുടേത് ദുഷ്ടലാക്കോടെയുള്ള ലാഭം കൊയ്യാനുള്ള നീക്കം: പ്രതിപക്ഷ നേതാവിൻ്റേത് പിന്തുണ നൽകുന്ന വാക്കുകളെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുനമ്പം ഭൂമി വിഷയത്തില്‍ മുനമ്പത്തുകാരെ എങ്ങനെ സംരക്ഷിക്കാമെന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ പ്രാധാന്യം നല്‍കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദീര്‍ഘകാലമായി താമസിക്കുന്ന സ്ഥലത്ത് നിന്ന് ഇറങ്ങിപ്പോരേണ്ടി വരുന്നത് വല്ലാത്ത പ്രയാസമുണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് ഒഴിവാക്കാനാണ് മുനമ്പത്ത് എന്താണ് ചെയ്യാന്‍ സാധിക്കുകയെന്ന് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സിഎന്‍ആര്‍ കമ്മീഷനെ നിയോഗിച്ചതെന്നും പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

കമ്മീഷന്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ തന്നെ സമരമിരിക്കുന്നവരോട് റിപ്പോര്‍ട്ട് വരുന്നതുവരെ കാത്തിരിക്കാനുള്ള അഭ്യര്‍ത്ഥന നടത്തിയിരുന്നു. അത് അവര്‍ സ്വീകരിച്ചില്ല. അവര്‍ക്ക് മറ്റ് ചില പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. ചിലര്‍ പറഞ്ഞതില്‍ നിന്നുണ്ടായ പ്രതീക്ഷയാണത്. കുളം കലക്കി മീന്‍ പിടിക്കാമെന്ന രീതിയിലാണ് മുനമ്പം വിഷയത്തില്‍ ചിലര്‍ താല്‍പര്യം കാണിച്ചത്. അതില്‍ ഏറ്റവും മുന്‍പന്തിയില്‍ നിന്നത് ബിജെപിയാണ്. സംഘപരിവാര്‍ അജണ്ടയെന്ന രീതിയിലാണ് ബിജെപി അത് നടപ്പാക്കിയത്’, അദ്ദേഹം പറഞ്ഞു

വഖഫ് ഭേദഗതിയില്‍ മുനമ്പം വിഷയത്തില്‍ ശാശ്വത പരിഹാരമെന്ന പ്രചരണം ചിലര്‍ അഴിച്ചു വിട്ടെന്നും അത് പൂര്‍ണ തട്ടിപ്പാണെന്നാണ് ഇപ്പോള്‍ വ്യക്തമായതെന്നും പിണറായി വിജയന്‍ പറഞ്ഞു. 26ാം അനുച്ഛേദത്തിന്റെ ലംഘനമാണ് പുതിയ വഖഫ് ഭേദഗതി നിയമമെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം അപരവല്‍ക്കരണത്തിനും അതുവഴി രാഷ്ട്രീയ നേട്ടത്തിനുള്ള അവസരമായാണ് സംഘപരിവാര്‍ ഭേദഗതിയെ കണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു

രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളെന്ന ഗണത്തിലാണ് മുസ്‌ലിങ്ങളെയും ക്രിസ്ത്യാനികളെയും ഉള്‍പ്പെടുത്തിയത്. വെറുപ്പിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയമാണ് വഖഫ് ബില്ലിന്റെ ഉള്ളടക്കമായി വന്നത്. അങ്ങേയറ്റം ന്യൂനപക്ഷ വിരുദ്ധമായതും ഭൂരിപക്ഷ വര്‍ഗീയതയെ സംതൃപ്തിപ്പെടുത്തുന്നതുമായ ഒരു നടപടിയിലേക്കാണ് കേന്ദ്ര സര്‍ക്കാര്‍ കടന്നത്’, മുഖ്യമന്ത്രി വിമര്‍ശിച്ചു.

കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവിനെ മുനമ്പത്ത് എത്തിച്ചെങ്കിലും വാര്‍ത്താ സമ്മേളനത്തിലൂടെ ആ രാഷ്ട്രീയവും പൊളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. മുനമ്പം ജനതയ്ക്ക് വഖഫിലൂടെ മാത്രം നീതി ലഭിക്കില്ലെന്ന് കിരണ്‍ റിജിജു തന്നെ പറഞ്ഞെന്നും പ്രശ്‌ന പരിഹാരത്തിന് സുപ്രീംകോടതിയില്‍ നിയമ പോരാട്ടം തുടരാനാണ് കേന്ദ്ര മന്ത്രിയുടെ നിര്‍ദേശമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വഖഫ് ഭേദഗതി ബില്ല് പാര്‍ലമെന്റില്‍ പാസാക്കിയ സവിശേഷ സാഹചര്യം മുതലാക്കി ദുഷ്ടലാക്കോടെയുള്ള ലാഭം കൊയ്യാനുള്ള നീക്കമാണ് ബിജെപി നടത്തിയതെന്നും ഇവിടെ അതിന് പിന്തുണ നല്‍കുന്ന വാക്കുകളാണ് പ്രതിപക്ഷ നേതാവില്‍ നിന്നുണ്ടായതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചു. മുസ്‌ലിം ലീഗിന്റെ നിലപാടിനെതിരെയും അദ്ദേഹം പ്രതികരിച്ചു. തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജുമായി ബന്ധപ്പെട്ട മുസ്‌ലിം ലീഗിന്റെ നിലപാട് ഇരട്ടത്താപ്പിന്റേതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Related Articles

Back to top button
error: Content is protected !!