ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത; ഇൻസ്റ്റഗ്രാമിലെ ഈ ഫീച്ചർ ട്വിറ്ററിലും എത്തി: പ്രധാന മാറ്റം അറിയാം
ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിനായി ഒട്ടനവധി തരത്തിലുള്ള ഫീച്ചറുകളാണ് പ്രമുഖ മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ട്വിറ്റർ അവതരിപ്പിക്കാറുള്ളത്. ഇലോൺ മസ്ക് ഏറ്റെടുക്കുന്നതിന് മുൻപ് വരെ ചുരുക്കം ചില ഫീച്ചറുകൾ മാത്രമായിരുന്നു ട്വിറ്ററിൽ ഉണ്ടായിരുന്നത്. എന്നാൽ, മസ്ക് ട്വിറ്ററിനെ സ്വന്തമാക്കിയതോടെ നിരവധി തരത്തിലുള്ള മാറ്റങ്ങളും, ഫീച്ചറുകളും അവതരിപ്പിച്ചിട്ടുണ്ട്. ഇത്തവണ ഇൻസ്റ്റഗ്രാമിന് സമാനമായ ഫീച്ചറുമായാണ് ട്വിറ്റർ എത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഹൈലൈറ്റ് ഫീച്ചറാണ് ഇത്തവണ ട്വിറ്ററിൽ എത്തിയിരിക്കുന്നത്. ഈ ഫീച്ചറിനെ കുറിച്ച് കൂടുതൽ പരിചയപ്പെടാം.
ട്വിറ്റർ ഉപഭോക്താക്കൾ ദീർഘനാളായി കാത്തിരുന്ന ഫീച്ചറുകളിൽ ഒന്നാണ് ഹൈലൈറ്റ് ഫീച്ചർ. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ പ്രിയപ്പെട്ട ട്വീറ്റുകൾ പ്രത്യേക ടാബിൽ സൂക്ഷിക്കാൻ കഴിയുമെന്നതാണ് ഈ ഫീച്ചറിന്റെ പ്രധാന പ്രത്യേകത. ‘ഹൈലൈറ്റ്’ എന്നാണ് ടാബിന് പേര് നൽകിയിരിക്കുന്നത്. ഹൈലൈറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ട്വീറ്റ് സെലക്ട് ചെയ്തശേഷം, ട്വീറ്റിന്റെ മുകളിൽ വലത് വശത്തായി ദൃശ്യമാകുന്ന മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്ത് ‘ഹൈലൈറ്റ് ചേർക്കുക/ നീക്കം ചെയ്യുക’ എന്ന ഓപ്ഷൻ തിരഞ്ഞെടുത്താൽ മതിയാകും. ഇൻസ്റ്റഗ്രാമിൽ സ്റ്റോറികൾ പ്രൊഫൈലിൽ ഹൈലൈറ്റ് ചെയ്യുന്നതിന് സമാനമാണ് ഈ ഫീച്ചർ.